നോർത്ത് സൗണ്ട് (ആന്റ്വിഗ): വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു. മൂന്നാംദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ മൂന്നിന് 185 റൺസെന്ന നിലയിലാണ്. വിരാട് കോഹ്ലി(51), അജിങ്ക്യ രഹാനെ(53) എന്നിവരാണ് ക്രീസിൽ. രണ്ടുദിവസം ബാക്കി നിൽക്കേ ഇന്ത്യക്ക് ഇപ്പോൾ 260 റൺസിന്റെ ലീഡാണുള്ളത്. രണ്ടാം ഇന്നിംഗ്സിൽ 81 റണ്‍സ് എത്തിയപ്പോഴേക്കും ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ നിലംപൊത്തി. ലോകേഷ് രാഹുൽ(38), മയാങ്ക് അഗർവാൾ(16), ചേതേശ്വർ പുജാര(25) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. റോഷ്ടൺ ചേസ് രണ്ടും കെമർ റോച്ച് ഒരു വിക്കറ്റും വീഴ്ത്തി.
എന്നാൽ നാലാം വിക്കറ്റിൽ കോഹ്ലി-രഹാനെ സഖ്യം ഒന്നിച്ചതോടെ ഇന്ത്യ പിടിമുറുക്കി. എട്ട് വിക്കറ്റ് നഷ്ടത്തിൽ 189 റണ്‍സ് എന്ന നിലയിലാണ് വെസ്റ്റ് ഇൻഡീസ് മൂന്നാം ദിനമായ ഇന്നലെ മത്സരം ആരംഭിച്ചത്. 33 റണ്‍സ്കൂടി ചേർക്കാനേ ഇന്ത്യ അവരെ അനുവദിച്ചുള്ളൂ. ഒന്നാം ഇന്നിംഗ്സിൽ 297 റണ്‍സിനു പുറത്തായ ഇന്ത്യ ആതിഥേയരെ 222ൽ ഒതുക്കി 75 റണ്‍സ് ലീഡ് സ്വന്തമാക്കി. 39 റണ്‍സ് എടുത്ത ജേസണ്‍ ഹോൾഡറെ മുഹമ്മദ് ഷാമിയും മിഗ്വേൽ കമ്മിൻസിനെ പൂജ്യത്തിന് രവീന്ദ്ര ജഡേജയും പുറത്താക്കി വിൻഡീസ് ഇന്നിംഗ്സിനു തിരശീലയിട്ടു. ഇന്ത്യക്കായി ഇഷാന്ത് ശർമ 43 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തി. ഷാമിയും ജഡേജയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.
Leave a Reply