യുകെയിലെ മലയാളി സാംസ്‌കാരിക സംഘടനകള്‍ക്ക് ഒരുപക്ഷെ അസൂയ തോന്നുന്നുണ്ടാവാം ഈ തലയെടുപ്പില്‍. ഗുരുവായൂര്‍ പദ്മനാഭന്റേയും തെച്ചിക്കോട് രാമചന്ദ്രന്റെയും ഒപ്പം നില്‍ക്കാന്‍ പോന്ന യൂറോപ്പിന്റെ തന്നെ സാംസ്‌കാരിക തലസ്ഥാനമായ ലിവര്‍പൂളിലെ മാവേലിമക്കളുടെ സ്വന്തം ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍, ലിംകയുടെ ആവണിത്തെന്നല്‍ 2017 സെപ്റ്റംബര്‍ 16 ശനിയാഴ്ച അത്യാഢംബരപൂര്‍വം ആഘോഷിച്ചുല്ലസിക്കുകയുണ്ടായി. ജനപങ്കാളിത്തത്തില്‍ ശുഷ്‌കിച്ചു കൊണ്ടിരിക്കുന്ന മലയാളി കൂട്ടായ്മകള്‍ക്ക് വേറിട്ടൊരു കാഴ്ചയാണ് ലിവര്‍പൂളില്‍ കാണുവാനിടയായത്. മൂന്നക്കം തികയുന്ന കാണികളെ കൂട്ടുവാന്‍ ടൈംടേബിള്‍ അടിസ്ഥാനത്തില്‍ വീട് കയറി ടിക്കറ്റ് വില്‍ക്കുന്ന സാഹചര്യത്തിന് വിപരീതമായി തങ്ങള്‍ വിഭാവനം ചെയ്തിരുന്ന 400 എന്ന പരിധിയില്‍നിന്നും 520 പ്രവേശന പാസ്സുകള്‍ ആവശ്യപ്പെട്ടവര്‍ക്ക് മാത്രം നല്‍കി നടത്തിയ ഒരു ജനകീയ സംരംഭം സംഘടനയുടെയും സംഘാടകരുടെയും മികവിനെ പ്രശംസനീയമാക്കി എന്ന് പറയാതെ വയ്യ.

മാലോകരെ സംബന്ധിച്ചിടത്തോളം ഓണപ്പുടവയുടുത്തു പൂക്കളമിട്ട് സൗഹൃദ വടംവലി മത്സരം മുതല്‍ ഏവര്‍ക്കും പങ്കെടുക്കാവുന്ന രീതിയില്‍ ഒരുക്കിയിരുന്ന ഓണക്കളികള്‍ക്കും, വിഭവ സമൃദ്ധമായ ഓണസദ്യയ്ക്കും ശേഷം ലിവര്‍പൂളിന്റെ ചരിത്രത്തില്‍ ആദ്യമായി 51 കുട്ടികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ് ലിവര്‍പൂളില്‍ നടാടെ അരങ്ങേറിയപ്പോള്‍ കാലാവസ്ഥ അനുകൂലമായിരുന്നതിനാല്‍ പ്രായ ഭേദമെന്യേ ഏവരും ആഘോഷിക്കുകയുണ്ടായി. ഇതിന്റെ ഭാഗമാകാന്‍ കഴിയാതെ നിരാശയോടെ കാഴ്ചക്കാരായി നില്‍ക്കേണ്ടി വന്ന കുട്ടികള്‍ ഇതിലേറെ എന്നാണ് പല മാതാപിതാക്കളുടെയും പരാതി.

തുടര്‍ന്ന് വിശിഷ്ടാതിഥികളെ പ്രധാന വേദിയിലേക്ക് സ്വീകരിച്ച ശേഷം നടന്ന സാംസ്‌കാരിക സമ്മേളനം ഏഷ്യാനെറ്റ് യൂറോപ്പ് MD യും, ആനന്ദ് മീഡിയ ഡയറക്ടറുമായ ശ്രീ എസ് ശ്രീകുമാര്‍ ഉത്ഘാടനം ചെയ്തു. യുക്മ ദേശീയ അദ്ധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പ്, ലിവര്‍പൂള്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫ: ജിനോ അരിക്കാട്ട്, ലിംക പ്രസിഡന്റ് മനോജ് വടക്കേടത്ത്, സെക്രട്ടറി ഫിലിപ്പ് കുഴിപറമ്പില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തോമസ് ജോണ്‍ വാരികാട്ട്, കമ്യൂണിറ്റി അഫയേഴ്സ് ഡയറക്ടര്‍ ക്രിസ് ഫോസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാലി ബീവേഴ്സ്, തുടങ്ങിയവര്‍ സംസാരിച്ചു.

ബാഹ്യ പ്രലോഭനങ്ങളില്ലാതെ സ്വന്തം ഇച്ഛാശക്തിയില്‍ സ്‌കൈ ഡൈവിങ്ങിലൂടെ ക്ലാറ്റെര്‍ബ്രിഡ്ജ് കാന്‍സര്‍ ഹോസ്പിറ്റലിനു വേണ്ടി ധനസമാഹരണം നടത്തിയ ലിനെറ്റ് മാത്യൂവിന് പ്രത്യേക ഉപഹാരവും നല്‍കി ആദരിക്കുകയുണ്ടായി.

ഒരു പതിറ്റാണ്ടിലേറെക്കാലമായി ലിംകയുടേയും ലിവര്‍പൂള്‍ മലയാളികളുടേയും സമഗ്ര ഉന്നതിക്ക് വേണ്ടി എല്ലാവിധ സഹായങ്ങളും നല്‍കി വരുന്ന ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കമ്യൂണിറ്റി അഫയേഴ്സ് ഡയറക്ടര്‍ ക്രിസ് ഫോസിനു ശ്രീമതി ഷൈബി സിറിയക് പുഷ്പഹാരം നല്‍കി വേദിയിലേക്ക് സ്വീകരിച്ചപ്പോള്‍ ലിംക ട്രഷറാര്‍ ശ്രീ തോമസ് ഫിലിപ്പ് മംഗളപത്രം വായിച്ചും തുടര്‍ന്ന് പൊന്നാട അണിയിച്ചും ആദരിക്കുകയുണ്ടായി.

ലിവര്‍പൂളിലെ സര്‍ഗ്ഗ പ്രതിഭകള്‍ അണിയിച്ചൊരുക്കിയ മികവാര്‍ന്ന കലാപ്രകടനങ്ങള്‍ വലിയ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ ആസ്വദിച്ചത്. പതിനെട്ടു പ്രഗത്ഭ ഗായകര്‍ ചേര്‍ന്നവതരിപ്പിച്ച സംഘ ഗാനവും ബിനു മൈലപ്രയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ജിമിക്കി കമ്മല്‍ എന്ന കോമഡി സ്‌കിറ്റും എല്ലാം ആവണിത്തെന്നല്‍ 2017ന്റെ ചില ഭാഗങ്ങള്‍ മാത്രം.

യുക്മ നടത്തിയ പ്രഥമ വള്ളംകളി മത്സരത്തില്‍ റഗ്ബിയിലെ ഡ്രെയ്‌കോട്ട് തടാകത്തെ ആവേശത്തില്‍ ആറാടിച്ചു രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ലിവര്‍പൂളിന്റെ സ്വന്തം ചെമ്പടയുടെ അമരക്കാരന്‍ ശ്രീ തോമസുകുട്ടി പച്ചയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച പ്രതീകാത്മക വള്ളംകളിയുടെ താളമേളങ്ങള്‍ പുന്നമടക്കായലിന്റെ ഓരത്താണോ ഇപ്പോള്‍ നില്‍ക്കുന്നത് എന്ന് ഒരു നിമിഷം തോന്നിച്ചു.

ലിംകയുടെ കള്‍ച്ചറല്‍ പാര്‍ട്ടണര്‍ കൂടിയായ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അതിവിപുലമായി ആവണിത്തെന്നല്‍ 2017 ആഘോഷിക്കുവാന്‍ അവസരം ഒരുക്കി തന്ന സ്‌കൂള്‍ അധികാരികള്‍ക്കും എല്ലാ ഒരുക്കങ്ങള്‍ക്കും സംഘടന എന്ന ലേബലില്ലാതെ കൂടെ നിന്ന് സഹകരിച്ച ലിവര്‍പൂളിലെ മുഴുവന്‍ മലയാളികള്‍ക്കും പങ്കാളിത്തംകൊണ്ട് തങ്കലിപികളാല്‍ രചിക്കുവാന്‍ അവസരം ഒരുക്കിയ മുഴുവന്‍ ആളുകള്‍ക്കും ലിംകയുടെ പേരില്‍ ഭാരവാഹികള്‍ ഒന്നടങ്കം നന്ദി പറയുകയുണ്ടായി.

ഒക്ടോബര്‍ 14 ശനിയാഴ്ച യുക്മ നോര്‍ത്ത്വെസ്റ് റീജിയണല്‍ കലാമേള ലിംകയുടെ ആഭിമുഖ്യത്തില്‍ ബ്രോഡ്ഗ്രീന്‍ സ്‌കൂളിലെ വിവിധ വേദികളിലായി നടക്കുന്നതായിരിക്കും. ഒക്ടോബര്‍ 28 ശനിയാഴ്ച പന്ത്രണ്ടാമത് ലിംക ചില്‍ഡ്രന്‍സ് ഫെസ്റ്റും ഇതേ വേദിയില്‍ നടക്കുന്നതാണ്. നവംബര്‍ 18 ശനിയാഴ്ച ലിംക അവാര്‍ഡ് നൈറ്റില്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ് എന്നും ലിംക ഭാരവാഹികള്‍ അറിയിച്ചു.