ബിജെപിയുടെ കേരളത്തിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആര്‍എസ്എസ് നേതൃത്വത്തിന്റെയും അമിത് ഷായുടെയും തീരുമാനങ്ങള്‍ നടപ്പിലായപ്പോള്‍ പല മുതിര്‍ന്ന നേതാക്കള്‍ക്കും പ്രതീക്ഷിച്ച സീറ്റ് ലഭിക്കാത്ത അവസ്ഥയാണുള്ളത്. പാലക്കാട് മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനെ മാറ്റി സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു. പാലക്കാട് സീറ്റിനായി തുടക്കം മുതല്‍ ശോഭാ സുരേന്ദ്രന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ പിന്തുണ സി കൃഷ്ണകുമാറിനായിരുന്നു അനുകൂലമായത്.
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദന് പിന്നാലെ രണ്ടാം സ്ഥാനത്ത് എത്തിയതും കൃഷ്ണകുമാറിന് പാലക്കാട് സീറ്റുറപ്പിക്കുന്നതിന് തുണയായി. പാലക്കാട് സീറ്റ് ലഭിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്ന നിലപാടുമായി എടുത്ത ശോഭാ സുരേന്ദ്രനെ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. ആറ്റിങ്ങല്‍ മണ്ഡലത്തിലാവും ശോഭ മത്സരിക്കുക.
പത്തനംതിട്ട സീറ്റ് കിട്ടാതെ വന്നതോടെ മത്സരിക്കില്ലെന്ന നിലപാടിലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംടി രമേശ്. പത്തനംതിട്ട സീറ്റിനായി അവസാനനിമിഷം വരെ സമ്മര്‍ദ്ദം ചെലുത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയോടെ മത്സരിക്കാതെ തെരഞ്ഞെടുപ്പ് പ്രചരണം ഏകോപിപ്പിക്കാനാണ് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.
ശബരിമല വിഷയത്തില്‍ 28 ദിവസം ജയിലില്‍ കിടന്ന കെ സുരേന്ദ്രനാണ് പത്തനംത്തിട്ടയില്‍ മത്സരിക്കുക. സുരേന്ദ്രനെ പാര്‍ട്ടിക്ക് ഏറ്റവും വിജയപ്രതീക്ഷയുള്ള പത്തനംതിട്ട സീറ്റില്‍ എത്തിച്ചതിന് പിന്നില്‍ ആര്‍എസ്എസ് ഇടപെടലാണ്. സുരേന്ദ്രനെ മികച്ച സീറ്റില്‍ മത്സരിപ്പിക്കാത്ത പക്ഷം അത് അണികളുടെ പ്രതിഷേധം വരുത്തിവയ്ക്കുമെന്നാണ് ആര്‍എസ്എസ് കേന്ദ്രനേതൃത്വത്തെ അറിയിച്ചത്.
കൊല്ലം സീറ്റിലേക്ക് കോണ്‍ഗ്രസ് വിട്ടു വന്ന ടോം വടക്കനെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. തൃശ്ശൂരോ ചാലക്കുടിയോ ആയിരുന്നു ടോം വടക്കന്റെ ലക്ഷ്യം. എന്നാല്‍ തൃശൂര്‍ സീറ്റ് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉറപ്പിച്ചു. തുഷാറിന് വേണ്ടി അമിത് ഷാ കര്‍ശന നിലപാടാണ് എടുത്തത്. കെഎസ് രാധാകൃഷ്ണനെ ആലപ്പുഴയിലും ചാലക്കുടി സീറ്റില്‍ മുതിര്‍ന്ന നേതാവ് എഎന്‍ രാധാകൃഷ്ണന്റെയും പേരാണ് ഇപ്പോള്‍ പാര്‍ട്ടി പരിഗണിക്കുന്നത്. അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളം സീറ്റിലേക്കാണ് പരിഗണിക്കുന്നത്.
നിലവില്‍ പിഎസ് ശ്രീധരന്‍പിള്ളയും എംടി രമേശും കൂടാതെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ പികെ കൃഷ്ണദാസും ഇക്കുറി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലന്നാണ് വിവരം.
Leave a Reply