തിരുവനന്തപുരം:  ലോക കേരള സഭയുടെ ഭക്ഷണ ചിലവുമായി ബന്ധപ്പെട്ടുള്ള വിവാദം അനാവശ്യമാണെന്ന് ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ ബി. രവി പിള്ള. പ്രവാസികളുടെ ക്ഷേമത്തിനായി രൂപംകൊള്ളുകയും പ്രവര്‍ത്തിക്കുന്നതുമായ ലോക കേരള സഭയില്‍ താനും അംഗമാണെന്നും അവിടെയെത്തിയ ഓരോ പ്രവാസി പ്രതിനിധിയും സഹോദരി സാഹിദരന്മാരണ്. സ്വന്തം കുടുംബത്തില്‍ വന്നു ഭക്ഷണം കഴിക്കുമ്പോള്‍ പണം ഈടാക്കുന്ന സംസ്‌കാരം തങ്ങള്‍ക്കില്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ലോകകേരളസഭയുമായി ബന്ധപ്പെട്ട ഭക്ഷണ വിവാദത്തെ തുടര്‍ന്നാണ് രവി പിള്ള നിലപാടറിയിച്ചത്.

ഇപ്പോള്‍ വന്നിരിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അനാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാടിയുടെ നടത്തിപ്പിനായി ഉണ്ടാക്കിയ ഭക്ഷണത്തിന്റെ മെനുവും സാധാരണ രീതിയില്‍ റാവിസ് കോവളം ഈടാക്കുന്ന സേവന വില വിവരവുമാണ് സംഘാടകര്‍ക്ക് നല്‍കിയിരുന്നത്. പ്രസ്തുത വിവരം ലോക കേരള സഭയുടെ ബന്ധപ്പെട്ട കമ്മിറ്റിയുടെ മുമ്പില്‍ വച്ചിട്ടുണ്ടാകാം.

റാവിസുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍,വിവാദത്തിനു മുന്‍പ് ഒരു നിജസ്ഥിതിക്കായി റാവിസ് കോവളം അധികൃതരുമായി ബന്ധപ്പെട്ടിരുന്നെങ്കില്‍ ഈ അനാവശ്യ വിവാദം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. റാവിസിന്റെ ബിസിനസ് നിബന്ധന അനുസരിച്ചാണെകില്‍ ഏതു പരിപാടിക്കും ഒരു അഡ്വാന്‍സ് തുക കൈപ്പറ്റുകയും പരിപാടിക്ക് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ ബാക്കിയുള്ള തുകയ്ക്കായുള്ള നടപടികളും കൈക്കൊള്ളാറുണ്ട്.

ലോക കേരള സഭ കഴിഞ്ഞ് ഇത്രയും ദിവസം പിന്നിട്ടിട്ടും റാവിസ് ലോക കേരള സഭാ സംഘാടകരോട് തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന തുകയുടെ ഒരു ഇടപാടുംനടത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തില്‍ ഒരു അനാവശ്യ വിവാദം ഉണ്ടായ സാഹചര്യത്തില്‍ ഈ ഇനത്തില്‍ യാതൊരു തുകയും ഈടാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്ന കാര്യം ഒരിക്കല്‍ കൂടി  വ്യക്തമാക്കുന്നുവെന്നും രവി പിള്ള അറിയച്ചു.