ലോക്ക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് നിർത്തി വച്ച മദ്യ വിൽപ പുനരാംരംഭിച്ചതിന് പിന്നാലെ പ്രതിഷേധവും. കൊട്ടാരക്കരയിൽ ബസ് സ്റ്റാൻഡുകൾക്കിടയിലെ ബിവറേജസ് ഔട്ട്ലെറ്റ് വീണ്ടും തുറന്നതിന്ന് പിന്നാലെ യു.ഡി.എഫും ബി.ജെ.പിയും പ്രതിഷേധമുയർത്തി രംഗത്ത് എത്തി. രാവിലെ ആദ്യം നിൽപ്പ് സമരവും പിന്നീട് കുത്തിയിരിപ്പുമായി കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം രംഗത്ത് എത്തിയത്. സമരം ഉദ്ഘാടനം ചെയ്ത കൊടിക്കുന്നിൽ സുരേഷ് എം.പിയെയും പ്രവർത്തകരെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.
ബസ് സ്റ്റാൻഡിന്റെയും സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും ഇടയിലെ എപ്പോഴും തിരക്കുള്ള ഭാഗത്താണ് ബിവറേജസ് കോർപ്പറേഷന്റെ മദ്യ വിൽപ്പന ശാല മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. പ്രദേശത്തെ പത്തിലധികം വിദ്യാഭ്യാസ സ്ഥാപന മേധാവികളും വിവിധ സംഘടനകളും പി.ഐഷാപോറ്റി എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും ഔട്ട്ലെറ്റ് മറ്റൊരിടത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു.
ഒന്നേകാൽ ലക്ഷം രൂപ വാടക ഉള്ള കെട്ടിടത്തിലാണ് മദ്യവിൽപ്പന ശാല പ്രവർത്തിക്കുന്നത്. വാടകയിൽ ഒരു പങ്ക് ഭരണകക്ഷിയിലെ ചില പ്രമുഖർക്ക് ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമായിരുന്നു. ഈ സാഹചര്യം ചൂണ്ടിക്കാട്ടി നേരത്തെതന്നെ ഇരു സംഘടനകളും സമരം നടത്തുമെന്ന് അറിയിപ്പ് നൽകിയിരുന്നു. ഇന്ന് രാവിലെ 9 മണിയോടെ ഔട്ട്ലെറ്റ് തുറക്കാനൊരുങ്ങിയതോടെയാണ് പ്രതിഷേധ പരിപാടികൾ തുടങ്ങിയത്.
കോൺഗ്രസ് പ്രവർത്തകരായ പ്രതിഷേധക്കാരെ നീക്കിയതിന് പിന്നാലെയാണ് ബി.ജെ.പിയുടെ പ്രതിഷേധം തുടങ്ങിയത്. നിയോജക മണ്ഡലം പ്രസിഡന്റ് വയയ്ക്കൽ സോമൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം പൊലീസുമായി ഉന്തും തള്ളിലുമെത്തി. അവരെയും അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. മദ്യ വിൽപ്പന ശാല ഇവിടെ നിന്നും മാറ്റിയില്ലെങ്കിൽ വീണ്ടും പ്രതിഷേധം ശക്തമാകുമെന്നാണ് വിവിധ സംഘടനകൾ അറിയിച്ചത്.











Leave a Reply