മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ജയം നാല് വിക്കറ്റ് അകലെ. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം കളി പുരോഗമിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 157 റണ്‍സെടുത്തു. ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 106 റൺസിന് ഡിക്ലയർ ചെയ്തിരുന്നു. ഇതോടെ 399 റൺസാണു ജയത്തിനായി ഓസ്ട്രേലിയയ്ക്കു വേണ്ടത്. ടിം പെയ്നും കമ്മിന്‍സുമാണ് ക്രീസില്‍. ഓപ്പൺമാരായ മർക്കസ് ഹാരിസ് (27 പന്തിൽ 13) ആരോൺ ഫിഞ്ച്(നാല് പന്തിൽ മൂന്ന്), ഉസ്മാൻ ഖവാജ (59 പന്തിൽ 33), ഷോൺ മാർഷ് (72 പന്തിൽ 44), ട്രാവിസ് ഹെഡ്(34), മിച്ചല്‍ മാര്‍ഷ്(21 പന്തിൽ 10) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്കു നഷ്ടമായത്. ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവർ രണ്ടും മുഹമ്മദ് ഷാമി ഒരു വിക്കറ്റും നേടി.
മൂന്നാം ദിനം കളിനിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 54 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. നാലാം ദിനം 52 റൺസ് എടുക്കുന്നതിനിടയിൽ മൂന്നു വിക്കറ്റുകൾ കൂടി ഇന്ത്യയ്ക്കു നഷ്ടമായി. മായങ്ക് അഗവർവാൾ (42), ഋഷഭ് പന്ത് (33), രവീന്ദ്ര ജഡേജ (5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്നു നഷ്ടമായത്. പാറ്റ് കമ്മിൻസാണു ഇന്ത്യയെ എറിഞ്ഞുടച്ചത്. 11 ഓവറുകളിൽനിന്ന് 27 റൺസ് വിട്ടുകൊടുത്ത കമ്മിൻസ് ആറു വിക്കറ്റുകൾ വീഴ്ത്തി. ഹെയ്സൽവുഡ് രണ്ടു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഓപ്പണർ ഹനുമ വിഹാരി (45 പന്തിൽ 13), ചേതേശ്വര്‍ പൂജാര (പൂജ്യം), വിരാട് കോഹ്‍ലി (പൂജ്യം), അജിൻക്യ രഹാനെ (ഒന്ന്), രോഹിത് ശർമ (18 പന്തിൽ 5) എന്നിവരാണു മൂന്നാം ദിവസം പുറത്തായ ഇന്ത്യൻ താരങ്ങൾ.
ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 151 റൺസിന് പുറത്തായിരുന്നു. ജസ്പ്രീത് ബുമ്രയുടെ ആറ് വിക്കറ്റ് പ്രകടനത്തിലാണ് ഓസീസ് ഇന്നിങ്സ് ഇന്ത്യ അനായാസം അവസാനിപ്പിച്ചത്. മാർകസ് ഹാരിസ് (35 പന്തിൽ 22), ആരോണ്‍ ഫിഞ്ച് (36 പന്തിൽ എട്ട്), ഉസ്മാൻ ഖവാജ (32 പന്തിൽ 21), ഷോൺ മാർഷ് (61 പന്തിൽ 19), ട്രാവിസ് ഹെഡ് (48 പന്തിൽ 20), മിച്ചൽ മാർഷ് (36 പന്തിൽ ഒൻപത്), പാറ്റ് കമ്മിൻസ് (48 പന്തിൽ 17), ടിം പെയ്ൻ (85 പന്തിൽ 22), നാഥൻ ലിയോൺ (പൂജ്യം), ജോഷ് ഹെയ്സൽവുഡ് (പൂജ്യം) എന്നിങ്ങനെയാണു പുറത്തായ ഓസീസ് താരങ്ങളുടെ സ്കോറുകൾ. 7 റൺസുമായി മിച്ചൽ സ്റ്റാർക് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഇഷാന്ത് ശർമയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റുകൾ വീതവും സ്വന്തമാക്കി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴിന് 443 എന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. കരിയറിലെ 17–ാം സെഞ്ചുറി കുറിച്ച ചേതേശ്വർ പൂജാരയുടെ മികവിലാണു ഒന്നാം ഇന്നിങ്സിൽ വമ്പൻ സ്കോറിലേക്ക് ഇന്ത്യ എത്തിയത്. 280 പന്തുകളിൽ നിന്നാണ് പൂജാര സെഞ്ചുറി നേട്ടം കുറിച്ചത്. ഇന്ത്യയ്ക്കായി കന്നി മൽസരം കളിക്കുന്ന മായങ്ക് അഗര്‍വാൾ, ക്യാപ്റ്റൻ വിരാട് കോഹ്‍ലി, രോഹിത് ശർമ എന്നിവർ അർധസെഞ്ചുറി നേടി.
Leave a Reply