യുകെയിലെ ഏറ്റവും പ്രമുഖമായ മലയാളി സംഘടനകളില്‍ ഒന്നായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി അംഗത്വ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. എല്ലാ വര്‍ഷവും അംഗത്വം പുതുക്കുന്നതിലൂടെ ഓരോ അംഗങ്ങളെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യുക എന്നതും എല്ലാ അംഗങ്ങളിലേക്കും എല്‍കെസി പ്രവര്‍ത്തനങ്ങള്‍ എത്തിക്കുക എന്നതുമാണ് എല്‍കെസി ലക്ഷ്യമിടുന്നത്. ഇരുനൂറ്റി അന്‍പതിലധികം കുടുംബങ്ങള്‍ക്ക് അംഗത്വമുള്ള എല്‍കെസി യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മലയാളി സംഘടനകളില്‍ ഒന്നാണ് എന്നത് കൊണ്ട് തന്നെ അംഗത്വ നവീകരണം ശ്രമകരമായ കാര്യമാണ്. അത് കൊണ്ട് തന്നെ രണ്ട് മാസമാണ് അംഗത്വ നവീകരണം പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കാന്‍ സമയപരിധിയായി നിശ്ചയിച്ചിരിക്കുന്നത്.
എല്ലാവര്‍ക്കും ഓണ്‍ലൈന്‍ വഴി തന്നെ അംഗത്വം പുതുക്കാനുള്ള അവസരം ഒരുക്കിയതിന് ശേഷമാണ് ഇത്തവണ എല്‍കെസി ഭാരവാഹികള്‍ മെമ്പര്‍ഷിപ്പ് റിന്യൂവല്‍ എന്ന ദൗത്യം ആരംഭിച്ചിരിക്കുന്നത് എന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കുകയാണ്. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഓണ്‍ലൈനില്‍ അംഗത്വം പുതുക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. www.leicesterkeralacommunity.org.uk എന്ന വെബ്സൈറ്റ് വഴിയാണ് അംഗത്വം പുതുക്കാന്‍ സാധിക്കുക. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് എല്‍കെസി സൈറ്റില്‍ എത്തുന്നവര്‍ക്ക് Renewal എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് അംഗത്വം പുതുക്കാവുന്നതാണ്. ഇതിനുള്ള ഫീസ് ഉള്‍പ്പെടെയുള്ള വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.
അസോസിയേഷന്‍ അംഗങ്ങളുടെയും കുട്ടികളുടെയും സമഗ്ര വളര്‍ച്ചയ്ക്ക് ഉതകുന്ന നിരവധി കാര്യങ്ങള്‍ ഊര്‍ജ്ജസ്വലതയോടെ നടപ്പാക്കി കൊണ്ട് അനുസ്യൂതം മുന്നേറുക കൂടിയാണ് എല്‍കെസി. അസോസിയേഷനിലെ കുട്ടികള്‍ക്ക് മാതൃഭാഷയായ മലയാളത്തിന്‍റെ മാധുര്യം പകര്‍ന്ന് നല്‍കുന്നതിനുള്ള അവസരമൊരുക്കി കൊണ്ട് എല്‍കെസി മലയാളം സ്കൂള്‍ പുനരാരംഭിച്ച് കൊണ്ട് മറ്റൊരു മാതൃക കൂടി കാണിച്ചിരിക്കുകയാണ് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി.
ആദ്യ ദിനത്തിലെ ക്ലാസ് എല്‍കെസി പ്രസിഡണ്ട് അജയ് പെരുമ്പലത്ത്, സെക്രട്ടറി രാജേഷ് ജോസഫ്, ട്രഷറര്‍ ജോസ് തോമസ്, ജോയിന്‍റ് സെക്രട്ടറി ബിന്‍സി ജയിംസ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഭദ്രദീപം കൊളുത്തിയാണ് ആരംഭിച്ചത്. അസോസിയേഷന്‍ മുന്‍ സെക്രട്ടറിയും മലയാളം സ്കൂള്‍ കോര്‍ഡിനേറ്ററുമായ അനീഷ് ജോണിന്‍റെ നേതൃത്വത്തില്‍ ബോബി ജോസ്, സിബു ജോസ് എന്നിവരാണ് ക്ലാസ്സുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച തുടക്കം കുറിച്ച മലയാളം ക്ലാസ്സില്‍ ആദ്യ ദിനം തന്നെ മുപ്പത് കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ കുട്ടികളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്. ലെസ്റ്ററിലെ സെന്റ് ആന്‍സ് ചര്‍ച്ച് ഹാളില്‍ എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം അഞ്ച് മണിക്കാണ് മലയാളം ക്ലാസുകള്‍ ആരംഭിക്കുക.
Leave a Reply