ഫാ.ഹാപ്പി ജേക്കബ്
ആത്മ തപനത്തിന്റേയും പ്രാര്‍ത്ഥനയുടേയും ദിനങ്ങള്‍ ആഗതമായി. പരിശുദ്ധമായ നോമ്പിന്റെ ദിനങ്ങള്‍ പടിവാതില്‍ക്കല്‍ നില്‍ക്കുന്നു. നമ്മെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കന്മാരൊപ്പം മണ്‍മറഞ്ഞ് പോയവരേയും ആത്മീകമായി നമ്മെ പരിപാലിച്ച ആചാര്യന്മാരുടെയും ഓര്‍മ്മ നിലനിര്‍ത്തിക്കൊണ്ടും കാണപ്പെടുന്ന സഹോദരി സഹോദരന്മാരോടും നിരന്നുനിന്നുകൊണ്ടും നമുക്ക് ഈ നോമ്പിനെ സ്വാഗതം ചെയ്യാം. തന്റെ പ്രേക്ഷിത പ്രവര്‍ത്തനത്തിന് നാന്ദിയായി ഈ ലോകത്തിന്റെ സകല മോഹങ്ങളേയും അതിജീവിച്ച് നമ്മുടെ കര്‍ത്താവ് നോമ്പിന്റെ ശക്തിയും ജയവും നമുക്ക് കാട്ടിത്തന്നു. ലോകം ദൈവത്തെ മറന്ന് ജീവിച്ചപ്പോള്‍, ദൈവീക ക്രോധത്തില്‍ നിന്ന് മോചനം നേടുവാന്‍ നോമ്പിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ശക്തി ആര്‍ജ്ജിച്ചതായി നാം വായിക്കുന്നു. സകല ദുഃഖവും സുരക്ഷിതത്വവും വിട്ടകന്ന് രട്ടാലും വെണ്ണീറിലും ഇരുന്നു നിലവിളിച്ച് അനുതാപത്തിലൂടെ ശോധന ചെയ്യപ്പെട്ട് നീതി മാര്‍ഗ്ഗത്തിലേക്ക് തിരിയുന്ന ജനസമൂഹത്തെ നാം മനസിലാക്കുന്നു. യോവേല്‍ 2:12-18.
ഇന്ന് നാം കാണുന്ന എല്ലാ അനുഭവങ്ങളുടെ നടുവിലും ദൈവ നിഷേധവും, ദോഷൈക ജീവിതങ്ങളും പരിശീലിക്കുന്ന ജനങ്ങളുണ്ട്. ഭക്തി എല്ലാറ്റിനും മറയായി കൊണ്ട് നടക്കുന്ന ജനം. ദൈവാലയങ്ങളില്‍ പോലും അവനവന്റെ സൗകര്യം അനുസരിച്ച് ആചാരാനുഷ്ഠാനങ്ങളെ മാറ്റിമറിക്കുന്ന കൂട്ടര്‍. എന്നാല്‍ ഈ നോമ്പ് അപ്രകാരമല്ല മനസുകളെ ശോധന ചെയ്ത്, സഹോദരങ്ങളോട് നിരപ്പായി, തെറ്റുകള്‍ ഏറ്റുപറഞ്ഞ് കണ്ണുനീരിന്റേയും പ്രാര്‍ത്ഥനയുടേയും ദിനങ്ങളായി നമുക്ക് ആചരിക്കാം. കാണപ്പെടുന്ന സഹോദരനോട് നിരപ്പാകാതെ എങ്ങനെ കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കുവാന്‍ കഴിയും. 1 യോഹന്നാന്‍ 4: 20 എല്ലാവരോടും നിരപ്പായി സമാധാനം കൈമാറിയതിന് ശേഷം നോമ്പിലേക്ക് പ്രവേശിക്കുന്നതാണ് അഭികാമ്യം.
ആദ്യ ആഴ്ചയിലെ ചിന്താവിഷയമായി കടന്നുവരുന്നത് യോഹന്നാന്‍ 2:1-11 വരെയുള്ള വാക്യങ്ങളാണ്. അടയാളങ്ങളുടെ ആരംഭമായി കാനായിലെ കല്യാണ വിരുന്നില്‍ പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയ അനുഭവം. ഒരു വലിയ മാറ്റമാണ് നാം ഈ ഭാഗത്തിലൂടെ മനസിലാക്കേണ്ടത്. ”ക്ഷണിക്കപ്പെട്ടവനായ കര്‍ത്താവ്” പരിവര്‍ത്തനം സാധ്യമാകണമെങ്കില്‍ നമ്മുടെ ജീവിതത്തിങ്കലും ക്ഷണിക്കപ്പെട്ട കര്‍ത്താവ് കടന്നു വരണം. പരിശുദ്ധ ദൈവ മാതാവ് മാദ്ധ്യസ്ഥം വഹിക്കുന്നു. നിരാശയുടെ അനുഭവത്തിലും ദൈവ സന്നിധിയിലേക്ക് നാം കടന്നുവരുമ്പോള്‍, മറ്റുള്ളവരെ ദൈവ സന്നിധിയിലേക്ക് അടുപ്പിക്കുവാന്‍ കാരണം ആകും. പിന്നീടുള്ള ജീവിതം അവന്‍ കല്പിക്കും പോലെ ആയാല്‍, അവന്‍ പ്രവര്‍ത്തിക്കുവാന്‍ നമ്മെത്തന്നെ ഏല്‍പിച്ചു കൊടുത്താല്‍ മാറ്റത്തിന്റെ അനുഭവം സാധ്യമാകും. ഇത് അനേകര്‍ക്ക് മാതൃക ആവുകയും ദൈവത്തിങ്കലേക്ക് അടുത്ത് വരുവാന്‍ പ്രചോദനം ആവുകയും ചെയ്യും.
പുറത്ത് ശുദ്ധീകരണത്തിനായി കരുതിയ വെള്ളം ആന്തരീക ആനന്ദത്തിനായി മാറ്റപ്പെട്ടത് പോലെ ഈ നോമ്പും നമ്മെ ഓരോരുത്തരേയും വിശേഷതയുള്ള മക്കളായി രൂപാന്തരപ്പെടുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ശുദ്ധമുള്ള നോമ്പേ സമാധാനത്താലെ വരിക !
Leave a Reply