കണ്ണുനീരും സന്തോഷവുമായി, പ്രതീക്ഷയും വിശ്വാസവുമായി; ഒരു കാത്തിരിപ്പ്. പതിനായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാത്തിരിപ്പാണിത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രി മുറിയിലും ലൈബീരിയയിലെ ഭവനത്തിലുമായി വിഭജിക്കപ്പെട്ട ഈ കുടുംബം ഹര്‍ഷമുണര്‍ത്തുന്ന കൂടിച്ചേരലിനായി മടുക്കാതെ കാത്തിരിക്കുകയാണ്.പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ നിന്ന് രണ്ടര വയസ്സുള്ള മകന്‍ ജിന്‍ പേയുമായി ജെന്നെ ഇന്ത്യയിലെത്തിയത് മാര്‍ച്ച് രണ്ടിനാണ്. ജിന്നിന്റെ കുഞ്ഞു ഹൃദയത്തിന് ചികിത്സ തേടിയായിരുന്നു അനേകായിരം കാതങ്ങള്‍ താണ്ടിയുള്ള യാത്ര.
പീറ്റര്‍, ജെന്നെ ദമ്പതികളുടെ രണ്ടാമത്തെ മകനായ ജിന്‍, ജനിച്ച് ഏതാനും നാളുകള്‍ക്കകം തന്നെ ഹൃദയത്തിന് തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. ശരീരഭാരം ആനുപാതികമായി വര്‍ദ്ധിക്കാത്തതും കൂടെകൂടെയുള്ള ശ്വാസകോശസംബന്ധമായ അസുഖങ്ങളുമാണ് വിശദമായ പരിശോധനകളിലേക്ക് നയിച്ചത്. വൈകാതെ തന്നെ കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വേണ്ടി വരുമെന്ന് പീറ്ററും ജെന്നെയും മനസ്സിലാക്കി. ആരോഗ്യമേഖലയില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ശസ്ത്രക്രിയ ഉള്‍പ്പടെ കുട്ടികളുടെ ഹൃദ്രോഗ ചികിത്സാസൗകര്യങ്ങളുള്ള കേന്ദ്രങ്ങള്‍ ലൈബീരിയയില്‍ ഇല്ല.
തലസ്ഥാനമായ മൺറോവിയയിലെ ജെ എഫ് കെ മെഡിക്കല്‍ സെന്ററിലെ സീനിയര്‍ പീഡിയാട്രിഷ്യനായ ഡോ. സിയ കമനോറാണ് ചികിത്സയ്ക്കായി ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗം നിര്‍ദേശിച്ചത്. ലൈബീരിയയിലെ പാവപ്പെട്ട കുട്ടികള്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുതില്‍ പ്രശംസനീയമായ ശ്രമങ്ങള്‍ നടത്തിയിട്ടുള്ള ഡോ. സിയ മുന്‍പും ധാരാളം കുട്ടികള്‍ക്ക് ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗത്തിന്റെ സഹകരണത്തോടെ ലഭ്യമാക്കിയിട്ടുണ്ട്.
പിന്നീട് പീറ്ററിനും ജെന്നെയ്‌ക്കും കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും നാളുകളായിരുന്നു. ഓവര്‍ടൈം ജോലിചെയ്തും കുടുംബവീട് പണയപ്പെടുത്തിയും മറ്റു വിനോദോപാധികള്‍ വേണ്ടെന്ന് വച്ചുമൊക്കെയാണ് യാത്രയ്ക്കും ചികിത്സയ്ക്കുമുള്ള പണം കണ്ടെത്തിയത്. ഒരു മാസം നീളുന്ന വിരഹത്തിന് ശേഷം എല്ലാം കൂടുതല്‍ ശുഭകരവും സന്തോഷകരവുമായി പര്യവസാനിക്കുമെന്ന പ്രതീക്ഷയിലാണ് പുറപ്പെട്ടത്.
പക്ഷേ കൊവിഡ് എല്ലാ കണക്കുകൂട്ടലുകളും തകര്‍ത്തു. മാര്‍ച്ച് ആറിന് ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗത്തില്‍ പ്രവേശിപ്പിച്ച ജിന്നിന് 12 നാണ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തിയത്. അയോട്ടാ പൾമണറി വിന്‍ഡോയില്‍ ഉണ്ടായിരുന്ന സുഷിരം ശസ്ത്രക്രിയയിലൂടെ അടയ്ക്കുകയായിരുന്നു.ശസ്ത്രക്രിയയെ തുടർന്ന് വളരെ വേഗം ആരോഗ്യനിലയില്‍ പുരോഗതി കണ്ടതോടെ വലിയ ആഹ്‌ളാദത്തിലായിരുന്നു ജെന്നെയും ലൈബീരിയയിലുള്ള കുടുംബവും. തുടര്‍പരിശോധനകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ രണ്ടിന് മടങ്ങാനിരിക്കെയാണ് മഹാമാരിമൂലം കാര്യങ്ങളൊക്കെ കീഴ്‌മേല്‍ മറിഞ്ഞത്.
ചികിത്സയ്ക്കും ഒരു മാസത്തെ ചെലവുകള്‍ക്കുമായി ജെന്നെ കരുതിയതൊക്കെ ഇതിനോടകം തീർന്നു കഴിഞ്ഞു. ലിസി ആശുപത്രി അധികൃതരുടെ കരുതലിൽ, ആശുപത്രിയിൽ തന്നെയാണ് ഇപ്പോള്‍ അമ്മയുടെയും കുഞ്ഞിന്റെയും താമസവും ഭക്ഷണവും. ഇടയ്ക്ക് ലൈബീരിയൻ എംബസിയും മറ്റും ചെറിയ സഹായങ്ങൾ നൽകിയിരുന്നു. യാതനകളുടെയും കണ്ണീരിന്റെയും കഥകള്‍ വിരചിക്കുന്ന മഹാമാരിയുടെ കാലം കാരുണ്യത്തിന്റെയും കരുതലിന്റെയും അനേകം കഥകള്‍ പിറക്കുതിനും സാക്ഷിയായല്ലോ. ആ പ്രതീക്ഷയിലാണ് നിരാശരാകാതെ ജെന്നെയും കുഞ്ഞും കൊച്ചിയിലും പീറ്ററും മൂത്ത മകനും ലൈബീരിയയിലും കാത്തിരിക്കുന്നത്.
Leave a Reply