ന്യൂഡൽഹി∙ പുതിയ കേന്ദ്രമന്ത്രിസഭയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നു പ്രാതിനിധ്യം കുറവ്. രണ്ടാം യുപിഎ മന്ത്രിസഭയിൽ 9 മന്ത്രിമാരുണ്ടായിരുന്ന തമിഴ്നാടിന് രണ്ടാം മോദി മന്ത്രിസഭയിൽ ഒറ്റ മന്ത്രിപോലുമില്ല. ആന്ധ്രപ്രദേശിനും സ്ഥിതി വ്യത്യസ്തമല്ല.
ബിജെപി എഐഎഡിഎംകെ സഖ്യത്തിന് ഒറ്റ സീറ്റ് മാത്രമാണ് തമിഴ്നാട്ടിൽ നേടാനായത്. 37 സീറ്റിൽ ഡിഎംകെ കോൺഗ്രസ് സഖ്യമാണ് വിജയിച്ചത്. തമിഴ്നാട്ടിൽ നിന്നും ഒറ്റ മന്ത്രിമാരെപ്പോലും നിയമിക്കാത്തതിലൂടെ എഐഡിഎംകെയെ മാത്രമല്ല തമിഴ്നാടിനെ പൂർണമായും തള്ളിക്കളഞ്ഞതാണ് സൂചിപ്പിക്കുന്നതെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് കെ.എസ്.അളഗിരി പറഞ്ഞു. നിർമല സീതാരാമൻ, എസ്. ജയശങ്കർ എന്നിവർ കേന്ദ്രമന്ത്രിമാരാണെങ്കിലും തമിഴ്നാടുമായി ഇവർക്ക് യാതൊരു ബന്ധവുമില്ല. ഒറ്റ ബിജെപി നേതാവിനെപ്പോലും രാജ്യസഭ വഴി മന്ത്രിയാക്കാൻ ബിജെപി തയാറായില്ല. കേന്ദ്രസർക്കാറിന് തമിഴ്നാടുമായി യാതൊരു ബന്ധവുമില്ല. എങ്ങനെയാണ് സംസ്ഥാന താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുക എന്നും അദ്ദേഹം ചോദിച്ചു.

എന്നാൽ കാബിനറ്റ് പൂർണമായിട്ടില്ലെന്നും വൈകാതെ കൂടുതൽ പേരെ ഉൾപ്പെടുത്തുമെന്നായിരുന്നു മുതിർന്ന ബിജെപി നേതാവിന്റെ പ്രതികരണം. ആന്ധ്രാപ്രദേശിനും കേന്ദ്രസർക്കാരുമായി ബന്ധമില്ലെന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 2016ൽ രാജ്യസഭയിലൂടെ തിരഞ്ഞെടുത്ത ഒറ്റ എംപി മാത്രമാണ് ബിജെപിക്ക് ആന്ധ്രയിലുള്ളത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ആന്ധ്രപ്രദേശിൽനിന്ന് ഒരു സീറ്റുപോലും നേടാൻ ബിജെപിക്കായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുപിഎയുടെ കാലത്ത് കോൺഗ്രസിന് 30ലധികം എംപിമാരും ഏഴ് മന്ത്രിമാരും അവിഭക്ത ആന്ധ്രയിലുണ്ടായിരുന്നു. വിഭജനത്തിനു ശേഷം വന്ന തെലങ്കാനയിൽ നാല് സീറ്റിൽ ബിജെപി ജയിച്ചു. എന്നാൽ ഇവിടെയും കാബിനറ്റ് മന്ത്രിമാരില്ല. എസ്‌സി, എസ്ടി, ഒബിസി വിഭാഗത്തിൽ പെട്ട ആരും കേന്ദ്രമന്ത്രി സഭയിലില്ലെന്നതും രാഷ്ട്രീയ രംഗത്തുള്ളവരെ നിരാശരാക്കുന്നു.

വളരെ കുറച്ച് എംപിമാർ മാത്രമെ ദക്ഷിണേന്ത്യയിൽ നിന്നും ബിജെപിക്കുള്ളു. എന്നാൽ മികച്ച പരിഗണനയാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നൽകിയതെന്ന് കേരള ബിജെപി അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. ഒറ്റ സീറ്റ് പോലും ഇല്ലാതിരുന്നിട്ടും കേരളത്തിൽനിന്നും വി.മുരളീധരനെ മന്ത്രിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ എംപിയാണ് മുരളീധരൻ. കൂടുതൽ സീറ്റ് നേടാനായ കർണാടകയിൽനിന്നു മാത്രമാണ് മൂന്ന് മന്ത്രിമാരുള്ളത്. ധനമന്ത്രി നിർമല സീതാരാമൻ കർണാടകയിൽ നിന്നുള്ള രാജ്യസഭാ എംപിയാണ്.