നടനുമായ എം.ബി. പത്മകുമാർ. വ്യത്യസ്ത പ്രമേയങ്ങൾ സിനിമയാക്കുന്ന ശീലമുള്ള പത്മകുമാറിന്റെ ‘മൈ ലൈഫ് പാർട്ണർ’, ‘രൂപാന്തരം’ എന്നീ സിനിമകൾ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിരുന്നു. അതേ മാർഗത്തിലൂടെയാണു പുതിയ ചിത്രം ‘ടെലിസ്കോപ്’ എടുത്തത്.അൻപത്തഞ്ച് അടി ആഴവും (പത്താൾ ആഴം) എട്ടടി വ്യാസവുമുള്ള (ഒന്നരയാൾ വീതി) കുഴിക്കുള്ളിൽ നടക്കുന്ന ഒരു കഥ സിനിമയാക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സിനിമയിലെ ഒരു രംഗം പോലും കുഴിക്കു പുറത്തില്ലെന്നിരിക്കെ. എന്നാൽ അത്തരമൊരു വെല്ലുവിളി ഏറ്റെടുത്തു വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് സംവിധായകൻ

എട്ടു മനുഷ്യരും രണ്ടു മൃഗങ്ങളുമാണു കഥാപാത്രങ്ങൾ. ഇതിൽ ഒരു മൃഗം കുഴിക്കുള്ളിലും മറ്റൊന്നു പുറത്തുമാണ്. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വർഷങ്ങൾക്കു മുമ്പ് ആരോ കുഴിച്ച 65 അടി ആഴമുള്ള കുഴിയാണ് ചിത്രീകരണത്തിന് ഉപയോഗിച്ചത്. കുഴി കാടും പടർപ്പും മൂടിക്കിടക്കുകയായിരുന്നു. എല്ലാം വെട്ടിത്തെളിച്ച ശേഷം ചിത്രീകരണം തുടങ്ങാനൊരുങ്ങുമ്പോൾ അടിയിൽ വായു സഞ്ചാരമില്ലെന്നു വ്യക്തമായി. കുഴിക്കുള്ളിൽ കുപ്പിച്ചില്ല് ഉൾപ്പെടെ ഒരുപാട് അവശിഷ്ടങ്ങൾ. അതിനു മുകളിൽ നിന്ന് അഭിനയിക്കുക അസാധ്യം. തുടർന്ന് അവശിഷ്ടങ്ങൾക്കു 10 അടി മുകളിലായി ഇരുമ്പും പ്ലൈവുഡും ഉപയോഗിച്ചു പ്ലാറ്റ്ഫോം നിർമിച്ചു. അതോടെ കുഴിയുടെ ആഴം 55 അടിയായി. തുടർന്ന് ഓക്സിജൻ സിലിണ്ടറുകൾ കൊണ്ടുവന്ന് അകത്തേക്ക് കുഴലിലൂടെ പ്രാണവായു നൽകി. അതിനു ശേഷമാണു ചിത്രീകരണം തുടങ്ങിയത്.

telescope-movie

സിനിമയിൽ അഭിനയിച്ച ബാലാജി ഒഴികെ എല്ലാവരും പുതുമുഖങ്ങളായിരുന്നു. എട്ടു മുതൽ 80 വയസ്സു വരെയുള്ള കഥാപാത്രങ്ങളുണ്ട്. ഇതിൽ ഒരാൾ വനിത. എല്ലാവർക്കും 5 ദിവസം റിഹേഴ്സൽ കൊടുത്തു.‍‍ ഡയലോഗുകൾ പഠിപ്പിച്ചു. ഒരു ദിവസം കുഴിക്കുള്ളിലായിരുന്നു റിഹേഴ്സൽ. തുടർന്ന് 10 ദിവസം കുഴിക്കുള്ളിൽ ചിത്രീകരണം. ക്യാമറാമാൻ ഗുണയും ശബ്ദ ലേഖകൻ ഉൾപ്പെടെ മൂന്നു സാങ്കേതിക വിദഗ്ധരും മുഴുവൻ സമയവും അഭിനേതാക്കൾക്കൊപ്പം കുഴിയിലുണ്ടായിരുന്നു. ഓരോരുത്തരെയും ഇരുമ്പു കുട്ടയിൽ ഇരുത്തി കപ്പിയും കയറും ഉപയോഗിച്ച് താഴേക്കിറക്കുകയായിരുന്നു. സംവിധായകൻ പത്മകുമാർ കുഴിക്കുള്ളിൽ ഇറങ്ങി അഭിനേതാക്കൾക്കു നിർദേശം കൊടുത്ത ശേഷം മുകളിലേക്കു കയറും. തുടർന്നു മോണിട്ടറിൽ നോക്കിയാണു മറ്റു നിർദേശങ്ങൾ നൽകുക. ലൈവ് റെക്കോർഡിങ് ആയതിനാൽ അനാവശ്യ ശബ്ദങ്ങളൊന്നും പാടില്ല.

തുടർച്ചയായി 10 മണിക്കൂർ വരെ കുഴിക്കുള്ളിൽ ചെലവഴിച്ച അഭിനേതാക്കളുണ്ട്. ഇതിനിടെ ഭക്ഷണവും വെള്ളവും മറ്റും കുഴിയിലേക്ക് ഇറക്കിക്കൊടുക്കും. സിലിണ്ടറിൽ നിന്നുള്ള ഓക്സിജനു പുറമേ ഇടയ്ക്കിടെ ഫാൻ ഉപയോഗിച്ച് അകത്തേക്ക് കാറ്റ് അടിക്കും. ചിലയാളുകൾ മൂത്രം ഒഴിക്കാൻ പോലും പുറത്തിറങ്ങാതെ കുപ്പിയിൽ കാര്യം സാധിക്കുകയായിരുന്നു. കുഴിയുടെ അടിയിലെത്തിയാൽ മറ്റൊരു ലോകത്തെത്തിയ പോലെയാണെന്നു പത്മകുമാർ പറയുന്നു. മണിക്കൂറുകൾ കഴിയുമ്പോൾ അതുമായി ഇണങ്ങും. പക്ഷേ, ആ അനുഭവം മൂലം രാത്രിയിൽ ഉറങ്ങാൻ പോലും സാധിച്ചുവെന്നു വരില്ല.

ചിത്രീകരണത്തിനിടെ എല്ലാവരെയും ഭയപ്പെടുത്തി കനത്ത മഴ പെയ്തു. കുഴി ടാർപോളിൻ ഇട്ടു മൂടിയിരുന്നുവെങ്കിലും അതിനു മുകളിൽ വെള്ളം കെട്ടിനിന്നു. കുറെക്കഴിഞ്ഞപ്പോൾ വൻ ശബ്ദത്തോടെ ടാർപോളിനു മുകളിലുള്ള വെള്ളം കുഴിയിലേക്കു പൊട്ടിയൊഴുകി. അകത്തുള്ള എല്ലാവരും പേടിച്ചു നിലവിളിച്ചതോടെ ഷൂട്ടിങ് നിർത്തിവയ്ക്കേണ്ടി വന്നു. മഴ തുടർന്നാൽ കുഴിയിലേക്ക് മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന പേടിയും ഉണ്ടായിരുന്നു. കാഴ്ചക്കാരിൽ ചില‍ർ മണ്ണിടിയുമെന്നു പറഞ്ഞ് അഭിനേതാക്കളെ പേടിപ്പിക്കാൻ തുടങ്ങിയതോടെ ഷൂട്ടിങ് സ്ഥലത്ത് സന്ദർശകർക്കു പൂർണ വിലക്ക് ഏർപ്പെടുത്തി. ‘ടെലിസ്കോപ്’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം എങ്ങനെ കുഴിക്കുള്ളിൽ ആയി എന്നതു ചിത്രത്തിന്റെ സസ്പെൻസ് ആണ്. കുഴിക്കു പുറത്ത് ഒരു രംഗം പോലുമില്ലെങ്കിലും ഒരു മണിക്കൂർ 35 മിനിറ്റ് നീളുന്ന സിനിമ ബോറടിപ്പിക്കില്ലെന്നു പത്മകുമാർ ഉറപ്പു നൽകുന്നു