കേരളപ്പിറവി ദിനത്തിൽ യു കെ യിൽ നിന്നും ലോലശതാവരി എന്ന ലളിതഗാനവുമായി മലയാളനാടിന് ആദരവർപ്പിച്ചുകൊണ്ട് യു കെ മലയാളികളുടെ പ്രിയഗായിക ടെസ്സ ജോൺ. 2017 ൽ ജിനോ കുന്നുംപുറത്തിന്റെ ആൽബത്തിൽ തുടങ്ങി ഇതുവരെ ഇരുപത്തിയഞ്ചിലധികം മലയാള ആൽബങ്ങളിൽ പാടിയിട്ടുള്ള ടെസ്സയുടെ ആദ്യത്തെ ലളിതഗാനമാണ് ലോലശതാവരി. മലയാളികളുടെ പ്രിയ ഗാനരചയിതാവ് ബി കെ ഹരിനാരായണന്റെ വരികൾക്ക്‌ അനേകം ഹിറ്റ് ഗാനങ്ങളുടെ സംഗീതസംവിധായകൻ ബേണിയും മകൻ ടാൻസനും സംഗീതം നൽകിയ ഈ മനോഹര ലളിതഗാനം മലയാളക്കരയുടെ പിറവിദിനത്തിലുള്ള ഒരു ഗാനാർച്ചനയാണ്.

ടെസ്സ നിഷാദിനൊപ്പം പാടിയ രമേശന്റെ തോൾസഞ്ചി എന്ന പ്രണയഗാനം ഈ വർഷമാദ്യം ഇറങ്ങിയപ്പോൾ പ്രേക്ഷകർ നെഞ്ചേറ്റിയതുപോലെ ഈ ലളിതഗാനവും മലയാളികൾ വിജയിപ്പിക്കും എന്ന വിശ്വാസത്തിലാണ് ടെസ്സയും മറ്റുള്ള അണിയറ പ്രവർത്തകരും.

ഈ ഗാനത്തിന് സംഗീതം നൽകിയ ബേണിയുടെയും ടാൻസന്റെയും വാക്കുകൾ ഇങ്ങനെ:
“ലോലശതാവരി എന്ന ലളിതഗാനം കുറെമാസ്സങ്ങൾക്ക്‌ മുൻപുണ്ടായ ചർച്ചകളിൽ നിന്നും ഉരുത്തിരിഞ്ഞ ഗാനമാണ്. മഹാരഥന്മാരായ സംഗീതസംവിധായകരും ഗാനരചയിതാക്കളും സൃഷ്ടിച്ച കേരളത്തിലെ ലളിതഗാനസമാഹാരത്തിൽ ഞങ്ങളുടെ എളിയ സൃഷ്ടിയും ചേരുമല്ലോ എന്നോർത്തു സന്തോഷം തോന്നി. ഗാനരചയിതാവ്‌ ഹരിനാരായണന്റെ വരികൾ വായിച്ചപ്പോൾ ഹിന്ദുസ്ഥാനിരാഗമായ പട്ദീപിൽ ചെയ്താൽ കൊള്ളാമെന്ന് തോന്നി. ബാഹ്യാർത്ഥവും അന്തരാർത്ഥവും എല്ലാം ചേർന്ന് മനോഹരവും ഒപ്പം മൂല്യമുള്ളതുമാണ് വരികൾ. വരികളുടെയും ഈണത്തിന്റെയും ഭംഗിയും ഭാവവും ആശയവും ഒട്ടും ചോർന്നുപോകാതെ മനോഹരമായി പൂർണ്ണതയോടെ ടെസ്സ ആലപിച്ചിട്ടുണ്ട്‌. പ്രഗത്ഭരായ ഉപകരണസംഗീതവിദഗ്ധരും ഒന്നാംകിട സ്റ്റുഡിയോയും എല്ലാം ഈ ഗാനത്തെ ഈ നിലയിൽ എത്തിക്കുവാൻ ഒത്തിരി സഹായിച്ചിട്ടുണ്ട്‌. ഞങ്ങളുടെ ഗുരു വിജയസേനൻസാറിനെ നന്ദിയോടെ സ്മരിക്കുന്നു. ട്യൂട്ടേഴ്സ് വാലി മുഖാന്തിരം എല്ലാവരിലേക്കും ഈ ഗാനം പരക്കട്ടെ എന്ന് പ്രത്യാശിക്കുന്നു”.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ ഗാനത്തിന്റെ വരികൾ രചിച്ച ബി കെ ഹരിനാരായണന്റെ വാക്കുകൾ ഇപ്രകാരം:
“ബേണിമാസ്റ്ററുടെ ഒരു വിളിയിലൂടെയാണീപ്പാട്ടിലേയ്ക്ക്‌ എത്തുന്നത്‌. മാഷ്‌ ഇതിനെക്കുറിച്ച്‌ പറയുമ്പോൾ ഒരു പൂവിരിയുന്നപോലുള്ള പാട്ട്‌ എന്നായിരുന്നു മനസ്സിൽ. അങ്ങനെയാണ് ലോലശതാവരിയിൽ… എന്ന് തുടങ്ങുന്ന പല്ലവി എഴുതിയത്‌. ശതാവരിവള്ളിയെക്കുറിച്ച്‌ ആദ്യം കേൾക്കുന്നത്‌ പണ്ട്‌ പഠിച്ച ജി ശങ്കരക്കുറുപ്പിന്റെ കവിതയിൽനിന്നാണ് . ഒരുപക്ഷേ അതെവിടെയോ സ്വാധീനമായി കിടന്നിട്ടുണ്ടാവാം.
ജീവിതത്തിന്റെ, സൃഷ്ടിയുടെ, സ്നേഹത്തിന്റെ, പ്രണയത്തിന്റെ ഓർമ്മയുടെ ഒക്കെ പൂവിരിച്ചിൽ എന്നരീതിയിലാണ് ഈ പാട്ടിന്റെ വരികൾ എഴുതാൻ ശ്രെമിച്ചിട്ടുള്ളത്‌. പല്ലവികേട്ട്‌ മാഷ്‌ ഇഷ്ടപ്പെടുകയും തുടർന്ന് രണ്ട്‌ ചരണങ്ങൾ എഴുതുകയും ചെയ്തു. പട്ദീപിൽ ഒരു ഗസ്സലിന്റെ ഒഴുക്കോടെ ബേണിമാഷും മകൻ ടാൻസണും ചേർന്ന് അതിന് ഈണക്കുപ്പായമൊരുക്കി. സുന്ദരമായ ശബ്ദത്തിൽ ഭാവാർദ്ദ്രമായി ടെസ്സ ജോൺ അതു പാടി. അങ്ങനെ ആ ഗാനം നിങ്ങളിലേക്കെത്തുന്നു”.

കേരളപ്പിറവിയോടനുബന്ധിച്ച്‌ ഈ മാസം 31നു ഈ മനോഹര ലളിതഗാനം ട്യൂട്ടോഴ്സ്വാലി മ്യൂസിക് അക്കാദമി യൂട്യൂബ് ചാനലിൽ റിലീസ്‌ ചെയ്യുന്നു.