ഹവായിയില്‍ അഗ്‌നിപര്‍വത സ്‌ഫോടനം നടന്നതിന്റെ വിവിധ ദൃശ്യങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നു. ഹവായിയിലെ കിലൗയെ അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് റോഡിലൂടെ ലാവ ഒഴുകി എത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറല്‍ ആവുകയാണ്. അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് 35 വീടുകളും മറ്റു കെട്ടിടങ്ങളും ലാവയില്‍ മുങ്ങി.1700 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അഗ്‌നിപര്‍വത സ്‌ഫോടനം ഉണ്ടായത്. ഇപ്പോഴും വിഷവാതകങ്ങളും ലാവയും അഗ്‌നിപര്‍വത മുഖത്ത് നിന്നും പ്രവഹിച്ചു കൊണ്ടിരിക്കയാണ്.
നഗരത്തിലെ ഒരു റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിനെ ലാവ മുഴുവനായി മൂടി അത് പൊട്ടിത്തെറിയ്ക്കുന്നതിന്റെ ടൈം ലാപ്‌സ് വീഡിയോ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ഇപ്പോള്‍ സ്ഥലം വിടുക എന്ന അറിയിപ്പ് ലഭിച്ചാല്‍ ഉടന്‍ എല്ലാവരും ഒഴിഞ്ഞുപേകാന്‍ തയ്യാറായി ഇരിക്കണമെന്ന് ഹവായി കൗണ്ടി സിവില്‍ ഡിഫന്‍സ് ഏജന്‍സി അവരുടെ വെബ്‌സൈറ്റിലൂടെ മുന്നറിയിപ്പു നല്‍കി. ലാനിപുര ഗാര്‍ഡന്‍സ് എന്ന സ്ഥലത്തു നിന്നും നേരത്തെ ഒഴിഞ്ഞു പോയവര്‍ തിരികെ വരാന്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും ഇപ്പോഴും വിഷവാതകങ്ങള്‍ ബഹിര്‍ഗമിച്ചു കൊണ്ടിരിയ്ക്കുന്നതിനാല്‍ അവരെ അതില്‍ നിന്നും തടഞ്ഞിട്ടുണ്ട്.
ആദ്യം പൊട്ടിത്തെറി ഉണ്ടായ സ്ഥലത്ത് നിന്നും 12 മൈല്‍ മാറി മറ്റൊരിടത്തും അഗ്നിപര്‍വ്വതത്തില്‍ വിള്ളല്‍ ഉണ്ടായിട്ടുണ്ടെന്നും ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ആ പുതിയ വിള്ളല്‍ രൂപപ്പെട്ടതെന്നും അതില്‍ നിന്നും സള്‍ഫര്‍ഡൈഓക്‌സൈഡ് വാതകം ബഹിര്‍ഗമിച്ചു കൊണ്ടിരിയ്ക്കുന്നതിനാല്‍ അവിടെയുള്ളവര്‍ക്ക് സെല്‍ഫോണിലൂടെ അലെര്‍ട് മെസ്സേജ് അയയ്ക്കുകയായിരുന്നു. ആര്‍ക്കെങ്കിലും ഇതുവരെ ജീവാപായവും ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
ലൈലാനി എസ്‌റ്റേറ്റ് എന്ന പ്രദേശത്തുള്ളവര്‍ക്ക് തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെയും വീട് പരിസരവുമൊക്കെ പോയി നിരീക്ഷിച്ചു വരാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ അവരുടെ വീടുകളുടെ നൂറടിയോളം അകലെ വരെയും വിള്ളലുകള്‍ കണ്ടെത്തിയതായി അവര്‍ പറഞ്ഞു.166 പേരെയാണ് രണ്ടു ക്യാമ്പുകളിലായി മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്.
അഗ്നിപര്‍വ്വത സ്‌ഫോടനത്തോടൊപ്പം 6.9 തീവ്രതയുള്ള ഭൂമികുലുക്കവും അനുഭവപ്പെട്ടിരുന്നുവെന്നും തുടര്‍ ചലനങ്ങള്‍ പ്രതീക്ഷിയ്ക്കാവുന്നതാണെന്നും ഹാവായിയന്‍ വോള്‍ക്കാനോ ഒബ്‌സര്‍വേറ്ററിയുടെ പ്രസ്താവന അറിയിച്ചു. 1975 -നു ശേഷം അനുഭവപ്പെട്ട ഏറ്റവും വലിയ ഭൂചലനമാണിതെന്നും പ്രസ്താവന തുടര്‍ന്ന് പറഞ്ഞു. തിങ്കളാഴ്ച വരെ 142 ഭൂചലനങ്ങള്‍ ഉണ്ടായതായാണ് ഒബ്‌സര്‍വേറ്ററിയുടെ വെബ്‌സൈറ്റില്‍ കാണിയ്ക്കുന്നത്.
1955-ല്‍ 88 ദിവസം തുടര്‍ ചലനങ്ങള്‍ ഉണ്ടാക്കി കൊണ്ട് 4000 ഏക്കറോളം സ്ഥലം ലാവയില്‍ മുങ്ങിപ്പോയതു പോലുള്ള ഒരു സ്ഥിതിയ്ക്ക് സമാനമായ സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നു ജിയോളജിസ്റ്റുകള്‍ പറയുന്നു.
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും വളരെ ദൂരത്താണ് അഗ്‌നിപര്‍വത സ്‌ഫോടനം നടന്നതെങ്കിലും സഞ്ചാരികള്‍ നേരത്തെ ബുക്ക് ചെയ്തിരുന്ന യാത്രകള്‍ റദ്ദാക്കുന്നതിനാല്‍ അഗ്‌നി പര്‍വത സ്‌ഫോടനം വിനോദ സഞ്ചാര മേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.എന്നാല്‍ ഒരു മാസം കൂടി കഴിയുമ്പോള്‍ തണുത്തുറഞ്ഞ ലാവ കാണാനെത്തുന്ന ലാവാ ടൂറിസ്റ്റുകളെ കിട്ടുമെന്ന പ്രതീക്ഷയും ഉണ്ട്.
ഇപ്പോഴും ലാവാ പ്രവാഹം തുടരുകയാണ്.അതി തീവ്ര ഊഷ്മാവിലുള്ള ലാവാ റോഡുകള്‍ക്കടിയിലൂടെ ഒഴുകുമ്പോള്‍ റോഡുകള്‍ വീണ്ടുകീറുകയാണ്. എത്ര വിസ്തൃതിയില്‍ ഇവ പരക്കുമെന്നും, എന്ന്,എപ്പോള്‍ ഇത് നിലയ്ക്കുമെന്നും ഇപ്പോള്‍ തീര്‍ച്ചപ്പെടുത്താനാവില്ലെന്നും യു എസ് ജിയോളജിക്കല്‍ സര്‍വ്വേ വോള്‍കാനോളജിസ്‌റ് വെന്‍ഡി സ്‌റ്റോവല്‍ പറഞ്ഞു. ഇനിയും ഉള്ളില്‍ മാഗ്മ തിളച്ചു കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ തന്നെ കൂടുതല്‍ സ്ഫോടനങ്ങള്‍ പ്രതീക്ഷിയ്ക്കാവുന്നതാണെന്നും വെന്‍ഡി തുടര്‍ന്ന് പറഞ്ഞു.
Leave a Reply