അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ‘തിരുവചനവും പ്രാര്‍ത്ഥനകളും ഭവനങ്ങളില്‍ ഒന്നു ചേര്‍ന്ന് പങ്കിടുമ്പോള്‍ സുദൃഢമായ കുടുംബവും സമൂഹമായി ഒത്തുകൂടി പങ്കുവെക്കുമ്പോള്‍ ശക്തമായ ഒരു കൂട്ടായ്മയുമാണ് രൂപപ്പെടുക’ എന്ന ആദ്ധ്യാത്മിക പ്രബോധനം പ്രാവര്‍ത്തികമാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി രൂപതാ തലത്തില്‍ സംഘടിപ്പിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് ഇനി ഒരു മാസം മാത്രം അകലം. രൂപതയില്‍ പരിശുദ്ധാത്മ ശുശ്രൂഷകള്‍ നയിക്കുന്നതിലേക്കായി ശക്തനായ തിരുവചന പ്രഘോഷകനും, സെഹിയോന്‍ മിനിസ്ട്രിയുടെ സ്ഥാപക ഡയറക്ടറും, പരിശുദ്ധാത്മ ശുശ്രൂഷകളില്‍ അഭിഷിക്തനുമായ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനെ ആണ് പിതാവ് നിയോഗിച്ചിരിക്കുന്നത്.

രൂപതാംഗങ്ങള്‍ക്കു പങ്കു ചേരുവാന്‍ സൗകര്യപ്രദമായി എട്ടു കേന്ദ്രങ്ങളിലായും, മുന്‍കൂട്ടി അറിയിച്ചും ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ ക്രമീകരിച്ചിരിക്കുന്നതിനാല്‍ പരമാവധി പങ്കാളിത്തം ലഭിക്കുമെന്നും അത് എല്ലാ കുടുംബങ്ങളിലും ദൈവസ്‌നേഹം നിറയുവാനും സന്തോഷവും വിജയവും ഐക്യവും നിറഞ്ഞ അന്തരീക്ഷം രൂപപ്പെടുവാനും അനുഗ്രഹപ്രദമാവും.

ലോകത്തിന്റെ വലിയ നേട്ടങ്ങളോ, സുഖലോലുപതയോ അല്ല ദൈവ കൃപയാണ് അനശ്വരമായ സന്തോഷത്തിനു നിദാനം എന്ന വലിയ സത്യത്തിലേക്കുള്ള ഉള്‍വെളിച്ചവും, ദൈവത്തോട് ചേര്‍ന്നുള്ള വ്യക്തിത്വങ്ങളാകുവാന്‍ എളിമയും, മാനസാന്തരവും, സ്നേഹവും, അനുരഞ്ജനവും നിറഞ്ഞ മനസ്സ് ലഭിക്കുവാനും അനുഗ്രഹപ്രദമാവുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലേക്കു ഫാ.തോമസ് പാറയടി, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ.ജോസ് അന്ത്യാംകുളം, ഫാ.ഹാന്‍സ് പുതുക്കുളങ്ങര എന്നിവര്‍ ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

ലണ്ടനിലെ അല്ലിന്‍സ് പാര്‍ക്കില്‍ ഒക്ടോബര്‍ 29 നു ഞായറാഴ്ച രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം ആറു മണിവരെയാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.

Allianz Park, Greenlands Lanes, Hendon, London NW4 1RL