ലണ്ടന്‍: ‘പിറന്നുവീഴുന്ന നിമിഷം മുതല്‍ അടുത്ത ഏതുനിമിഷവും മരണത്തിനു കീഴടങ്ങാനുള്ള സാധ്യതയാണ് ഒരു മനുഷ്യനു മുമ്പിലുള്ളത്,’ ബ്രിട്ടീഷ് ചരിത്രകാരന്‍ ആര്‍നൊള്‍ഡ് ടോയിന്‍ബി എഴുതി. ‘ഈ സാധ്യത ഒടുവില്‍ ഒരു വസ്തുതയായി മാറുന്നു,’ പ്രിയപ്പെട്ട ഒരു കുടുംബാംഗത്തെയോ ഒരു ഉറ്റ സുഹൃത്തിനെയോ മരണം തട്ടിയെടുക്കുമ്പോള്‍ ഉണ്ടാകുന്ന വേദന എത്ര തീവ്രമാണ്! നമ്മുടെ പ്രിയപ്പെട്ട ആരെങ്കിലും മരണത്താല്‍ വേര്‍പിരിയുമ്പോള്‍ നാം നിസ്സഹായതയുടെ ആഴക്കയത്തിലേക്ക് ആണ്ടുപോകുന്നു. കുടില്‍തൊട്ടു കൊട്ടാരംവരെ മരണം കയറിയിറങ്ങുന്നു. അത് ആരെയും വിടില്ല. ‘മരണം വരുത്തിവെക്കുന്ന ദുഃഖത്തിനുമുമ്പില്‍ നാമെല്ലാം ഒന്നുമറിയില്ലാത്ത കുട്ടികളെപ്പോലെയാണ്. ഇത്തരത്തിൽ മരണം ഒരു കള്ളനെപ്പോലെ കടന്നു വന്നപ്പോൾ ഒരു കുടുംബത്തിന്റെ ആശ്രയമാണ് ഇല്ലാതായത്.
ലണ്ടനിലെ ലെവിഷാമില്‍ മലയാളിയായ ബൈജു (43) വിന്റെ മരണം ഒരു കുടുംബത്തെ മാത്രമല്ല യുകെ മലയാളികളെ ഞെട്ടിച്ച്, ഈ ലോകത്തോട് വിട പറഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന ബൈജു, ലെവിഷാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്നു. എന്നാൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെ വന്നതോടെ ഡോക്ടര്‍മാര്‍ വെന്റിലേറ്ററിന്റെ സഹായം നിർത്തുകയായിരുന്നു.
ബൈജു കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിനടുത്ത് ഇരുമ്പയം സ്വദേശിയാണ്. ഭാര്യ നിഷ കുറുപ്പന്തറ മാന്‍വെട്ടം സ്വദേശിനിയാണ്. ബൈജു നിഷ ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളത്. ലെവിഷാമിലെ മലയാളി സമൂഹം നിഷക്കും കുഞ്ഞുങ്ങള്‍ക്കും ആശ്വാസവും സഹായങ്ങളുമായി ആശുപത്രിയില്‍ എത്തിച്ചേർന്നിട്ടുണ്ട്. ബൈജുവിന്റെ വേർപാട് മൂലം വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ മലയാളംയുകെ ന്യൂസ് ടീം പങ്ക് ചേരുകയും ചെയ്യുന്നു.
Leave a Reply