തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരം ജഗതിയിലെ വീട്ടിൽ എത്തിച്ചു. പുതുപ്പള്ളി ഹൗസിലേക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും വിലാപയാത്രയായാണ് എത്തിച്ചത്. വഴിയിൽ ഉടനീളം വൻ ജനക്കൂട്ടം തന്നെയാണ് അദ്ദേഹത്തെ ഒരുനോക്കു കാണാൻ കാത്തു നിന്നത്. പുഷ്പം വിതറി ആദരാജ്ഞലികൾ അർപ്പിച്ചും കണ്ണേ.. കരളേ.. മുദ്രാവാക്യം വിളികളുമായും ആൾക്കൂട്ടം സ്‌നേഹം പ്രകടിപ്പിച്ചു.

ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി ആയിരങ്ങൾ പുതുപ്പള്ളി ഹൗസിലേക്ക് ഒഴുകിയെത്തുന്ന അവസ്ഥയാണുള്ളത്. ഇതോടെ ക്രമീകരണങ്ങളെല്ലാം താളെ തെറ്റുകയാണ്. മൃതദേഹം വഹിച്ചു കൊണ്ടുള്ള ആംബുലൻസ് വീടിന് മുന്നിൽ എത്തിച്ചെങ്കിലും ജനത്തിരക്ക് കാരണം പുറത്തിറക്കാൻ സാധിക്കാതെ അര മണിക്കൂറോളം കാത്തു നിൽക്കേണ്ടി വന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള നേതാക്കാൾ നന്ദേ പാടുപെട്ടു. പൊലീസിനും നിയന്ത്രിക്കുന്നതിന് അപ്പുറത്തേക്ക് ജനക്കൂട്ടം എത്തിയിരുന്നു.

മുൻ മുഖ്യമന്ത്രിയുടെ ചേതനയറ്റ ശരീരം തലസ്ഥാനത്തെത്തിച്ചത് അറിഞ്ഞതോടെ പുതുപ്പള്ളി ഹൗസിലേക്കുള്ള ജനപ്രവാഹവും വർധിക്കുകയാണ്. പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹവും വഹിച്ചുള്ള ആംബുലൻസിന്റെ യാത്രയും ജനസാഗരത്തിൽ മുങ്ങിയായിരുന്നു മുന്നോട്ട് നീങ്ങിയത്. വഴി നീളെ സ്‌നേഹവും കണ്ണീരുമായാണ് തലസ്ഥാന ജനത പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാൻ കാത്തുനിന്നത്.

നേരത്തെ നൂറ് കണക്കിന് പ്രവർത്തകരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ നിന്ന് മൃതദേഹം വിലാപയാത്രയായാണ് പുതുപ്പള്ളി ഹൗസിലേക്ക് എത്തിച്ചത്. ഇവിടുത്തെ പ്രാർത്ഥനയ്ക്കും പൊതു ദർശനത്തിനും ശേഷം ഉമ്മൻ ചാണ്ടിയുടെ മൃതദേഹം സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിലും പൊതു ദർശനത്തിനായി എത്തിക്കും. ഇപ്പോഴത്തെ നിലയിൽ സമയക്രമങ്ങളെല്ലാം തെറ്റാനാണ് സാധ്യത.

നേരത്തെ ആറ് മണിയോടെ മൃതദേഹം കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതിയിട്ടത്. ഇത് വൈകാനാണ് സാധ്യത. നാളെ രാവിലെ ഏഴ് മണിയോടെ വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെടും. നാളെ വൈകിട്ട് അഞ്ച് മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെക്കും. രാത്രിയിൽ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോകും. ജൂലൈ 20 ന് ഉച്ചയ്ക്ക് പുതുപ്പള്ളി പള്ളി സെമിത്തേരിയിലാകും മൃതദേഹം സംസ്‌കരിക്കുക.

കേരള രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവായിരുന്ന ഉമ്മൻ ചാണ്ടി ഇന്ന് പുലർച്ചെ ബെംഗളൂരുവിലാണ് അന്ത്യശ്വാസം വലിച്ചത്. അർബുദ രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്നു. ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25 ന് ആയിരുന്നു മരണം. 79 വയസായിരുന്നു. മുന്മന്ത്രി ടി. ജോണിന്റെ ബംഗളൂരുവിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചിരുന്നു. തുടർന്ന് ഭൗതികശരീരം പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.