ശിരസ്സുയര്‍ത്തി നന്മകളെ കാണേണ്ട മനുഷ്യന്‍ തല കുനിക്കേണ്ടി വരുന്നു! അമ്പത് നോമ്പൊരു വിശുദ്ധ പോരാട്ടം. ഫാ. ഹാപ്പി ജേക്കബ്ബ്.

ശിരസ്സുയര്‍ത്തി നന്മകളെ കാണേണ്ട മനുഷ്യന്‍ തല കുനിക്കേണ്ടി വരുന്നു! അമ്പത് നോമ്പൊരു വിശുദ്ധ പോരാട്ടം. ഫാ. ഹാപ്പി ജേക്കബ്ബ്.
March 14 07:39 2021 Print This Article

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ശീതകാലം കഴിഞ്ഞ് വസന്തത്തിലേക്ക് കടക്കുമ്പോള്‍
നമ്മള്‍ അധിവസിക്കുന്ന ഈ ദേശത്ത് ഉയര്‍ന്നുവരുന്ന ഒരു
ചെടിയാണ് ഡാഫൊഡില്‍സ്. ഒരുപാട് ചിന്തകള്‍ക്കും ചിന്തകര്‍ക്കും
പ്രചോദനം ആയിട്ടുള്ള ഒരു ചെടിയാണിത്. കൂട്ടത്തോടെ
വളര്‍ന്ന് പൂത്തുനില്‍ക്കുമ്പോള്‍ ദൂരെനിന്ന് പോലും കാണുവാന്‍ വളരെ
സൗന്ദര്യമുള്ള ഒരു അവസ്ഥയാണ്. അതുമാത്രമല്ല ശീതകാലത്തിന്റെ
വിരസതകള്‍ അകന്ന് സൂര്യപ്രകാശത്തിന്റെ കിരണങ്ങള്‍
നമ്മുടെ സന്തോഷം ഉണര്‍ത്തുവാന്‍ സഹായിക്കുന്നു. എന്നാല്‍
ഓരോ ചെടിയും നാം സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഈ
പൂക്കള്‍ ഓരോന്നും തന്നിലേക്ക് തന്നെ നോക്കുന്ന ഒരു
അനുഭവമാണ് കാണുന്നത്. നമ്മുടെ ചുറ്റുപാടും
നടക്കുന്നതൊന്നും അറിയാതെ തന്നിലേക്ക് തന്നെ നോക്കി
ജീവിക്കുന്ന ആളുകളെ ഈ ചെടിയോട് ഉപമിക്കാറുണ്ട്.
പതിനെട്ടു സംവത്സരമായി നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത
ഒരു സ്ത്രീയെ കര്‍ത്താവ് സൗഖ്യമാക്കുന്ന ചിന്തയാണ് ഈ
ആഴ്ചയില്‍ നാം ധ്യാനിക്കുന്നത് . അവള്‍ ഈ
അവസ്ഥയില്‍ ആകുവാന്‍ കാരണം ഒരു ദുരാത്മാവ് അവളെ
ബാധിച്ചത് കൊണ്ടാണ് . യേശു അവളെ കണ്ട ഉടന്‍ തന്നെ
അടുത്ത് വിളിച്ച് നിന്റെ രോഗ ബന്ധനം അഴിഞ്ഞിരിക്കുന്നു
എന്ന് പറഞ്ഞു. ഉടന്‍ തന്നെ അവള്‍ നിവര്‍ന്നു നിന്ന് ദൈവത്തെ
മഹത്വപ്പെടുത്തി. വിശുദ്ധ ലൂക്കോസിന്റെ സുവിശേഷം
പതിമൂന്നാം അദ്ധ്യായം 10 മുതല്‍ 17 വരെയുള്ള ഭാഗങ്ങളാണ്
ഇതിന് ആധാരമായിരിക്കുന്നത്.
നിവര്‍ന്നു നില്‍ക്കുവാന്‍ അനുഗ്രഹം ലഭിച്ച മനുഷ്യന്‍ പല
അവസരങ്ങളിലും തല ഉയര്‍ത്തി ചുറ്റുപാടുള്ളതൊന്നും
കാണുവാന്‍ ശ്രമിക്കുന്നില്ല. അത് മാത്രമല്ല ദൈവമുഖത്തേക്ക്
നോക്കി അപേക്ഷിക്കാനോ പ്രാര്‍ത്ഥിക്കുവാനോ പോലും
കഴിയുന്നില്ല. പാപഭാരവും തന്‍ കാര്യവും നമ്മെ വല്ലാതെ
ഭാരപ്പെടുത്തുന്നു . ഈ മഹാവ്യാധിയില്‍ ധാരാളം
കുടുംബങ്ങള്‍ സമൂഹവുമായുള്ള ബന്ധം ഇല്ലാതെ ഒറ്റപ്പെട്ടു
കഴിയുന്നു . ഏകാന്തതയിലും രോഗങ്ങളിലും
കഴിയുന്ന ധാരാളം പേര്‍ നമ്മുടെ ചുറ്റിലുമുണ്ട്. സ്വയം അല്ലാതെ മറ്റുള്ളവരെ
കാണുവാന്‍ നമുക്ക് കഴിഞ്ഞില്ല എങ്കില്‍ നാം ചിന്തിക്കുക
ദുരാത്മാവ് നമ്മെയും ബാധിച്ചിരിക്കുന്നു. പരിമിതികള്‍ ധാരാളം
ഉണ്ടെങ്കിലും ആ പരിമിതികള്‍ക്കുള്ളില്‍ നിന്ന് അല്പം സാധ്യത
നാം കണ്ടെത്തേണ്ടതുണ്ട്.

മഹാ വ്യാധികളും അതുമൂലമുള്ള കഷ്ടതകളും നമ്മെ അധികം
ബാധിച്ചിട്ടില്ല എങ്കിലും ജീവിതം തന്നെ താറുമാറായ അനേകം
കുടുംബങ്ങള്‍ നമ്മുടെ ഇടയില്‍ ഉണ്ട്. നോമ്പില്‍ നമ്മെ
ബാധിച്ചിരിക്കുന്ന ഈ കൂന് മാറി അല്‍പമെങ്കിലും തലഉയര്‍ത്തി
മറ്റുള്ളവരെ കൂടി കരുതുവാന്‍ നാം ശ്രമിക്കുക. അങ്ങനെ നമ്മള്‍
നിര്‍വ്വഹിക്കുമ്പോള്‍ നിശ്ചയമായിട്ടും ദൈവത്തിന്റെ അനുഗ്രഹം
ധാരാളമായി നമുക്ക് ലഭിക്കും. എന്നാല്‍ പല അവസരങ്ങളിലും
നമ്മളിലുള്ള അനുഗ്രഹങ്ങളെ തിരിച്ചറിയുവാന്‍ നമുക്ക് പോലും
കഴിയാതെ വരുന്നു. ശിക്ഷ്യന്മാര്‍ നേടിയ അല്പം അപ്പക്കഷണങ്ങള്‍
ദൈവസന്നിധിയില്‍ ആയി സമര്‍പ്പിച്ചപ്പോള്‍ അത് അധികമായി
വര്‍ദ്ധിക്കുകയും അനേകരിലേക്കു അത് എത്തുകയും ചെയ്തു.
എത്ര ആയിരങ്ങള്‍ക്കാണ് അതുമൂലം തൃപ്തി വന്നത്.
ഈ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുവാന്‍ നമ്മള്‍ പല
കാരണങ്ങളും കണ്ടെത്താറുണ്ട്. ചിലപ്പോള്‍ സ്വഭാവികമായി
പ്രതിബന്ധങ്ങള്‍ നമ്മുടെ ജീവിതത്തില്‍ കടന്നു വന്നേക്കാം. എന്നാല്‍
മറ്റുചിലര്‍ ഇതിനുവേണ്ടി കാരണങ്ങള്‍ തന്നെ ഉണ്ടാക്കിയെടുക്കുന്നു.
എല്ലാവരുടെയും ജീവിതം പ്രശ്‌നസങ്കീര്‍ണ്ണമാണ്, ആരും
വ്യത്യസ്തരല്ല . രാജകുടുംബത്തില്‍ പോലും ഉണ്ടായിട്ടുള്ള ഉള്ള
പ്രശ്‌നങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ലേ? ചിലര്‍
ഉത്തരവാദിത്വങ്ങളും ചുമതലകളും എല്‍ക്കുവാന്‍ ശ്രമിക്കുമ്പോള്‍
മറ്റു ചിലര്‍ ഉള്ള പദവി കൂടി ഇട്ടേച്ചു പോകുന്നു. ശാന്തമായി
നാം ചിന്തിക്കുമ്പോള്‍ സമാധാനവും അനുഗ്രഹങ്ങളും സമ്പത്തിലും
അധികാരത്തിലും അല്ല അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് എന്ന്
നമുക്ക് മനസ്സിലാക്കാം. അത് ദൈവകൃപ എന്ന് തിരിച്ചറിയുകയും
പരിപാലിക്കുവാന്‍ നാം ശ്രമിക്കുകയും ചെയ്യുമ്പോഴാണ്
അനുഗ്രഹങ്ങള്‍ നമ്മില്‍ പൂര്‍ണമാകുന്നത്.
അന്ധകാരത്തിന്റെയും അഹങ്കാരത്തിന്റെയും കൂനുകള്‍ എല്ലാം
മാറ്റിയേ മതിയാവുകയുള്ളൂ. സ്വയം വന്നിട്ടുള്ളതും കാലങ്ങള്‍
തന്നിട്ടുള്ളതുമായ കൂനുകള്‍ കാരണം നമ്മുടെ ശിരസ്സ്
ഉയരുവാന്‍ ഇടയാകാതിരിക്കുന്നുണ്ട്. അതുകാരണം
ദൈവത്തെയോ ദൈവ സൃഷ്ടിയെയോ കാണുവാന്‍ നമുക്ക് കഴിയാതെ
പോകുന്നു. എന്നാല്‍ സൗഖ്യപ്പെടണം മാറ്റം വരണം എന്ന ചിന്ത
നമ്മളില്‍ ഉണ്ട് എങ്കില്‍ ദൈവസന്നിധിയില്‍ അതിനു
പരിഹാരവുമുണ്ട്. വേറെ ചിലര്‍ സാധാരണ പറയാറുണ്ട്
സമൂഹം ഏല്‍പ്പിച്ച ഭാരതാല്‍ എന്റെ തല താഴ്ന്നിരിക്കുന്നു എന്ന്. സ്വന്തം പ്രവര്‍ത്തികള്‍ കൊണ്ട് കുടുംബത്തിലോ
സമൂഹത്തിലോ തലയുയര്‍ത്താന്‍ കഴിയാത്തവരും ഉണ്ട്.

ഇങ്ങനെ നീണ്ടു പോകുന്ന കാരണങ്ങള്‍ നമുക്ക് ചുറ്റിലും
ഉള്ളപ്പോള്‍ അതിനു ഒരേ ഒരു പരിഹാരം മാത്രമേ
നിര്‍ദ്ദേശിക്കുവാന്‍ ഉള്ളൂ. ദൈവസന്നിധിയിലേക്ക് കടന്നുവരിക.
ദൈവമുമ്പാകെ സമര്‍പ്പിക്കുക. നിങ്ങള്‍ എന്റെ അടുത്ത് വരുവിന്‍
,നിങ്ങളുടെ ഭാരങ്ങളെ ഞാന്‍ എടുത്തു കൊള്ളാം എന്ന്
പറഞ്ഞുകൊണ്ടാണ് നമ്മെ വിളിച്ചിരിക്കുന്നത്. പാപമോ
ഭാരമോ ദുഃഖമോ രോഗമോ എന്തു തന്നെ ആയിക്കൊള്ളട്ടെ, നാം
ദൈവസന്നിധിയില്‍ ആയി സമര്‍പ്പിച്ചാല്‍ അതിനു പരിഹാരം ഉണ്ട്.
അതിനെ ഒളിച്ചോട്ടമോ സ്വയം നീതീകരണമോ സ്വയം ചികിത്സയോ
ആവശ്യമില്ല. ദൈവം നിന്റെ തോളില്‍ നിന്ന് ഭാരങ്ങളെ മാറ്റി
നിവര്‍ന്നു നില്‍ക്കുവാനും സമൂഹത്തെയും സൃഷ്ടികളെയും
ദൈവത്തെയും കാണുന്ന അനുഭവത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുമെന്നുള്ളത്
നിശ്ചയം. ഈ നോമ്പിന്റെ അനുഷ്ഠാനങ്ങളും പ്രാര്‍ത്ഥനകളും
നമ്മെ അപ്രകാരം ഉള്ള ഒരു മോചനം തന്നു കാത്തു
പരിപാലിക്കട്ടെ. നമുക്ക് ഭാരങ്ങളും വേദനകളും എത്രമാത്രം
ഉണ്ടായാലും അത് ഡാഫൊഡില്‍ ചെടി പോലെ നമ്മളിലേക്ക്
തന്നെ ഒതുങ്ങി നമ്മള്‍ ജീവിക്കുമ്പോഴും ദൂരെ കാണുന്ന ആ
മനോഹരത്വം സമൂഹത്തില്‍ പകര്‍ന്നുകൊടുക്കുവാന്‍ നമുക്ക്
സാധിക്കട്ടെ.
ദൈവാനുഗ്രഹത്തിനു വേണ്ടി സമര്‍പ്പിക്കുന്നു
പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles