ജോൺ കുറിഞ്ഞിരപ്പള്ളി

പതിവുപോലെ ഇന്നും വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പുറപ്പെടാൻ അയാൾ താമസിച്ചു പോയി . തിരക്കിട്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു പുറപ്പെടാൻതുടങ്ങിയപ്പോഴാണ് ഹെൽമെറ്റ് എടുത്തില്ല എന്ന് ഓർക്കുന്നത്. അല്പം കൂടി നേരത്തെ ഇറങ്ങിയാൽ അടുത്തുള്ള ലെവൽ ക്രോസിൽ കാത്തുനിൽക്കേണ്ടി വരില്ല. കാലത്തുള്ള മലബാർ എക്സ്പ്രസ്സ് കടന്നുപോകാൻ വേണ്ടി ലെവൽ ക്രോസ്സ് 9.30 ന് അടച്ചിരിക്കും. അവിടെ ചുരുങ്ങിയത് പത്തുമിനിറ്റെങ്കിലും കാത്തുനിൽക്കേണ്ടിവരും. മിക്കവാറും ഒരു ഗുഡ്‌സ്‌വണ്ടികൂടി കടന്നുപോകാൻ കാണും അയാൾ വാച്ചിൽ നോക്കി. ബൈക്ക് അല്പം വേഗത്തിൽ ഓടിച്ചാൽ ചിലപ്പോൾ ഗെയ്റ്റ് അടക്കുന്നതിനുമുൻപ് ലെവൽക്രോസ്സ് കടക്കാൻ കഴിഞ്ഞേക്കും.അയാൾ വേഗതകൂട്ടി.
പക്ഷേ ,ലെവൽ ക്രോസ്സിൽ എത്തുമ്പോൾ ഗേറ്റ് കീപ്പർ വാതിൽ അടച്ചുകൊണ്ടിരിക്കുന്നു. അരിശം സഹിക്കുക വയ്യാതെ അയാൾ തന്നത്താൻ പറഞ്ഞു ,”ഷിറ്റ്.”
തൊട്ടടുത്ത് നിന്ന് ഒരു പെൺകുട്ടിയുടെ ചിരികേട്ട് അയാൾ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. അടുത്ത് നിർത്തിയിരിക്കുന്ന സ്‌കൂട്ടിയിൽ ഒരു സുന്ദരിയായ യുവതി ഇരിക്കുന്നു. അയാൾ പറഞ്ഞതുകേട്ട് അവൾ നിർത്താതെ ചിരിക്കുന്നു. ഏകദേശം ഒരു ഇരുപതു വയസ്സുകാണും അവൾക്ക്. വെളുത്തു മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഒരു സുന്ദരി.

അവൾ അയാളെ നോക്കി ചിരിച്ചു.അയാൾ അവളെ തുറിച്ചുനോക്കി.അവൾ വീണ്ടും ചിരിച്ചു.”എന്താ ഇത്രമാത്രം ഇളിക്കാൻ ?”അയാൾക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“ഓ ചുമ്മാ.ഇപ്പോൾ നിങ്ങൾ ഇംഗ്ലീഷിൽ പറഞ്ഞ വാക്ക് ഒന്ന് മലയാളത്തിൽ പറഞ്ഞാൽ….”
“പറഞ്ഞാൽ?”
“ആളുകൾ ചിരിക്കും.”
“ഏതു വാക്ക്?”
“ഷിറ്റ്”.
അയാൾക്ക് ദേഷ്യം ഇരട്ടിച്ചു.”നിനക്ക് എന്താ വേണ്ടത്?”
“നീ,എന്ന് എന്നെ വിളിക്കാൻ നിങ്ങളാരാ,കോവാലാ?”.
കോവാലൻ എന്ന വിളി കേട്ട് അയാൾ ഞെട്ടിപ്പോയി.കൂട്ടുകാർ കളിയാക്കി വിളിക്കുന്ന പേരാണ്.ഇത് ഇവൾ എങ്ങനെ അറിഞ്ഞു? തൻ്റെ ഗോപാലകൃഷ്ണൻ എന്ന പേര് അയാൾക്ക് ഇഷ്ടമായിരുന്നില്ല. കൂട്ടുകാർ ‘കോവാലാ‘ എന്ന് വിളിക്കുമ്പോൾ അയാൾക്ക് കലികയറും. ഇപ്പോൾ യാതൊരുപരിചയവും ഇല്ലാത്ത ഈ പെൺകുട്ടി ‘കോവാലാ ‘ എന്ന് തന്നെ വിളിക്കുന്നു.

“ബെറ്റർ യു മൈൻഡ് യുവർ ഓൺ ബിസ്സിനസ്സ്.”,ഗോപാലകൃഷ്‍ണൻ പറഞ്ഞു.
“തീർച്ചയായിട്ടും.ദേ , കോവാലാ ,ഗേറ്റ് തുറന്നു,പിന്നെ കാണാം.”അവൾ സ്‌കൂട്ടി സ്റ്റാർട്ട് ചെയ്ത് പാഞ്ഞുപോയി. അവളുടെ പിറകെ തൻ്റെ പുതിയ ബുള്ളറ്റ് ഓടിച്ചുചെന്നിട്ട് മണ്ടക്ക് രണ്ടുകൊടുക്കണമെന്ന് അയാൾക്ക് തോന്നാതിരുന്നില്ല.

ഓഫിസിൽ എത്തുമ്പോൾ ലേറ്റ് ആയിക്കഴിഞ്ഞിരുന്നു.
ആ പെൺകുട്ടിയും അവളുടെ ‘കോവാലാ ‘ എന്ന വിളിയും അയാളുടെ സ്വൈര്യം കെടുത്തി. യാതൊരു പരിചയവും ഇല്ലാത്ത അവൾ എങ്ങനെയാണ് ആ പേരുകണ്ടുപിടിച്ചത്?,അതായിരുന്നു,അയാളുടെ ആലോചന.
അടുത്ത ദിവസവും പതിവ് തെറ്റിയില്ല. ഗോപാലകൃഷ്ണൻ വരുമ്പോൾ ലെവൽക്രോസ്സ് അടഞ്ഞുകിടക്കുന്നു. ബൈക്ക് ഓഫ് ചെയ്ത്, അയാൾ വണ്ടിവരുന്നതും കാത്തു ലെവൽ ക്രോസിൽ നിന്നു. ലെവൽ ക്രോസ്സിൽ നിന്നും മാറി ഒരു നൂറുമീറ്റർ അകലെ ഒരു ഇടവഴിയിൽക്കൂടി റെയിൽവേ ഗേറ്റ് ഒഴിവാക്കി ആളുകൾ സൈക്കിളിലും കാൽനടയായും കടന്നുപോകുന്നു. അപകടം പിടിച്ച ആ അഭ്യാസം നോക്കി അയാൾ നിന്നു. ഗേറ്റ് തുറക്കുന്നതും കാത്തു ധാരാളം വാഹനങ്ങൾ കിടപ്പുണ്ട്.

“ഏയ്, കോവാലാ ,ഇന്നും താമസിച്ചുപോയി അല്ലേ ?”
ശബ്ദം കേട്ട ഭാഗത്തേക്ക് ഗോപാലകൃഷ്ണൻ നോക്കി. ഇന്നലെ കണ്ട ആ പെൺകുട്ടിയാണ്,അവൾ ചിരിച്ചു. അവളുടെ സ്‌കൂട്ടർ റോഡിൽ നിരന്നുകിടക്കുന്ന വാഹനങ്ങൾക്ക് ഇടയിൽ നിർത്തിയിട്ടിരിക്കുന്നു. ഗോപാലകൃഷൻ്റെ വലതുഭാഗത്തായി ഒരു ഓട്ടോറിക്ഷയുടെ മറവിലാണ് അവളുടെ വണ്ടി നിർത്തിയിരിക്കുന്നത് . ഓട്ടോയിൽ യാത്രക്കാർ ആരുമില്ല. അവൾ പറഞ്ഞു ,”ഓട്ടോചേട്ടാ, വണ്ടി അല്പം ഒതുക്കിത്തന്നാൽ എനിക്ക് കോവാലൻ ചേട്ടനുമായി ഒന്ന് സംസാരിക്കാമായിരുന്നു.”
അയാൾ പറഞ്ഞു,”വണ്ടി മാറ്റാൻ പറ്റില്ല .എന്താണന്നുവച്ചാൽ എന്നോട് പറ. ഞാൻ നിങ്ങളുടെ കോവാലൻ ചേട്ടനോട് പറയാം.”
“താൻ ആൾ കൊള്ളാമല്ലോ.എനിക്ക് കോവാലൻ ചേട്ടനോട് പറയാനുള്ളത് ഞാൻ തന്നെ നേരിട്ട് പറഞ്ഞോളാം”.
അവൾ ഓട്ടോ റിക്ഷയുടെ യാത്രക്കാർ ഇരിക്കുന്ന സീറ്റിലൂടെ അയാളെ എത്തിനോക്കി .
ഗോപാലകൃഷ്ണന് ദേഷ്യം വന്നു. അയാളെ അടിമുടി വിറക്കുന്നുണ്ടായിരുന്നു.
“എന്താ വായിൽ നാക്കില്ലേ?”അവൾ വീണ്ടും ചോദിച്ചു.
കോപം അടക്കി അയാൾ ചോദിച്ചു,”എന്താ തൻ്റെ പേര്?എന്തിനാണ് എന്നെ വെറുതെ ശല്യം ചെയുന്നത്?”
“പേര്?തൽക്കാലം ,ലെവൽക്രോസ്സിലെ പെൺകുട്ടി എന്ന് വിളിച്ചോളൂ”
“ഇത്രയും നീളമുള്ള പേര് എങ്ങിനെയാണ് വിളിക്കുക ?”
“കോവാലന് വിളിക്കാൻ വിഷമമാണെങ്കിൽ വിളിക്കണ്ട.”
“എൻ്റെ പേര് കോവാലൻ എന്ന് ആരാണ് പറഞ്ഞുതന്നത്?”
“ആരും പറഞ്ഞതല്ല.തൻ്റെ മുഖത്ത് അത് എഴുതിവച്ചിട്ടുണ്ടല്ലോ.എനിക്ക് ആളുകളുടെ മുഖത്തുനോക്കുമ്പോൾ അവരുടെ പേര് മനസ്സിൽ വരും”
“കൊച്ചേ, എന്നാൽ എൻ്റെ പേര് ഒന്നുപറഞ്ഞേ”ഓട്ടോ ചേട്ടൻ സംഭാഷണത്തിൽ ഇടപെട്ടു.
“ചേട്ടൻറെ പേര്,രാധാകൃഷ്ണൻ .ശരിയല്ലേ?”
“അയ്യോ,ശരിയാണല്ലോ .”

ഗോപാലകൃഷ്ണന് അരിശം വന്നു തുടങ്ങി,മുഖം ചുവന്നു.
“നമ്മടെ കോവാലൻ ചേട്ടൻറെ മുഖം ചുവന്നു,ദേഷ്യം വന്നിട്ട്. സാരമില്ല,ദേ ഗേറ്റ് തുറന്നു.”
അവൾ പതിവുപോലെ സ്‌കൂട്ടിയിൽ പാഞ്ഞുപോയി. ഓട്ടോ റിക്ഷ ഡ്രൈവർ അയാളെ നോക്കി ചിരിച്ചു. ആ ചിരിയിൽ അല്പം പരിഹാസമില്ലേ?

റെയിൽവേ ഗേറ്റ് കടന്നു നാലുകിലോമീറ്റർ പോകണം അയാളുടെ ജോലി സ്ഥലത്തേക്ക് . ഒരു ഫൈനാൻസിങ് കമ്പനിയിൽ അസിസ്റ്റൻറ് മാനേജർ ആണ് ഗോപാലകൃഷ്ണൻ . പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞു ജോലി തേടി നടന്നപ്പോൾ കിട്ടിയതാണ് ഈ ജോലി.ആദ്യം ഒന്ന് മടിച്ചു, ഈ ജോലിയിൽ ചേരാൻ.‘ഇരുപത്തിരണ്ടു വയസ്സല്ലേയുള്ളൂ പിന്നെ നിനക്ക് വേറെ ശ്രമിക്കാമല്ലോ ,എന്നെല്ലാം കൂട്ടുകാർ പറഞ്ഞപ്പോൾ അവിടെ ജോലിക്ക് ചേർന്നു. ജോലി സ്ഥലത്ത് എപ്പോഴും തിരക്കിലായിരിക്കും.അതുകൊണ്ട് അയാൾ റെയിൽവേഗേറ്റിൽ വച്ചുണ്ടായ സംഭവം ജോലി കഴിയുന്നതുവരെ ഓർമിച്ചതേയില്ല.എന്നാൽ അടുത്ത ദിവസവും അവൾ അയാളുടെ ബൈക്കിനരുകിൽ വന്നു വണ്ടി നിറുത്തി.”കോവാലാ സുഖമല്ലേ?”അവൾ ചോദിച്ചു. അയാൾ തലകുലുക്കി.”എന്താ പിണക്കമാണോ?”

“ഞാൻ എന്തുപറയാനാണ്?”

“എന്തെല്ലാമുണ്ട് പറയാൻ?”

“ലെവൽക്രോസ്സ്‌സിലെ പെൺകുട്ടി എന്ത് ചെയ്യുന്നു.?”

“ഞാൻ ലെവൽകോസിലെ ഗേറ്റ് തുറക്കുന്നതും നോക്കി നിൽക്കുന്നു.”

“തമാശ ആയിരിക്കും.ഞാൻ ചിരിക്കണോ?”

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“കോവാലൻ,ഇവിടെ നിന്നും നാലുകിലോമീറ്റർ കഴിഞ്ഞു റോഡിൻ്റെ ഇടതുഭാഗത്തുള്ള ഫൈനാൻസിയേർസിലല്ലേ ജോലി ചെയുന്നത്?”

“അതെ,നീയെങ്ങനെ അറിഞ്ഞു.?”

“അത് കോവാലൻ്റെ തലയിൽ എഴുതിവച്ചിട്ടുണ്ടല്ലോ.”.

“അപ്പോഴാണ് അയാളോർമ്മിച്ചത് ഹെൽമെറ്റിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ പേര് എഴുതിയ ഒരു സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നു.

“ഈ ബുള്ളറ്റ് ബൈക്ക് അടിപൊളിയാണ് കേട്ടോ”.അവൾ പറഞ്ഞു.
അയാൾ വെറുതെ ചിരിച്ചു.

“സ്വന്തമായി ഒന്ന് വാങ്ങണം”അവൾ പറഞ്ഞു.താൻ ഫീൽഡിൽ കസ്റ്റമേഴ്‌സിനെ കാണാൻ പോകുന്നതുകൊണ്ട് കമ്പനി തന്നിരിക്കുന്ന ബൈക്ക് ആണ് എന്ന് അവൾ മനസിലാക്കിയിരിക്കുന്നു.

“ഒരു വല്ലാത്ത സൃഷ്ടി തന്നെ”,അയാൾ പതുക്കെ പറഞ്ഞു.”എവിടെയാണ് ജോലി ചെയ്യുന്നത്?”അയാൾ ചോദിച്ചു.
“ആര്?”
“നീ ,ബാങ്കിലാണോ?”
“ബുദ്ധിമാൻ കണ്ടുപിടിച്ചല്ലോ. അപ്പോൾ കോവാലന് ബുദ്ധിയുണ്ട്.പിന്നെ ഇന്ന് വെള്ളിയാഴ്ചയാണ്.”
” അതിന്?”
“ശനിയും ഞായറും അവധിയാണ് എന്നെ കാത്ത് ലെവൽക്രോസ്സ്‌സിൽ നിൽക്കണ്ട .”
“നിന്നെ കാണാൻ ആര് വരും ?”
“എന്താ,വരില്ലേ?”

“എനിക്കെന്താ വട്ടുണ്ടോ,നിന്നെ കാണാൻ വരാൻ?കാത്തുനിൽക്കാൻ പറ്റിയ ഒരു മുതൽ”.
“നല്ല ചൂടിൽ ആണല്ലോ.ദാ, ഗേറ്റ് തുറന്നു.”അവൾ കൈ വീശി സ്കൂട്ടിയിൽ പാഞ്ഞുപോകുമ്പോൾ അവളെ പിന്തുടർന്നാലോ എന്ന് അയാൾ ആലോചിക്കാതിരുന്നില്ല.
അടുത്ത മൂന്ന് ദിവസങ്ങളിൽ അവളെ ഗേറ്റിൽ കണ്ടില്ല ഗോപാലകൃഷ്ണന് അല്പം ഇച്ഛാഭംഗം തോന്നാതിരുന്നില്ല.വ്യാഴാഴ്ച അവൾ വീണ്ടും വന്നു. ഇന്ന് അവളുടെ സ്‌കൂട്ടിയുടെ പുറകിൽ മറ്റൊരു സുന്ദരിയും ഉണ്ടായിരുന്നു.അവരുടെ സ്‌കൂട്ടി അല്പം പിറകിലായി മറ്റു രണ്ടുമൂന്ന് വാഹനങ്ങൾക്ക് അപ്പുറത്താണ്.”കോവാലാ ,സുഖമല്ലേ?”
അയാൾ അതിന് മറുപടി പറഞ്ഞില്ല.പകരംചോദിച്ചു,”ഇതേതാ ഇന്ന് ഒരു പുതിയ അവതാരം കൂട്ടിനുണ്ടല്ലോ.”.
“അതെ, അവളെ നോക്കണ്ട,അവൾ ബുക്ക്ഡ് ആണ്.ആ പെൺകുട്ടിയുടെ മുഖം വ്യക്തമല്ല.അയാൾ ചോദിച്ചു, “രണ്ടുമൂന്നു ദിവസം കണ്ടില്ലലോ എന്തുപറ്റി?”.

“അപ്പോൾ എന്നെ അന്വേഷിച്ചു അല്ലെ?.ഒന്നും പറ്റിയില്ല.ഞങ്ങൾ സ്ത്രീകൾക്ക് മാസത്തിൽ രണ്ടുമൂന്നു ദിവസം അവധി വേണ്ടതാണ്. ആ അവധി എടുത്തു,”
‘ഇതെന്തൊരു സാധനമാണ്?‘.അയാൾ വിചാരിച്ചു.പിന്നെ ഒന്നും ചോദിയ്ക്കാൻ ധൈര്യം വന്നില്ല.അവൾ എന്താണ് വിളിച്ചു പറയാൻപോകുന്നത് എന്നറിയില്ല.
“കോവാലൻ പിണങ്ങിയോ?നല്ല രസമാ കോവലൻ്റെ പിണക്കം കാണാൻ.”
ഗേറ്റ് തുറന്നു, അവൾ പതിവുപോലെ മുൻപേ പാഞ്ഞുപോയി.അവൾ എവിടെയാണ് ജോലി ചെയ്യുന്നത്? അവളുടെ ശരിക്കുള്ള പേര് എന്താണ് ?എല്ലാം കണ്ടുപിടിക്കണം.അയാൾ തീരുമാനിച്ചു.എപ്പോഴും ജയം അവൾക്കാണ്. അങ്ങനെ വിട്ടുകൊടുക്കാൻ പാടില്ല.
അടുത്തദിവസം അവളെ കണ്ടില്ല.എന്തുപറ്റിയോ.?ചിലപ്പോൾ വരാൻ താമസിച്ചുപോയിട്ടുണ്ടാകും.ഇപ്പോൾ ആ റെയിൽവേ ഗേറ്റ് അടയുന്നതിൽ ഗോപാലകൃഷ്ണന് ഒരു വിഷമവുമില്ല.തുറക്കാൻ അല്പം കൂടി താമസിച്ചാലും കുഴപ്പമില്ല എന്നു തോന്നിത്തുടങ്ങിയിരുന്നു.
അടുത്തദിവസം അടഞ്ഞ ഗേറ്റിനുമുൻപിൽ നിൽക്കുമ്പോൾ അവൾ വീണ്ടും വന്നു.സ്‌കൂട്ടി അടുത്തുതന്നെ നിർത്തി,ഒരു ചോദ്യം,”കോവാല,നാഷണലൈസ്‌ഡ്‌ ബാങ്കിലേക്ക് ഡവലപ്മെൻറ് ഓഫീസേർസിനെ വിളിച്ചിട്ടുണ്ട്.പത്രത്തിലെ പരസ്യം കണ്ടോ?”

“ഇല്ല.”
“കാണേണ്ടതൊന്നുംകാണില്ല.സമയംകളയാതെ വേഗം അപേക്ഷ അയക്കു.”
അയാൾ അത്ഭുതപ്പെട്ടു അവളെ നോക്കി.” കോവാലൻ ,അപേക്ഷ അയച്ചുകഴിഞ്ഞു പരീക്ഷക്ക് തയ്യാറെടുക്കണം.അതിന് ടൗണിൽ നല്ല ഒരു കോച്ചിങ് സെൻറർ ഉണ്ട്,പേര് ,നാഷണൽ.അവിടെ ചേർന്ന് പരീക്ഷക്ക് തയ്യാറാകണം.”

അപ്പോൾ അവൾക്ക് സീരിയസ് ആയിട്ടു സംസാരിക്കാനും അറിയാം. അന്ന് വൈകുന്നേരംതന്നെ അയാൾ ആപ്ലിക്കേഷൻ തയ്യാറാക്കി കോച്ചിങ് സെൻററിൽ അഡ്മിഷനും വാങ്ങി. അവൾ നാളെ ചോദിക്കും, ‘കോവാല,അപേക്ഷ അയച്ചോയെന്ന്‘,അയാൾ മനസ്സിൽ കരുതി.
എന്നാൽ അടുത്ത രണ്ടുദിവസങ്ങളിലും അവളെ കാണാൻ കഴിഞ്ഞില്ല. റീജിയണൽ മാനേജർ ബ്രാഞ്ച് വിസിറ്റിംഗിന് വന്നതുകൊണ്ട് തിരക്കിലായിപ്പോയി. ഇടക്കിടക്ക് അവളുടെ കോവാലാ എന്ന വിളി അയാൾക്ക് ഇഷ്ടമായി തുടങ്ങിയിരുന്നു.അടുത്ത ദിവസം അവളെ കണ്ടപ്പോൾ അയാൾ ചോദിച്ചു,”ലെവൽക്രോസിലെ പെൺകുട്ടി, സുഖമാണോ?”
അവൾ പറഞ്ഞു,”നീണ്ട പേരുവിളിച്ചു് നാക്ക് ഉളുക്കും.എൻ്റെ പേര് വിനയ.വിനയ എസ്സ് മേനോൻ “.
അയാൾ പൊട്ടിച്ചിരിച്ചു.”ആരാ നിനക്ക് ഇത്തരത്തിലുള്ള ഒരു മണ്ടൻ പേരിട്ടത്?”
“എന്താ എൻ്റെ പേരിന് കുഴപ്പം?”
“അശേഷം വിനയം ഇല്ലാത്ത ഒരാൾക്ക് വിനയ എന്ന പേര്? നല്ലൊരുപേരായിരുന്നു.അത് നശിപ്പിച്ചു.”
“കോവാലൻചേട്ടാ ഞാൻ രണ്ടുദിവസം അവധിയിലാണ് .ലെവൽക്രോസിൽ എന്നെ കാത്തുനിൽക്കണ്ട.”.
“അയ്യടാ,കാത്തുനിൽക്കൻ പറ്റിയ ഒരു മുതൽ”അയാൾ ചിരിച്ചു.”
“ഗേറ്റ് തുറന്നു. രണ്ടുദിവസം കഴിഞ്ഞുകാണാം.”
എന്നാൽ ഒരാഴ്ച അവളെ കാത്തിരുന്നിട്ടും അവൾ വന്നില്ല.. ഇടക്ക് അവളുടെ സ്‌കൂട്ടിയിൽ ഒന്നിച്ചുയാത്രചെയ്യാറുള്ള പെൺകുട്ടിയെ കണ്ടെങ്കിലും അവൾ ഗോപാലകൃഷ്ണനെ കണ്ടതായി ഭാവിച്ചില്ല..
ഒരാഴ്ച കഴിഞ്ഞപ്പോൾ അയാൾക്ക് ആകെ ഒരു അസ്വസ്ഥത തോന്നിത്തുടങ്ങി. എങ്ങനെയും അവളെ കണ്ടെത്തണം.അവൾക്ക് എന്തുപറ്റി എന്നറിയണം.
ഒരാഴ്ച മുൻപ് റെയിൽവേ ലെവൽക്രോസിൽ സ്‌കൂട്ടറിൽ യാത്രചെയ്ത ഒരു യുവതി ട്രെയിൻ ഇടിച്ചു മരിച്ച വാർത്ത ഒരു സായാഹ്ന പത്രത്തിൽ വായിച്ചത് ഓർമ്മയിൽ വന്നു. ലെവൽ ക്രോസ്സിന് അപ്പുറത്തുള്ള വഴിയിൽക്കൂടി ഗേറ്റ് അടയുമ്പോൾ ചിലർ സാഹസികമായി സ്‌കൂട്ടറുകളും സൈക്കിളുകളും ഓടിച്ചുപോകുന്നതുകാണാം. അവിടെയാണ് അപകടം സംഭവിച്ചത് എന്നാണ് പത്രത്തിൽ കണ്ടത്.
അവൾക്ക് എന്തെങ്കിലും സംഭവിച്ചിരിക്കുമോ?ലെവൽ ക്രോസിൽ കണ്ടുമുട്ടുമ്പോൾ സംസാരിക്കുന്നതല്ലാതെ അവളെ കുറിച്ച് ഒന്നും അറിയില്ല. മൊബൈൽ നമ്പർപോലും ചോദിക്കുകയോ അവൾ തരികയോ ചെയ്തിട്ടില്ല. ഇനിയും കാത്തിരിക്കാൻ അയാൾക്ക് ക്ഷമയുണ്ടായിരുന്നില്ല.ഒരു വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടുതുടങ്ങി.ഈശ്വരാ, ലെവൽക്രോസിൽ അപകടം ഉണ്ടായത് അവൾക്കായിരിക്കരുതേ.
അടുത്തുള്ള പോലീസ്‌സ്റ്റേഷനിൽ ആ അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ കാണാതിരിക്കില്ല.
പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ പോലീസുകാർ ഒരു നൂറുകൂട്ടം ചോദ്യങ്ങൾ ചോദിച്ചു.അവസാനം കാര്യങ്ങൾ തുറന്നുപറയേണ്ടിവന്നു.സബ്ബ്ഇൻസ്പെക്ടർ ഒരു കോൺസ്റ്റബിളിനെ വിളിച്ചു് ആ അപകടത്തിൻ്റെ ഫോട്ടോകൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടു.മുഖം തിരിച്ചറിയാൻ വയ്യാത്ത രീതിയിലായിരുന്നു ആ ഫോട്ടോയിലുള്ള രുപം.ആ സ്‌കൂട്ടി വേറെ ആരുടെയോ ഐ.ഡി കൊടുത്തു് വാടകയ്ക്ക് എടുത്തതും ആയിരുന്നു.
ആകെക്കൂടി ഒരു ദുരൂഹത അനുഭവപ്പെടുന്നു.
ഇനിയുള്ള മാർഗ്ഗം അവൾ ജോലി ചെയ്യുന്ന ബാങ്കിൽ അന്വേഷിക്കുക എന്നതാണ്. നഗരത്തിലെ രണ്ടു ബാങ്കുകളിലും അന്വേഷിച്ചു ചെന്നപ്പോൾ അവിടെ ഒരിടത്തും വിനയ എന്നപേരിൽ ആരും ജോലി ചെയ്യുന്നില്ല.
മൂന്നുമാസം കഴിഞ്ഞു പോയി. അവളെക്കുറിച്ചു്യാതൊരു വിവരവും ലഭിച്ചില്ല.
അതിനിടയ്ക്ക് അവൾ പറഞ്ഞ ജോലിക്ക് സെലക്ഷൻ കിട്ടി.
ഇന്ന് മൂന്നുമാസത്തെ ട്രെയിനിങ്ങിന് ബോംബെയിലേക്ക് പോകുകയാണ്. ഈ ജോലി കിട്ടാൻ പ്രേരണയായ അവളെ ഇനി കാണുവാൻ സാധ്യതയില്ല. അവളെക്കുറിച്ചുള്ള ഒരു വിവരവും അറിയില്ല.
എയർപോർട്ടിൽ ആഭ്യന്തര ടെർമിനലിൽ ബോർഡിങ് പാസ്സുമായി അയാൾ കാത്തുനിന്നു. ആദ്യമായി വിമാനയാത്ര ചെയ്യുകയാണ്. അതിൻറെ ടെൻഷനും സന്തോഷവും ഉള്ളിലൊതുക്കി, അല്പം പരിഭ്രമത്തോടെ വിമാനത്തിലേക്കുള്ള കോണിപ്പടി കയറിച്ചെല്ലുമ്പോൾ വിമാനത്തിൻ്റെ വാതുക്കൽ എയർ ഹോസ്റ്റസ് വേഷത്തിൽ അവൾ,വിനയ നിൽക്കുന്നു.

അതെ അത് വിനയതന്നെ. അവൾ അയാളെ കണ്ടു.ബോർഡിങ് പാസ്സിൽനോക്കി ബി 8 ലെഫ്റ്റ് സൈഡ് എന്ന് പറഞ്ഞു. അവൾ യാതൊരു പരിചയം കാണിക്കുന്നില്ല . ചിലപ്പോൾ ആൾ മാറിയിരിക്കും,അല്ലെങ്കിൽ അവൾക്ക് തന്നെ മനസ്സിലായിട്ടില്ല. യാത്രക്കാരുടെ ഇടയിൽക്കൂടി അവൾ രണ്ടുമൂന്നുതവണ അയാളെ കടന്നുപോയി.ഇല്ല, അവൾ വിനയതന്നെയാണോ എന്ന് പറയാൻ കഴിയുന്നില്ല.

വിമാനത്തിലെ മുകളിലുള്ള ലഗേജ് ട്രാക്കുകൾ അടച്ചുകൊണ്ട് അവൾ അടുത്തുവന്നപ്പോൾ അയാൾ അവളുടെ പേര് എഴുതിയ ഷീൽഡ് നോക്കി ,‘വിനയ എസ്സ് മേനോൻ‘.
വിമാനം ടേക്ക് ഓഫ് ചെയ്തുകഴിഞ്ഞു.ഗോപാലകൃഷ്ണൻ വിൻഡോയിൽക്കൂടി പുറത്തേക്ക് നോക്കിയിരുന്നു.മനസ്സിൽ പെരുമ്പറകൊട്ടുന്നു.
“സാർ,കോഫി”.അവൾ ഒരു കപ്പിൽ കോഫിയും ഒരു സാൻവിച്ചുമായി അയാളുടെ അടുത്തുവന്നു.
” ഞാൻ കോഫി ഓർഡർ ചെയ്തിട്ടില്ല.”
“ഇല്ലേ? എന്നാലും ഒരു കാപ്പികുടിക്കാം അവൾ കോഫിയും സാൻവിച്ചും ഒരു ചോക്ലേറ്റും അയാളുടെ മുൻപിലെ ട്രേ വലിച്ചു വച്ച് അതിൽ വച്ചു.
“കോവാലൻ എങ്ങോട്ടാ?”
“ബോംബയിൽ പ്രൊബേഷനറി ഓഫീസേഴ്‌സിൻ്റെ ട്രെയിനിങ്ങിന് പോകുന്നു.”.
“ഇന്ന് ഐർഹോസ്റ്റസ് ട്രൈനിംഗ് കഴിഞ്ഞു, എൻ്റെ ആദ്യത്തെ ജോലി ദിവസം ആണ്. അന്ന് പോരുമ്പോൾ കോവലനോട് പറയാൻ കഴിഞ്ഞില്ല. വെള്ളിയാഴ്ച അപ്പോയിൻമെൻറ് ഓർഡർ കിട്ടി. തിങ്കളാഴ്ച ട്രെയിനിങ് പ്രോഗ്രാമിന് ചേരണം എന്ന് പറഞ്ഞു. ഞാൻ മൃദുലയുടെ കയ്യിൽകൊടുത്തുവിട്ട എഴുത്തു കിട്ടിയിട്ടും എന്താ എന്നെ വിളിക്കാതിരുന്നത്?”
“ആരാ മൃദുല ?”
“എൻ്റെ കൂടെ ബൈക്കിൽ വരാറുള്ള ആ പെൺകുട്ടി.അവൾ കത്ത് കോവാലന് തന്നു എന്നാണ് എന്നോട് പറഞ്ഞത്.”
“അവളെ രണ്ടു മൂന്ന് തവണ കണ്ടിരുന്നു.അവൾ സംസാരിക്കുകയോ കണ്ട ഭാവം നടിക്കുകയോ ചെയ്തില്ല.”
അവൾ പിന്നെ ഒന്നും പറഞ്ഞില്ല. അവളുടെ മനസ്സ് വായിച്ചെടുക്കാൻ കഴിയുന്നില്ല. അവൾ ജോലിയിൽ മുഴുകി. വിമാനത്തിൽ ലാൻഡിംഗ് സിഗ്നൽ തെളിഞ്ഞു. സീറ്റ് ബെൽറ്റ് ധരിക്കാനുള്ള അനൗൺസ്‌മെന്റ് വന്നു. അവൾ യാത്രക്കാർ സീറ്റ് ബെൽറ്റ് ഇട്ടിട്ടുണ്ടോ എന്ന് നോക്കി കടന്നുപോകുന്നതിനിടയിൽ അടുത്തുവന്നു, ഒരു കവർ അയാളുടെ കയ്യിൽകൊടുത്തു. ആ കവറിന്റെ പുറത്തു് വെഡ്‌ഡിങ് എന്ന് പ്രിൻറ് ചെയ്തിരിക്കുന്നു.
അവളുടെ വിവാഹത്തിൻ്റെ ക്ഷണക്കത്ത് തനിയ്ക്ക് എന്തിന് തരണം.?
വിമാനത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ വാതിൽക്കൽ അവൾ നിൽക്കുന്നു.ഗുഡ്ബൈ പറഞ്ഞ അവളെ ശ്രദ്ധിക്കാതെ കോണിപ്പടി ഇറങ്ങിയെങ്കിലും ഒന്ന് തിരിഞ്ഞുനോക്കാതിരിക്കാൻ കഴിഞ്ഞില്ല.അവളുടെ മുഖഭാവം വായിച്ചെടുക്കാൻ കഴിയുന്നില്ല.
ഹോട്ടലിലെ മുറിയിൽ ചെന്ന് ഡ്രസ്സുകളും സാധനകളുമെല്ലാം എടുത്തുവച്ചു.മൂന്നുമാസം ഇവിടെയാണ് താമസം.ആ കവർ അയാൾ പോക്കറ്റിൽനിന്നും പുറത്തെടുത്തു.സങ്കടവും ദേഷ്യവും അയാൾക്ക് ഉള്ളിൽ ഒതുക്കാൻ കഴിയുന്നില്ല.ആ കത്ത് തുറന്ന് പോലും നോക്കാതെ അത് അയാൾ മൂലക്കിരുന്ന വെയിസ്റ്റ് ബോക്സിലേക്ക് വലിച്ചെറിഞ്ഞു.അത് ബാസ്കറ്റിൽ വീഴാതെ പുറത്തേക്ക് വീണു.
ആ കത്ത് ഇനി തുറന്നു നോക്കി മനസ്സ് എന്തിന് അസ്വസ്ഥമാക്കണം?
അടുത്ത ദിവസം റൂം ക്ളീൻ ചെയ്യാൻ വന്ന സ്ത്രീ തുറക്കാത്ത ആ കത്ത് കണ്ട് അയാളുടെ മേശപ്പുറത്തു ഇരുന്ന പുസ്തകങ്ങൾക്കിടയിൽ എടുത്തുവച്ചു.
കഴിഞ്ഞ സംഭവങ്ങൾ പലതവണ അയാൾ കൂട്ടിയും കിഴിച്ചും നോക്കി.അവൾ തന്നെ എപ്പോഴും കളിയാക്കുന്നതല്ലാതെ ഒന്നും പറഞ്ഞിട്ടില്ല.
ഒരു മാസം കഴിഞ്ഞുപോയി.അവളെക്കുറിച്ചു പിന്നീട് ഒന്നും അയാൾ കേൾക്കുകയോ അന്വേഷിക്കുകയോ ഉണ്ടായില്ല
മുറി ആകെ അലങ്കോലമായിക്കിടക്കുന്നു.മേശപ്പുറത്തു ചിതറിക്കിടന്നിരുന്ന പുസ്തകങ്ങൾ ഗോപാലകൃഷ്ണൻ അടുക്കിവച്ചു .
പുസ്തകങ്ങൾക്കിടയിൽ താൻ അന്ന് വലിച്ചെറിഞ്ഞ വെഡ്‌ഡിങ് ഇൻവിറ്റേഷൻ കാർഡ് കണ്ട് അയാൾ അമ്പരന്നു. ഇത് ആദ്യദിവസം തന്നെ കളഞ്ഞതാണല്ലോ,പിന്നെ എങ്ങിനെ ഇവിടെവന്നു.?അയാൾ ആ കവർ തുറന്നു.കാർഡിനോടൊപ്പം ഒരു കത്ത്.
“പ്രിയപ്പെട്ട എൻ്റെ കോവാലന്,ഇത് എൻ്റെ കൂട്ടുകാരി മൃദുലയുടെ വിവാഹ ക്ഷണക്കത്താണ്.അടുത്തമാസം ഇരുപത്തിനാലിന്. രണ്ടു ദിവസത്തെ അവധിക്ക് ഞാൻ നാട്ടിൽ വരുന്നുണ്ട് .കാണണം.നമ്മൾക്കും ഒരുകൂട് കൂട്ടണ്ടേ? ഞാൻ കാത്തിരിക്കും.വിനയ എസ്സ് മേനോൻ.”
താഴെ മൊബൈൽ നമ്പറും.
കൈകൾ വിറക്കുന്നു.ഗോപാലകൃഷ്ണൻ വിവാഹത്തിൻറെ തീയതി നോക്കി ഒരു മാസം കഴിഞ്ഞിരിക്കുന്നു.
അയാൾ മൊബൈൽ കയ്യിലെടുത്തു,അവൾ തന്ന നമ്പറിലേക്ക് വിളിച്ചു.
അവളുടെ മറുപടിക്കായി അയാൾ കാത്തിരുന്നു.