സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
വിശുദ്ധ നോമ്പിന്റെ എല്ലാ ആഴ്ചകളിലും പ്രധാന വായന ഭാഗം
സൗഖ്യദാന ശുശ്രൂഷകളെക്കുറിച്ചാണ്. വിവിധതരം രോഗങ്ങള്‍
ബാധിച്ചവരെ കര്‍ത്താവ് സൗഖ്യമാക്കുന്നതായി നാം വായിക്കുന്നു .
അവരില്‍ ചിലര്‍ അവന്റെ അടുത്തേക്ക് വരുന്നു, ചിലര്‍ കൊണ്ടുവരുന്നു,
എന്ത് തന്നെ ആയാലും എല്ലാരും സൗഖ്യപ്പെടുന്നതായി നാം കാണുന്നു.
ഇന്നത്തെ പ്രധാന ചിന്തയും മറ്റൊന്നുമല്ല. ഒരു സൗഖ്യദാന ശുശ്രൂഷ
തന്നെയാണ്. ഒരു പ്രത്യേകതയുള്ളത് ഇത് സംഭവിക്കുന്നത്
തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേല്‍ മക്കളുടെ ഇടയില്‍ അല്ല.
ഇസ്രായേല്‍ക്കാര്‍ ജാതികള്‍ എന്ന് അധിക്ഷേപിച്ചിരുന്ന കാനായക്കാരുടെ
ഇടയില്‍ നിന്നുള്ള ഒരു സ്ത്രീയാണ് ഇന്ന് ക്രിസ്തുവുമായി
അടുത്തുവരുന്നത്. വളരെ വ്യക്തമായി ആയി ഈ സംഭവം നമുക്ക്
നല്‍കുന്ന പാഠം, ദൈവം ചിലരുടെ മാത്രം ആവശ്യങ്ങള്‍ക്കു ഉള്ളതല്ല!
സര്‍വ്വ സൃഷ്ടികള്‍ക്കും മതിയായവന്‍ ആണ് എന്നുള്ളതാണ് . ഈ ചിന്തക്ക്
അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന വിശുദ്ധ വേദഭാഗം വിശുദ്ധ
മത്തായിയുടെ സുവിശേഷം 15 ആം അധ്യായം 21 മുതല്‍ 31 വരെയുള്ള
വാക്യങ്ങള്‍ ആണ്.

ദൈവത്തിന്റെ സ്വന്തം ജനമായ ഇസ്രായേല്‍ മക്കളുടെ ഇടയില്‍ നിന്നും
അതിര്‍ത്തിവിട്ട് കുറെ മാറി കര്‍ത്താവ് പോയിരിക്കുകയായിരുന്നു. തന്നെ
എപ്പോഴും പിന്‍പറ്റി കൊണ്ടിരിക്കുന്ന ജനബാഹുല്യവും , കുറ്റവും
കുറവും കണ്ടുപിടിക്കുവാന്‍ തക്കവണ്ണം ഉള്ള പരീശന്മാരുടെ
ശ്രമങ്ങളെയും തടുത്തു നിര്‍ത്തുവാന്‍ ആയിരിക്കാം കര്‍ത്താവ് ഇങ്ങനെ
ഒരു സ്ഥലത്തേക്ക് പോയത്. അവിടെ വച്ചാണ് ഈ കാനായക്കാരി സ്ത്രീ
കര്‍ത്താവിന്റെ അടുക്കലേക്ക് വന്നിട്ട് എന്റെ മകള്‍ക്ക് ഭൂതം
ബാധിച്ചിരിക്കുന്നു സൗഖ്യം തരണമെന്ന് അപേക്ഷിക്കുന്നു. ആരാലും
അറിയപ്പെടാത്ത നാട്ടിലാണ് എങ്കിലും അവള്‍ അഭിസംബോധന ചെയ്യുന്നത്
യേശുവേ, ദാവീദിന്റെ പുത്രാ എന്ന് വിളിച്ചു കൊണ്ടാണ്. ഈ ചോദ്യം കേട്ടിട്ട്
കര്‍ത്താവ് യാതൊന്നും മറുപടി പറയാതെ പോകുന്നത് കണ്ടപ്പോള്‍
ശിഷ്യന്മാര്‍ അവനോടു പറയുന്നു അവള്‍ പിന്നാലെ നടന്നു നമ്മളെ
ശല്യപ്പെടുത്തുന്നു. അതിനാല്‍ അവളെ പറഞ്ഞു അയ്ക്കണമേ എന്ന്. ഇവിടെ
ഒരു കാര്യം വളരെ ശ്രദ്ധേയമാണ്. രോഗ സൗഖ്യം വേണ്ടവര്‍ കര്‍ത്താവിനെ
അന്വേഷിച്ച് അവന്‍ എവിടെയാണോ അവിടെ എത്തിച്ചേരുന്നു. ഇന്നത്തെ
കാലഘട്ടത്തില്‍ ഇതിന് അല്പം മാറ്റം ഉണ്ട് . പല ആളുകളും സൗഖ്യം
നല്‍കുവാന്‍ തക്കവണ്ണം പലരാജ്യങ്ങളും ചുറ്റി നടക്കുകയാണ്. അതിനു
പരസ്യത്തിന്റെ പിന്‍ബലം വേണം, പ്രവര്‍ത്തിക്കാന്‍ ആയിട്ട്
ചെലവു ചെയ്ത് വേദികള്‍ വേണം. അതിലേറെ ഇത് ആകര്‍ഷകമാക്കുവാന്‍
പറ്റിയ ആളുകളും വേണം. ദൈവമാണോ മനുഷ്യനാണോ സൗഖ്യം
നല്‍കുന്നത് എന്ന് പലപ്പോഴും ശങ്കിച്ചു പോയിട്ടുണ്ട്. സൗഖ്യ ദാന
ശുശ്രൂഷകള്‍ ക്രമീകരിച്ചു നടത്തിത്തരുന്ന ഏജന്‍സികള്‍ വരെ ഉണ്ട്
എന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കര്‍ത്താവ് നല്‍കിയ സൗഖ്യ
ദാനങ്ങളെക്കുറിച്ച് നമ്മള്‍ മനസ്സിലാക്കുമ്പോള്‍ ഇപ്രകാരം അല്ല. അവരുടെ
പാപങ്ങളെ രോഗങ്ങളെ തൊട്ടു അറിഞ്ഞു അവരെ സൗഖ്യമാക്കുന്നു.
ദൈവത്തിന് മഹത്വം കൊടുക്കുവാനും ദൈവ കല്പനകള്‍ അനുസരിച്ച്
ജീവിക്കാനുമാണ് സൗഖ്യം നല്‍കി അവരെ അയച്ചത്.
മനുഷ്യന്‍ ഒരുപാട് പുരോഗമിച്ചു എന്ന് അവകാശപ്പെടുമ്പോഴും ജാതിമത
ചിന്തകളും അവയുടെ വേര്‍തിരിവുകളും ഏറ്റവും ഏറിയ ഒരു കാലഘട്ടം
കൂടിയാണിത്. ഇതിലും അപ്പുറം ആണ് ജോലിയുടെ, സമ്പത്തിന്റെ
അടിസ്ഥാനത്തില്‍ വേര്‍തിരിവുകള്‍ നമ്മുടെ ഇടയില്‍ നടത്തിയിരിക്കുന്നത്.
എന്തിനേറെ, സഭയും സമുദായങ്ങളും പോലും മത്സരബുദ്ധിയോടെ
പെരുമാറുന്ന അവസരങ്ങള്‍ നാം കണ്ടിട്ടുണ്ട്. എല്ലാ അതിര്‍വരമ്പുകളും
മാറ്റി ഏവര്‍ക്കും സാധ്യമായ തരത്തില്‍ ദൈവകൃപ എത്തിക്കുന്നതിന്
വിളിക്കപ്പെട്ടവരാണ് നമ്മളോരോരുത്തരും. വിസ്മരിച്ച് പോകുന്ന ഈ
യാഥാര്‍ത്ഥ്യം ഇനിയെങ്കിലും നാം മനസ്സിലാക്കിയെ മതിയാവുകയുള്ളൂ.
ദൈവസന്നിധിയില്‍ നിന്നുള്ള സൗഖ്യവും കൃപകളും സൗജന്യമാണ്.
ഇവയെ പ്രാപിക്കുവാന്‍ എല്ലാവര്‍ക്കും തുല്യ അവസരങ്ങളും ഉണ്ട്.
എന്തുകൊണ്ട് നമുക്ക് ലഭിക്കുന്നില്ല അല്ലെങ്കില്‍ എന്തുകൊണ്ട് നമുക്ക്
അപ്രാപ്യമായി എന്ന് നാം ഒരിക്കലും ചിന്തിക്കാറില്ല. സഹനവും
ക്ഷമയും നൈഷ്ടികമായ ആചാരങ്ങളും നമ്മെ ദൈവത്തോട് അടുപ്പിക്കുന്നു.
ഈ പാതയില്‍ സഞ്ചരിക്കുവാന്‍ അല്‍പം ക്ഷമയും ബോധ്യവും
അതോടൊപ്പം കഠിനാദ്ധ്വാനവും ആവശ്യമാണ്. എന്തിനും കുറുക്കുവഴി
തേടുന്ന നാം ആത്മീയതയുടെ കാര്യത്തിലും അപ്രകാരം
പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നു. ഇന്നത്തെ സൗഖ്യദായകന്‍ മാരും
ധ്യാന ഗുരുക്കന്മാരും ചിലരെങ്കിലും ഇങ്ങനെയുള്ളവരെ വരെ തങ്ങളുടെ
വരുതിയില്‍ വരുത്തുവാന്‍ ഇടയാകുന്നു. പാലിക്കപ്പെടേണ്ട പ്രമാണങ്ങള്‍
പാലിക്കപ്പെടാതെ മറ്റൊരാളുടെ വാക്കുകളില്‍ വീണു
പോകുമ്പോഴാണ് നമ്മുടെ തെറ്റുകള്‍ മനസ്സിലാക്കുന്നത്.
പല സ്ഥലങ്ങളും സന്ദര്‍ശിക്കുവാനും പല നേര്‍ച്ചകളും നേരുവാനും
പലയിടങ്ങളിലും പോയി ധ്യാനം കൂടുവാനും
ആഗ്രഹിക്കുന്നുവരാണെങ്കിലും ദൈവത്തെ കണ്ടെത്തുവാന്‍ പലപ്പോഴും
നാം ശ്രമിക്കാറില്ല. വിശാലവും വീതിയേറിയതുമായ വഴിയിലൂടെ
സഞ്ചരിക്കുവാന്‍ നാം തയ്യാറാകുമ്പോള്‍ ഇടുക്കമുള്ളതും ഞെരുക്കമുള്ളതുമായ സ്വര്‍ഗ്ഗത്തിലേക്കുള്ള വാതില്‍ നാം മറന്നും അറിയാതെയും പോകുന്നു.
തപസ്സും ധ്യാനവും ജീവിത ഭാഗമായി ആജീവനാന്തം ഉള്‍ക്കൊള്ളുന്നവര്‍ക്ക് മാത്രമേ ദൈവസന്നിധിയില്‍ എത്തപ്പെടാന്‍ സാധിക്കുകയുള്ളൂ.
പലവുരു ദൈവസന്നിധിയില്‍നിന്ന് ഉത്തരം ലഭിക്കാതെ
വന്നപ്പോള്‍ ഈ സ്ത്രീ മടങ്ങി പോകേണ്ടതായിരുന്നു. എന്നാല്‍ അടങ്ങാത്ത
ആവേശവും ഒടുങ്ങാത്ത വിശ്വാസവും അവളെ നിലനിര്‍ത്തി.
വിശ്വാസത്തിന്റെയും സഹനത്തിന്റെയും ശക്തി അവള്‍ തെളിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവളുടെ മങ്ങാത്ത വിശ്വാസം കണ്ടിട്ടാണ് കര്‍ത്താവ് അവളോട്
പറഞ്ഞത് ഈ നാഴിക മുതല്‍ നിന്റെ മകള്‍ക്ക് സൗഖ്യം ലഭിച്ചിരിക്കുന്നു
എന്ന് .
നോമ്പ് നമുക്ക് തരുന്നതും വിശ്വാസത്തിലധിഷ്ഠിതമായരിക്കുന്ന
അനുഭവങ്ങള്‍ ആണ്. എന്നാല്‍ പാതി വഴിയില്‍ അല്ല എങ്കില്‍ കാര്യ
സാധനത്തിനു ശേഷം ഉപേക്ഷിച്ചു നാം പോകുമ്പോള്‍ നമ്മുടെ
ബലഹീനതകള്‍ വീണ്ടും നമ്മില്‍ ബലം പ്രാപിക്കുന്നു. അപ്പോള്‍
കുറുക്കുവഴിയിലൂടെ കാര്യം നേടുവാന്‍ നാം തയ്യാറാവുന്നു. നമ്മെ
അന്വേഷിച്ചുവന്ന ദൈവത്തെ കണ്ടെത്തേണ്ടിയിരിക്കുന്നു. അതിനു
മുന്നിട്ടിറങ്ങേണ്ടതും ഒരുങ്ങേണ്ടതും നമ്മള്‍ തന്നെയാണ്. മറ്റൊരാള്‍
പറയുന്ന ദൈവത്തെയല്ല നമ്മുടെ സ്വന്തം ദൈവത്തെ തന്നെ നാം
കണ്ടെത്തണം. മറ്റൊരാളുടെ അനുഭവം കേട്ടു വികാരം
കൊള്ളുന്നതിനെക്കാളും സ്വന്തം അനുഭവങ്ങളില്‍ ദൈവത്തെ
മനസ്സിലാക്കുവാന്‍ നമുക്ക് കഴിഞ്ഞാല്‍ ഈ നോമ്പ് യാഥാര്‍ത്ഥ്യമായി.
ദൈവത്തെക്കുറിച്ച് കേള്‍ക്കുവാന്‍ ദൈവത്തെക്കുറിച്ച് വായിക്കുവാന്‍
എളുപ്പമാണ് എന്നാല്‍ ദൈവീകരാകുവാന്‍ സമര്‍പ്പണം ഉണ്ടായാലേ തീരൂ.
അതും നാം തന്നെ ചെയ്യുക.
ദൈവം അനുഗ്രഹിക്കട്ടെ .
പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍