ഇന്നലെ ലണ്ടനിലുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച ബോംബ് പ്ലാസ്റ്റിക് ബക്കറ്റിലായിരുന്നു സ്ഥാപിച്ചത്. ഈ വാര്‍ത്തയറിഞ്ഞപ്പോള്‍ ഏറെ ആശങ്കപ്പെട്ടത് തിരുവനന്തപുരത്തുള്ള മണ്‍വിള ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിയിലെ ജീവനക്കാരായിരുന്നു. അതിനൊരു കാരണമുണ്ട്.
11 വര്‍ഷം മുമ്പ് ലണ്ടനിലുണ്ടായ സ്ഫോടനത്തിനായി ഉപയോഗിച്ച ബോംബുകള്‍ സ്ഥാപിച്ചത് ഈ സ്ഥാപനത്തില്‍ നിന്നുള്ള പ്ലാസ്റ്റിക് ജാറിലായിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം ലണ്ടനില്‍ സ്ഫോടനം ഉണ്ടായപ്പോഴും ഇവിടെത്തെ ജീവനക്കാര്‍ പരസ്പരം ചോദിച്ചു ”ഇതും നമ്മുടെ ബക്കറ്റായിരിക്കുമോ” എന്ന്.
2005 ജൂലൈ 21നാണ് ലണ്ടനില്‍ നാല് വന്‍ സ്ഫോടനങ്ങള്‍ ഉണ്ടായത്. ബോംബുകള്‍ വച്ചതു പ്ലാസ്റ്റിക് കണ്ടെയ്നറുകളിലായിരുന്നു. പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങള്‍ പരിശോധിച്ചപ്പോഴാണ് ‘ഡല്‍റ്റാ 6250’ എന്ന ലേബല്‍ സ്കോട്ലന്ഡ് യാര്‍ഡ് ശ്രദ്ധിച്ചത്. അങ്ങനെയാണ് അത് മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്സ് ആന്‍ഡ് തെര്‍മോവെയര്‍ എന്ന സ്ഥാപനം നിര്‍മിച്ച ‘ഡല്‍റ്റാ 6250’ പ്ലാസ്റ്റിക് ജാറായിരുന്നു എന്ന് കണ്ടെത്തിയത്. ആറേകാല്‍ ലിറ്റര്‍ സംഭരണശേഷിയുള്ള പ്ലാസ്റ്റിക് ജാറാണ് അത്. തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്ന് സ്കോട്ലന്ഡ് യാര്‍ഡ് അന്വേഷിച്ചു വിവരമെടുത്തിരുന്നു.
ലണ്ടനെ നടുക്കിയ ഭീകരാക്രമണത്തില്‍ ഇരുപത്തിയൊന്പതു പേര്‍ക്കാണ് പരുക്കേറ്റത്. പശ്ചിമ ലണ്ടനിലെ തിരക്കേറിയ പാര്സന്സ് ഗ്രീന്‍ സ്റ്റേഷനില്‍ ഭൂഗര്‍ഭ ട്രെയിനിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. ലണ്ടന്‍ സമയം രാവിലെ 8.20 നാണു സ്ഫോടനം നടന്നത്. സ്റ്റേഷനില്‍ വളരെയധികം തിരക്കുള്ള സമയത്തായിരുന്നു സ്ഫോടനം. പൊള്ളലേറ്റാണ് കൂടുതല്‍ പേര്‍ക്കും പരുക്ക്. പരിഭ്രാന്തരായ ജനങ്ങള്‍ രക്ഷപെടാനുള്ള ശ്രമത്തെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും ചിലര്‍ക്ക് പരിക്കേറ്റു. 2005 ജൂലൈയിലെ സ്ഫോടന പരമ്പരയെ അനുസ്മരിപ്പിക്കുന്നതായിരുന്നു പുതിയ ആക്രമണം. ലണ്ടനിലെ പൊതുഗതാഗത സംവിധാനങ്ങള്‍ ലക്ഷ്യമിട്ട് അന്നു നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ അന്‍പത്തിരണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. നഗരത്തില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട് .
Leave a Reply