ന്യൂസ് ഡെസ്ക്, മലയാളം യുകെ

അപൂർവ നേട്ടവുമായി ലോകത്തിലെ തന്നെ മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ലണ്ടനിൽ മലയാളിയായ മേജർ ജോളി ലാസർ. 6 ലോക മാരത്തോണുകളാണ് ഇദ്ദേഹം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത് . അഞ്ച് മാരത്തോണുകൾ നേരത്തെ പൂർത്തിയാക്കിയിരുന്ന ജോളി ടോക്കിയോ മാരത്തോണു കൂടി പൂർത്തിയാക്കിയതോടെയാണ് അതുല്യ നേട്ടത്തിന് ഉടമയായി മാറിയത്.

ലണ്ടൻ, ടോക്കിയോ , ബർലിൻ, ന്യുയോർക്ക്, ഷിക്കാഗോ, ബോസ്റ്റൺ എന്നീ 6 മാരത്തോണുകൾ വിജയകരമായി പൂർത്തിയാക്കിയവർക്ക് ലഭിക്കുന്ന കിരീടമാണ് സിക്സ് സ്റ്റാർ ഫിനിഷർ ബഹുമതി . ചരിത്രത്തിൽ ഇന്ത്യയിൽ നിന്ന് ഇതുവരെ 101 പേർ മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. ഈ നേട്ടം കൈവരിക്കുന്ന 470 -മത്തെ മലയാളിയാണ് ജോളി. നേരത്തെ മനോജ് കുര്യാക്കോസ്, രമേശ് പണിക്കർ ,എസ്ഗാർ പിന്റോ എന്നീ മലയാളികളാണ് സിക്സ് സ്റ്റാർ ഫിനിഷ് മാരായിട്ടുള്ളത്.

ഇന്ത്യൻ ആർമിയിൽ നിന്ന് മേജർ പദവിയിൽ നിന്നാണ് ജോളി ലാസർ വിരമിച്ചത്. തൃശ്ശൂർ മണ്ണുത്തി പാറയിൽ ലാസറിന്റെയും തങ്കമ്മയുടെയും മകനായ ജോളി ലാസർ ലണ്ടനിലെ റെഡ് ഹാറ്റ് എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത് . ഭാര്യ വിനിതയ്ക്കും വിദ്യാർത്ഥികളായ ജോവിന്‍ , ജെനിഫർ എന്നിവർക്കൊപ്പം ഈസ്റ്റ് ലണ്ടനിലെ സെഗ്നാവിലാണ് കുടുംബസമേതം താമസിക്കുന്നത്. ടോക്കിയോയിൽ നിന്ന് വിജയശ്രീലാളിതനായി മടങ്ങിയെത്തിയ ജോളിക്ക് ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ പ്രത്യേക സ്വീകരണം ഒരുക്കിയിരുന്നു.