തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ ഒന്നര വയസ്സുകാരൻ അർഷിതിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ടാനച്ഛൻ അഷ്‌കറിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ നാട്ടുകാർ രോഷാകുലരായി. ഞായറാഴ്ച രാവിലെ പോലീസ് പ്രതിയെ സ്ഥലത്തെത്തിച്ചതറിഞ്ഞ് വലിയ ജനക്കൂട്ടമാണ് വീടിന് സമീപം തടിച്ചുകൂടിയത്. പ്രതിയെ വാഹനത്തിൽ നിന്ന് പുറത്തിറക്കിയതോടെ ആളുകൾ പ്രതിഷേധവുമായി മുന്നോട്ടുചാടി. സുരക്ഷയ്ക്കായി എത്തിയ പോലീസ് ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് അഷ്‌കറിനെ വീടിനകത്തേക്ക് മാറ്റിയത്. തുടർന്ന് മിനിറ്റുകൾക്കകം തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ് പ്രതിയുമായി മടങ്ങി. ഇതിനിടെ പ്രതി ഉപയോഗിച്ചിരുന്ന കാർ ചിലർ അടിച്ചുതകർത്തതായും റിപ്പോർട്ടുണ്ട്.

കുഞ്ഞിന്റെ അമ്മ അഖിലയെയും രണ്ടാനച്ഛൻ അഷ്‌കറിനെയും കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്രൂരമായ മർദനമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് നടപടി. അഖിലയുടെ ആദ്യഭർത്താവിന്റെ മകനായ അർഷിത്, പിതാവിന്റെ മരണശേഷം അമ്മയ്ക്കും അഷ്‌കറിനുമൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ആറുമാസമായി കുടുംബം പനവൂരിലെ വീട്ടിലായിരുന്നുവെങ്കിലും അയൽവാസികളുമായി കാര്യമായ ബന്ധം പുലർത്തിയിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വീട്ടിൽ നിന്ന് ഇടയ്ക്കിടെ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാറുണ്ടായിരുന്നുവെന്നും സമീപവാസികൾ വെളിപ്പെടുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്തിടെ കുഞ്ഞിന്റെ ഇരുകൈകളിലും പ്ലാസ്റ്ററിട്ട നിലയിൽ കണ്ടിരുന്നുവെന്നും ഇതുസംബന്ധിച്ച് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ സംശയം തോന്നിയതിനെ തുടർന്ന് കുഞ്ഞിന്റെ പിതൃവീട്ടുകാരെ ചിലർ വിവരം അറിയിച്ചിരുന്നു. അതേസമയം, കുഞ്ഞിന്റെ വസ്ത്രങ്ങൾ കത്തിച്ചു നശിപ്പിക്കാൻ അഖിലയും അഷ്‌കറും ശ്രമിച്ചിരുന്നതായും പ്രദേശവാസികൾ ആരോപിക്കുന്നു. പാതിക്കത്തിക്കരിഞ്ഞ നിലയിൽ ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് പോലീസ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. കേസിൽ സമഗ്ര അന്വേഷണം തുടരുകയാണെന്നും പ്രതികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.