സുപ്രീംകോടതിയുടെ വിധി ഉണ്ടായാലും തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാകില്ലന്ന് റിപ്പോര്‍ട്ട്. നിലവറയിലെ അമ്യൂല്ല്യശേഖരങ്ങളുടെ കണക്കെടുക്കാന്‍ നിലവറയുടെ പൂട്ട് സ്‌ഫോടനം നടത്തി തുറക്കേണ്ടിവരുമെന്നും അല്ലാതെ ഒരാള്‍ക്ക് പോലും അതിനുള്ളിലേക്ക് കടക്കാനാവില്ലെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വജ്രാഭരണങ്ങള്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ബി നിലവറ തുറക്കണമെന്ന് ആവശ്യപ്പെട്ടത്. മൂല്യനിര്‍ണയം പൂര്‍ത്തിയാക്കണമെങ്കില്‍ ബി നിലവറ തുറന്നെ മതിയാവൂ. അത് ആചാരങ്ങളെയോ ആരുടെയെങ്കിലും മതവികാരത്തെയോ വ്രണപ്പെടുത്തില്ല. നിലവറ തുറന്നില്ലെങ്കില്‍ അനാവശ്യ സംശയങ്ങള്‍ക്ക് ഇടയാക്കുമെന്നു പറഞ്ഞ കോടതി, നിലവറയിലെ കണക്കെടുപ്പിന്റെ സുതാര്യത ഉറപ്പാക്കണമെന്നും വ്യക്തമാക്കി.

നിലവറ തുറന്ന് പരിശോധിക്കുന്നത് സംബന്ധിച്ച അഭിപ്രായം ആരായാനായി അമിക്കസ് ക്യൂറി രാജകുടുംബത്തിന്റെ യോഗം വിളിച്ച് ചേര്‍ത്ത് മറുപടി ഉടന്‍ കോടതിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടിരുന്നു. എ നിലവറയില്‍ നിന്ന് പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കണ്ടെത്തിയത്. ഇതിലും ഇരട്ടി ബി നിലവറയില്‍ കാണുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ബി നിലവറയുടെ ആദ്യ വാതില്‍ കടന്നാല്‍ പിന്നെ ഉരുക്ക് വാതിലാണുള്ളത്. ഏറെ ബലമുള്ള ഉരുക്ക് ഉപയോഗിച്ചാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ആര്‍ക്കും പൊളിക്കാനാവരുതെന്നതായിരുന്നു ലക്ഷ്യം. ഇതിന് പൂട്ടുമുണ്ട്. പൂട്ട് തുറന്നാല്‍ അകത്ത് കയറാം. എന്നാല്‍ ഈ പൂട്ട് തുറക്കാന്‍ ഇന്ന് ആര്‍ക്കും അറിയില്ലെന്നാണ് രാജകുടുംബത്തില്‍ നിന്ന് ലഭിക്കുന്ന സൂചന.

പൂട്ടു തുറക്കാനുള്ള താക്കോല്‍ രാജകുടുംബത്തിലുണ്ട്. എന്നാല്‍ നവസ്വരങ്ങളുടെ പാസ് വേര്‍ഡ് ഉപയോഗിച്ചാണ് വാതില്‍ പൂട്ടിയിരിക്കുന്നത്. ഇത് തുറക്കണമെങ്കില്‍ പൂട്ടുമ്പോള്‍ ഉപയോഗിച്ച ഒന്‍പത് വാദ്യങ്ങളും അതേ സ്വരവും അനിവാര്യമാണ്. ഇതിനെ കുറിച്ച് ആര്‍ക്കും അറിയില്ല. ഇതു സംബന്ധിച്ച താളിയോലകള്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇവ നഷ്ടമാവുകയും ചെയ്തു. അതുകൊണ്ട് തന്നെ സുപ്രീംകോടതി പൂട്ട് തുറക്കാന്‍ പറഞ്ഞാലും ആരെ കൊണ്ടും അത് സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ഉരുക്ക് വാതില്‍ സ്‌ഫോടനത്തിലൂടെ മാത്രമേ തകര്‍ത്ത് അകത്ത് കയറാന്‍ പറ്റൂവെന്നതാണ് സാഹചര്യം. ക്ഷേത്രത്തിലെ ബി നിലവറ ശ്രീകോവിലിനോട് ചേര്‍ന്നാണ് സ്ഥതിചെയ്യുന്നത്. ഇത് തകര്‍ത്താല്‍ ക്ഷേത്രത്തെ എങ്ങനെ ബാധിക്കുമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല.
ഉരുക്ക് വാതില്‍ മുറിച്ചെടുക്കാനുള്ള കട്ടര്‍ കൊണ്ടു വരികെയാണ് മറ്റൊരു പോംഴി.എന്നാല്‍, അമൂല്യമായ കൂടുതല്‍ സൂക്ഷിപ്പുകള്‍ ഉണ്ടെന്ന് കരുതുന്ന ബി നിലവറ തുറക്കാനാവില്ലെന്നാണ് രാജകുടുംബത്തിന്റെ നിലപാട്.