ജോൺ കുറിഞ്ഞിരപ്പള്ളി

കഥാസൂചന

മേമനെകൊല്ലി എന്ന ഈ നോവൽ കുടകിൻ്റെ (കൊടഗ് ,Coorg ) ചരിത്രവുമായിബന്ധപ്പെട്ടുകിടക്കുന്നു  അതുകൊണ്ടുതന്നെ ഭൂമിശാസ്ത്രപരമായുള്ള ഈ പ്രദേശത്തിൻ്റെ അവസ്ഥ, കുടക് ഭരിച്ചിരുന്ന രാജവംശങ്ങൾ ,പിന്നീട് ഭരണം പിടിച്ചെടുത്ത ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സ്വാധീനം മുതലായവ കഥയിൽ പരാമർശിക്കപ്പെടാതെ വയ്യ.

രണ്ടുനൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കഥ തലമുറകളായി കൈമാറി എൻ്റെ കൈയ്യിൽ എത്തുമ്പോൾ വളരെയധികം കൂട്ടിച്ചേർക്കലുകളും ഭാവനവിലാസങ്ങളും കൂടിച്ചേർന്ന് മറ്റൊരു കഥ ആയിട്ടുണ്ടാകാം.

ചുരുക്കത്തിൽ ഈ കഥയുടെ ആധികാരികത തന്നെ ചോദ്യം ചെയ്യപ്പെടാം. ഏതു ചരിത്രവും എഴുത്തുകാരുടെ ഭാവനാ വിലാസങ്ങൾക്കനുസരിച്ച് വളച്ച് ഒടിക്കപ്പെടുന്നുണ്ട്

ഈ കഥ എൻ്റെ , വായനക്കാരുടെ ഔചിത്യബോധത്തിന് വിടുന്നു എന്നു പറയുന്നത് മുൻ‌കൂർ ജാമ്യം എടുക്കുന്നതുപോലെ തോന്നാം.

കുടകിൻ്റെ ചരിത്രവും ആയി ചേർന്ന് കിടക്കുന്ന ഈ കഥയ്ക്ക് സാധാരണ നോവലുകൾ എഴുതുന്ന രീതികളിൽനിന്നും വ്യത്യസ്തമായ മാർഗ്ഗമാണ് സ്വീകരിച്ചിരിക്കുന്നത്.അത് ഒരു നോവലിൻ്റെകൃത്യമായ ഫ്രെയിമിനുള്ളിൽ നിന്നും ചിലപ്പോഴൊക്കെ പുറത്തുചാടേണ്ടി വരുന്നതിനാലാണ് . അതിൻ്റെ ഒരു കാരണം ഇരുന്നൂറു വർഷങ്ങൾക്കു പിന്നിലുള്ള ചരിത്രവും സംസ്കാരവും എന്നെ സംബന്ധിച്ചിടത്തോളം പരിചിതമല്ല എന്നതാണ്

.പിറകിലേക്ക് നോക്കി നടക്കേണ്ടിവരുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത പോലെ എന്തോ ഒന്ന് എഴുതുമ്പോൾ എനിക്ക് അനുഭവപ്പെടുന്നു.വായനക്കാരുടെ അനുഭവം വ്യത്യസ്തമാകാം.

മൂലകഥ, എൻ്റെ കയ്യിൽ കിട്ടുന്നത് വെറും വൺ ലൈൻ സ്റ്റോറി ആയിട്ടാണ്

എൻ്റെ കുട്ടിക്കാലത്ത് കൂട്ടുപുഴ വഴി മൈസൂർക്ക് യാത്ര ചെയ്ത എൻ്റെ ചേട്ടൻ കർണ്ണാടക റിസേർവ് ഫോറെസ്റ്റിന് നടുവിൽക്കൂടിയുള്ള റോഡിൻ്റെ അരികിൽ കണ്ട ഒരു ബോർഡിനെക്കുറിച്ച് പറയുന്നത് കേൾക്കാൻ ഇടയായി.ആ ബോർഡിൽ കണ്ട സ്ഥലപ്പേരാണ് മേമനെകൊല്ലി.

ഞാൻ അപ്പോൾ പ്രൈമറി സ്‌കൂളിൽ മൂന്നാം ക്‌ളാസിൽ പഠിക്കുകയാണ്. രസകരമായി തോന്നിയ ആ പേരിനേക്കുറിച്ചു ചേട്ടനോട് ചോദിച്ചപ്പോൾ ഒരു സ്ഥലത്തിൻ്റെ പേര് എന്നതിൽ കവിഞ്ഞു കൂടുതൽ വിവരങ്ങൾ അറിയില്ല.

ജിജ്ഞാസ അടങ്ങാതെ അമ്മയോട് ചോദിച്ചപ്പോൾ അമ്മ പറഞ്ഞുതന്ന വൺ ലൈൻ സ്റ്റോറിയിൽ നിന്ന് കഥ ആരംഭിക്കുന്നു.

മനസ്സിൽ പതിഞ്ഞുകിടന്ന ആ വൺ ലൈൻ സ്റ്റോറി പൊടി തട്ടി പുറത്തു എടുക്കുന്നു.

കർണ്ണാടക സംസ്ഥാനത്തിൻ്റെ റിസർവ്വ് ഫോറസ്റ്റിന് ഉള്ളിൽ കൂടിയാണ്കൂട്ടുപുഴ മൈസൂർ റോഡ് കടന്നു പോകുന്നത്. ഇന്ന് ഈ വഴിയുള്ള യാത്ര സുഖകരമാണ്. എന്നാൽ ഒരുകാലത്ത് വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡിൻ്റെ ഇരുവശവും അഗാധമായ ഗർത്തങ്ങളും കയറ്റങ്ങളും ഇറക്കങ്ങളും ഇടുങ്ങിയ മലനിരകളും കൊണ്ട് ഭയാനകമായ ഒരു പ്രദേശമായിരുന്നു, കൂട്ടുപുഴ മാക്കൂട്ടം വഴിയുള്ള വീരരാജ്പേട്ട മൈസൂർ റോഡ്. വന്യമൃഗങ്ങളുടെ, പ്രത്യേകിച്ച് കാട്ടാനക്കൂട്ടങ്ങളുടേയും കടുവകളുടേയും വിഹാരകേന്ദ്രങ്ങളായിരുന്നു ഈ പ്രദേശം.

നട്ടുച്ചക്കുപോലും ഇരുൾ മൂടിയ വഴികൾ. വൃക്ഷങ്ങൾ വളർന്നു പടർന്നു പന്തലിച്ചു കിടക്കുന്ന ഈ കൊടുംകാട്ടിൽ സൂര്യപ്രകാശം ഭൂമിയിൽ പതിക്കുക വിരളമായ കാഴ്ച ആയിരിക്കും.പെരുമ്പാമ്പുകളും അതിലും വലിയ മലമ്പാമ്പുകളും സർവ്വസാധാരണമായിരുന്നു.അതുകൊണ്ട് ഉൾവനങ്ങളിൽ പ്രവേശിക്കുന്ന നായാട്ടുകാരും ആദിവാസികളും വളരെ മുൻ കരുതലുകളോടെ മാത്രമേ പോകാറുള്ളൂ.

അധികം മനുഷ്യസ്പർശം ഏൽക്കാത്ത ഈ കാടുകളിൽ രാജവെമ്പാലകളും അണലികളും കൂടാതെ പലതരത്തിലുള്ള വിഷപ്പാമ്പുകൾ കടന്നൽ കൂടുകൾ ,അങ്ങിനെ മനുഷ്യരെ ഭയപ്പെടുത്തുന്ന ധാരാളം സാഹചര്യങ്ങൾ നിലനിന്നിരുന്നു.നായാട്ടിനായി വനത്തിൽ കയറുന്നവരുടെ പേടിസ്വപ്നമായിരുന്നു പെട്ടന്ന് മുൻപിൽ പ്രത്യക്ഷപെടുന്ന കടുവകൾ. നായാട്ടുകൂട്ടങ്ങളുടെ ഒന്നിച്ചുള്ള നായ്ക്കൾ കടുവകളുടെ ഇഷ്ടഭക്ഷണമായിരുന്നു.

കാട്ടിൽക്കൂടി ഒഴുകിയെത്തുന്ന മൂന്നു പുഴകളുടെ സംഗമസ്ഥലമാണ് കൂട്ടുപുഴ.

ഒരുകാലത്തു് പടുകുറ്റൻ കാട്ടുമരങ്ങളും കരിവീട്ടി പോലെയുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള വൃക്ഷങ്ങളാൽ സമ്പന്നമായ ഒരു ഭൂവിഭാഗമായിരുന്നു കൊടഗ് അല്ലങ്കിൽ കുടക് എന്നു വിളിക്കുന്ന ഈ പ്രദേശം.

മാക്കൂട്ടത്തുനിന്ന് ആരംഭിക്കുന്ന ഹെയർ പിൻ വളവുകളം കയറ്റങ്ങളം ഇറക്കങ്ങളും ഏതാണ്ട് വീരരാജ്പേട്ട വരെ തുടരും.

മാക്കൂട്ടത്തുനിന്ന് ഏകദേശം പത്തുകിലോമീറ്റർ വീരരാജ്പേട്ട ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോൾ കൊടും വളവുകളും ഗർത്തങ്ങളും മറ്റും ഉണ്ടായിരുന്ന മേമനെകൊല്ലി ആയി . ഇന്ന് ഗർത്തങ്ങൾ മണ്ണ് ഇടിഞ്ഞു വീണ് നിരന്നു പോയിരിക്കുന്നു.അതോടൊപ്പം ഇന്ന് മേമനെകൊല്ലി എന്ന സ്ഥലവും വിസ്മൃതിയിലായി എന്ന് പറയാം.

എന്തിന് കൊല്ലി എന്ന വാക്ക് പോലും ഇന്ന് അധികം ഉപയോഗിക്കപ്പെടുന്നില്ല.

.റോഡുകൾ പുതുക്കി വീതികൂട്ടി നല്ല രീതിയിൽ പണിതു കഴിഞ്ഞിരിക്കുന്നു. എങ്കിലും ഇന്നും ശ്രദ്ധിച്ചാൽ പഴമയുടെ അവശിഷ്ട്ടങ്ങൾ കാണാനുണ്ട്.ഒരു കയറ്റവും കൊടിയവളവും ഇന്നും മേമനെകൊല്ലി എന്നു വിളിച്ചിരുന്ന സ്ഥലത്ത് നിലനിൽക്കുന്നുണ്ട്.അവിടെ നിന്നും ഏതാണ്ട് രണ്ടുകിലോമീറ്റർ മാറി ഒരു ചെറിയ ചായപ്പീടിക വനമദ്ധ്യത്തിലെ റോഡരുകിൽ കാണാം. സമീപത്തു തന്നെ ശുദ്ധ ജലവും ലഭ്യമായതുകൊണ്ട് ദീർഘദൂരം ഓടുന്ന ബസ്സുകളും മറ്റു വാഹനങ്ങളും ഇവിടെ നിർത്തി വിശ്രമിക്കാറുണ്ട്.

ഇന്ന് എവിടെയും മേമനെകൊല്ലി എന്ന ബോർഡ് കാണാനില്ല. വിചിത്രമായ ഈ പേരിൻ്റെ പിന്നിൽ ഒരു ചരിത്രം കാണാതിരിക്കില്ല.പഴമക്കാരുടെ വായ്ത്താരികളല്ലാതെ മറ്റു വിവരങ്ങൾ ലഭ്യമല്ല.ഇന്ന് ഗവണ്മെന്റ് രേഖകളിൽ മേമനെകൊല്ലി എന്ന പേർ ഉള്ളതായി അറിവില്ല.

എങ്കിലും മേമനെകൊല്ലി എന്ന് വിളിക്കുന്ന സ്ഥലത്തിനടുത്തുള്ള ചായക്കടയിൽ, വിശ്രമത്തിനായി നിർത്തുന്ന ബസുകളിലെ യാത്രക്കാർ പലപ്പോഴും മേമനെകൊല്ലി എന്ന പേർ കേട്ട് അത് എന്താണ് എന്ന ചോദിക്കാറുണ്ട്.

തലമുറകളായി ആവർത്തിക്കുന്ന കഥയും ചരിത്രവും കെട്ടുപിണഞ്ഞു കിടക്കുന്നു.അതിൽ കുറെയെങ്കിലും സത്യം കണ്ടേക്കാം. എങ്കിലും പരസ്പര വിരുദ്ധങ്ങളായ ഈ കഥകളെ ആശയിക്കാതെ ഞാൻ എൻ്റെ ഓർമ്മയിലുള്ള വൺ ലൈൻ സ്റ്റോറിയിൽ നിന്ന് ആരംഭിക്കുന്നു –

ഏതാണ്ട് രണ്ടു നൂറ്റാണ്ട് പഴക്കമുള്ള കഥ.

ഇപ്പോൾ വായനക്കാർക്ക് എന്തായിരുന്നു ആ “വൺ ലൈൻ സ്റ്റോറി”, എന്നറിയുവാൻ താല്പര്യം കാണും.

കഥാന്ത്യം വരെ കാത്തിരിക്കുക

 

(തുടരും )

ജോൺ കുറിഞ്ഞിരപ്പള്ളി