സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.

മഹാമാരിയുടെ താണ്ഡവം കുറഞ്ഞോ കൂടിയോ എന്നുള്ളതല്ല ഇന്നും
നാം ജീവനോടെ ഇരിക്കുന്നു എന്നുള്ള യാഥാര്‍ത്ഥ്യമാണ് ഏറ്റവും
പരമമായ സത്യം. നാം പരിപാലിച്ചു വന്ന ജീവിതസാഹചര്യങ്ങള്‍
പോലെയല്ല സ്വപ്നങ്ങളില്‍ പോലെ ഭയപ്പെടുത്തുന്ന ചില
അവസ്ഥകളില്‍ ആണ് നമ്മള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ലക്ഷക്കണക്കിന് ജീവനുകള്‍ അപായപ്പെട്ടു, അനേകായിരം തൊഴില്‍ ശാലകള്‍ പൂട്ടപ്പെട്ടു, വിദ്യാഭാസം അലങ്കോലപ്പെട്ടു ഇങ്ങനെ ആയിരം ആയിരം ചലനങ്ങള്‍ നമ്മള്‍ അഭിമുഖീകരിക്കേണ്ടി വന്നു. ഈ കഴിഞ്ഞ വര്ഷം ആണോ അതോ വരുവാനുള്ളത് ആണോ ഭയാനകം എന്നെ ഇനി അറിയാനുള്ളൂ.

കലുഷിതമായ ഈ അവസ്ഥകള്‍ക്ക് നടുവിലും പല പല നല്ല
അവസരങ്ങളും നമുക്ക് വീണുകിട്ടി. കുടുംബത്തോടെ സമയം
ചെലവിടാനും ഒരുമിച്ച് പ്രാര്‍ത്ഥിപ്പാനും ഒരുമിച്ച് ഭക്ഷണം
കഴിക്കുവാനും ദൈവം നമുക്ക് അവസരം തന്നു. എന്നാല്‍ ഇപ്പോള്‍
ആളുകള്‍ പങ്കുവെക്കുന്നത് ഒരുമിച്ച് ലഭിച്ച സമയങ്ങള്‍ സൂക്ഷ്മമായി
ചെലവാക്കുന്നതിനുപകരം പരസ്പരം പോരടിക്കുന്നതിനും വഴക്ക്
ഉണ്ടാക്കുന്നതിനും കാരണമാകുന്നു. എത്ര വികലമായ മനസ്സിന്റെ
ഉടമകളാണ് മനുഷ്യരെന്ന് ഇത് തെളിയിക്കുന്നു. ഈ മഹാമാരി നമ്മെ
എന്തു പഠിപ്പിച്ചു, അതോ നാം അതിജീവിച്ചു എന്ന് കരുതുന്നോ;
ഒരുപാടു ചോദ്യങ്ങള്‍ മുന്‍പില്‍ നില്കുന്നു.

നോമ്പില്‍ ഒരാഴ്ച പിന്നിടുന്ന ഈ കാലയളവില്‍ രോഗത്തില്‍ വലയുന്ന
ഒരു വ്യക്തിയെ കര്‍ത്താവ് സംരക്ഷിച്ച് സുഖപ്പെടുത്തുന്ന ഭാഗമാണ്
മാത്രമാണ് വായിക്കുന്നത്. വിശുദ്ധനായ ലൂക്കോസ് സുവിശേഷം അഞ്ചാം അധ്യായം അതിന്റെ 12 മുതല്‍ 16 വരെയുള്ള വേദഭാഗം ആണ്
ആധാരമായിട്ടുള്ളത്. നമ്മുടെ കര്‍ത്താവ് ഒരു പട്ടണത്തില്‍ ഇരിക്കുമ്പോള്‍ ശരീരം മുഴുവനും കുഷ്ഠം ബാധിച്ച ഒരു മനുഷ്യന്‍ അവനോട് പറയുകയാണ്, കര്‍ത്താവെ നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ
സഖ്യമാക്കുവാന്‍ കഴിയും. എനിക്ക് മനസ്സുണ്ട് നീ സൗഖ്യമാകുക എന്ന്
കര്‍ത്താവ് പ്രതിവതിച്ച ഉടനെ അവന് സൗഖ്യം ലഭിച്ചു. എത്ര
മഹത്തായ അത്ഭുതമാണ് ഇവിടെ സംഭവിച്ചത്. ഏവരാലും
തള്ളപ്പെടുകയും നഗരത്തിന് പുറത്താക്കുകയും ചെയ്ത വ്യക്തിയെയാണ്
കര്‍ത്താവ് ഇങ്ങനെ സൗഖ്യം ആക്കിയത്.

ഇന്നാരുന്നെങ്കില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നേനെ. കര്‍ത്താവ് പറഞ്ഞു ഇത് ആരോടും പറയരുത്. സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള സമ്പര്‍ക്കം അതാണ് ഇതില്‍ കാണുന്നത്. ഈ ബന്ധത്തിന് ഇന്നത്തെ കാലയളവില്‍ ഉലച്ചില്‍ സംഭവിച്ചിട്ടില്ലേ ഒന്ന് തിരിഞ്ഞു നോക്കുക. ചെറിയ പ്രയാസം ഉണ്ടെങ്കിലും അത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് പ്രഗല്‍ഭരാകുവാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ നമ്മുടെ ഇടയില്‍ ഉള്ളവര്‍. അത് പോലെ അനുഭവസ്ഥരോട് ചോദിച്ചു മനസിലാക്കുവാന്‍
താല്പര്യമില്ലാതെ ഗൂഗിള്‍നെ ദൈവതുല്യരായി കരുതുന്നവരുമുണ്ട്.

അങ്ങനെ ദൈവദത്തമായ ജീവിതത്തെ  മതിമറന്ന് ഉപയോഗിക്കുന്നതുകൊണ്ട് കൊണ്ട് ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത പല അനുഭവങ്ങളും ഇന്ന് നമ്മുടെ ചുറ്റും നടമാടുന്നു . സൂക്ഷ്മമായത് സൂക്ഷ്മമായി പരിഗണിക്കുവാനും പ്രഘോഷിക്കേണ്ടത് അത് പ്രഘോഷിക്കുവാനും നമുക്ക് ബുദ്ധി നല്‍കിയിട്ടുണ്ട് . എന്നാല്‍ നമ്മള്‍ക്ക് ഈ വേര്‍തിരിവ് മറന്നു പോകുന്നു. ദൈവത്തോടുള്ള ബന്ധം നിലനിര്‍ത്തുവാന്‍ താല്‍പര്യപ്പെടാതെ ഭൗതികമായ പ്രൗഡിക്കുവേണ്ടി
എത്രമാത്രം തത്രപ്പെടുന്നു. സാമൂഹികമായ ഔന്നിത്യം നാം പ്രാപിച്ചു
എന്ന് വിചാരിക്കുന്നു എങ്കില്‍ അതിനു നമ്മെ
അടിസ്ഥാനപ്പെടുത്തിയ ദൈവീകമായ ചിന്ത മറന്നു പോയാല്‍
അധാര്‍മികത ആയിരിക്കും നടമാടുന്നത്. കൊലപാതകവും ആത്മഹത്യയും ദിനം പ്രതി നമുക്ക് ചുറ്റും നടക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭാരത ചരിത്രത്തില്‍ ആദ്യമായി ഒരു സ്ത്രീയെ തൂക്കിക്കൊല്ലാന്‍
വിധിക്കുന്നത് ആദ്യമായാണ്. സ്ത്രീയെ ആരാധിക്കുന്ന നാട്ടില്‍ ഒരു സ്ത്രീ കൊലപാതകി ആയെങ്കില്‍ എത്രമാത്രം നാം താഴോട്ട് പോയി എന്ന്
മനസ്സിലാക്കാമല്ലോ. കാരണങ്ങള്‍ ഒരുപാടു ഉണ്ടായിരിക്കാം. ഈ പറഞ്ഞത് കഥയല്ല സംഭവമാണ്. പരിശുദ്ധമായ ജീവിതം കാത്തുസൂക്ഷിക്കേണ്ട ഒരു സ്ത്രീ, ഒരു അമ്മ, ഒരു സഹോദരി ഇത്രമാത്രം കഠിനമായ പാപം ചെയ്യുവാന്‍ ഇടയായതില്‍ നാം ലജ്ജിക്കേണ്ടതല്ലേ. സങ്കീര്‍ത്തനം ഓര്‍മിപ്പിക്കുന്നു മാനത്തോടിരിക്കുന്ന മനുഷ്യന്‍ വിവേകഹീനാനായാല്‍ അവന്‍ നശിച്ചുപോകുന്ന മൃഗങ്ങള്‍ക്ക് തുല്യമത്രേ. ഈ യാഥാര്‍ത്ഥ്യം അല്ലേ നാം കാണുന്നത് നമുക്ക് ചുറ്റും. ഓരോ കാരണങ്ങള്‍ കണ്ടെത്തി നാം ദൈവത്തില്‍നിന്ന് അകലുകയാണ്. എന്നാല്‍ ഈ കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ പലപ്പോഴായി ദൈവം തന്നിട്ടുള്ള അനുഗ്രഹങ്ങളെ നാം മനസ്സിലാക്കാതെ പോകുന്നതുകൊണ്ടാണ്.

സമ്പത്ത് ലഭിച്ചവന്‍ അവന്‍ അതുകൊണ്ട് നീചമായതു ചെയ്യുന്നു,
ആരോഗ്യം ലഭിച്ചവര്‍ അതുകൊണ്ടു മോശം പ്രവര്‍ത്തിയില്‍
ഏര്‍പ്പെടുന്നു. വീടുള്ളവന് അതില്‍ നിന്ന് ദൈവത്തെ സ്തുതിക്കുവാന്‍
വയ്യ. ജോലി ഉള്ളവന് അതില്‍ ദൈവത്വം കാണുവാന്‍ കഴിയുന്നില്ല.
അങ്ങനെ പല കാരണങ്ങളാല്‍ നാം ദൈവത്തില്‍ നിന്ന് അകന്നു
ജീവിക്കുമ്പോള്‍ ആണ് സമൂഹം അകറ്റിനിര്‍ത്തിയ ഒരുവന്‍
ദൈവസന്നിധിയിലേക്ക് അടുത്തുവരുന്നത്. അതിന് അവനു വ്യക്തമായ
ധാരണയുണ്ട്. നാം പറയുംപോലെ വെറുതെ ഒരു ശ്രമം ആയിട്ടല്ല
അവന്‍ ദൈവമുൻപാകെ വന്നത്. ലോകത്തിലെവിടെയും ലഭിക്കുവാന്‍
സാധ്യമല്ലാത്ത ലോകത്തുള്ള ഒരുവനും പകരുവാന്‍ സാധ്യമല്ലാത്ത
കൃപാവരം തരുവാന്‍ തയ്യാറായ കര്‍ത്താവിന്റെ അടുത്തേക്കാണ്
അവന്‍ വന്നത്. അവന്‍ അശുദ്ധന്‍ ആണെന്ന് അവനറിയാം ദൈവമുമ്പാകെ ആകെ കടന്നുവരുവാന്‍ പ്രാപ്തി ഇല്ലാത്തവനാണ് എന്നറിയാം സമൂഹം ഒറ്റപ്പെടുത്തും എന്നും അവനറിയാം എന്നാലും അവന്‍ കടന്നു വന്നു. എല്ലാ പ്രതിബന്ധങ്ങളേയും മാറ്റി വെച്ച് അവന്‍ കടന്നു വന്നു.

ഇനി ചോദ്യം നേരിട്ട് തന്റെ സൃഷ്ടാവിനോടാണ്.  എന്നെ സൗഖ്യമാക്കുവാന്‍ കഴിയുമോ, ചോദ്യം കേട്ട പാടെ എനിക്ക് കഴിയും
എന്ന് മറുപടി.. എത്ര പെട്ടെന്നാണ് ലക്ഷ്യം സാധിച്ചെടുക്കാന്‍
കഴിഞ്ഞത്. നമ്മുടെ ജീവിതത്തില്‍ വളരെ നിസാരമായ എന്തെങ്കിലും
സംഭിവിച്ചാല്‍ മറ്റു മാർഗ്ഗങ്ങൾ എല്ലാം ശ്രമിക്കും. വേറൊരു
നിവര്‍ത്തിയും ഇല്ലാതെ വരുമ്പോള്‍ ദൈവത്തെ അന്വേഷിക്കും.
ഈ നോമ്പ് ഒരു ലക്ഷ്യത്തിനു വേണ്ടിയാണ് . അത് ഒരു കാര്യം
കാര്യസാധ്യത്തിനുവേണ്ടി അല്ല. ലക്ഷ്യം എന്തെന്ന് വെച്ചാല്‍ അത്
ദൈവസാന്നിതിലേക്ക് അടുത്ത് വരിക എന്നുള്ളതാണ്. അത് ഒട്ടും
നിസ്സാരമല്ല.

ഈ കുഷ്ഠരോഗിയെ പോലെ ഒരുപാട് പ്രതിബന്ധങ്ങള്‍ ചാടി കടന്നെ അവിടെ എത്തിച്ചേരുവാന്‍ പറ്റുകയുള്ളൂ. നമ്മുടെ സമൂഹം നമ്മെ ഒറ്റപെടുത്തിയേക്കാം, വീട്ടുകാര്‍ ഒഴിവാക്കിയേക്കാം. കൂട്ടുകാര്‍ പിന്തിരിഞ്ഞു പോയേക്കാം .ഇതിനേക്കാളൊക്കെ
ശ്രേഷ്ടമായതിന് വേണ്ടി ഇതെല്ലാം നിസ്സാര വൽക്കരിച്ചാൽ മാത്രമേ
ലക്ഷ്യത്തിണ് അടുത്ത് വരുവാന്‍ സാധിക്കുകയുള്ളു. രോഗങ്ങളുടെ തീവ്രത മാറി സാധാരണ ജീവിതം സാധ്യമാകുവാന്‍ കഴിയുമോ എന്നറിയില്ല. എന്നാലും ഉള്ള അവസ്ഥയില്‍ ദൈവത്തെ
തിരയുന്ന സമൂഹം കെട്ടി ഉയര്‍ത്തുവാന്‍ നമുക്ക് സാധിക്കണം.

സൃഷ്ട്ടി എന്തൊക്കെ ആണെന്നും സൃഷ്ട്ടാവ് ആരെന്നും നാം തിരിച്ചറിഞ്ഞാല്‍ അതൊരു യാത്രയുടെ തുടക്കം ആണ്. ദൈവത്തിലേക്കുള്ള ഒരു പ്രയാണം ആണ്. പ്രതീക്ഷയും പ്രത്യാശയും പ്രകാശവുമായിരിക്കണം അവിടെ ലക്ഷത്തിന് കൂട്ടായി കൊണ്ടുവരേണ്ടത്. എന്റെ ദൈവത്താല്‍ ഞാന്‍ മതില്‍ ചാടി കടക്കും എന്ന് സങ്കീര്‍ത്തനകാരനെ പോലെ പാടുവാനും വിശ്വസിക്കുവാനും പ്രവര്‍ത്തിക്കുവാനും ഈ നോമ്പുകാലത്ത് നമുക്ക് സാധ്യമാകട്ടെ.

സ്‌നേഹത്തിലും പ്രാര്‍ത്ഥനയിലും
ഹാപ്പി ജേക്കബ് അച്ചന്‍