ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഇന്ന് വാനവിസ്മയം. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സൂപ്പര്‍ മൂണ്‍ പ്രതിഭാസം ആകാശ വിസ്മയങ്ങളില്‍ ഒന്ന് തന്നെയാണ് എന്നതിൽ സംശയമില്ല. ഈ വർഷത്തെ ഏറ്റവും വലുപ്പമേറിയ സൂപ്പർ മൂൺ പ്രത്യക്ഷപ്പെടുന്ന ദിവസമാണ് ഇന്ന്. ഇന്ന് മുതൽ ഏതാനും ദിവസത്തേക്ക് 3,57,265 കിലോമീറ്റര്‍ മാത്രമായിരിക്കും ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം. സാധാരണയായി ഇത് 3.85 ലക്ഷം കിലോമീറ്ററാണ്. ലോകമെങ്ങും സൂപ്പര്‍മൂണ്‍ കാണുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്. നാസയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ ജൂലൈ 13 ന് കാണാന്‍ സാധിക്കും. ഇത് ഭൂമിയെ അടിസ്ഥാനമാക്കിയുള്ള രേഖാംശത്തില്‍ സൂര്യന് എതിര്‍വശത്ത് 2:38 pm EDT ന് ദൃശ്യമാകും.

ബ്രിട്ടീഷ് സമയം അനുസരിച്ച് സൗത്ത് ഈസ്റ്റ്‌ ഇംഗ്ലണ്ടിൽ 21:47-ന് സൂപ്പർ മൂൺ ദൃശ്യമാകും. ചന്ദ്രന്‍ അതിന്റെ ഏറ്റവും വലിയ വൃത്താകൃതിയില്‍ വരുകയും ഭ്രമണ പഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുകയും ചെയ്യുമ്പോഴാണ് സൂപ്പര്‍മൂണ്‍ എന്ന പ്രതിഭാസം ദൃശ്യമാവുന്നത്. സൂപ്പര്‍മൂണ്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1979-ല്‍ റിച്ചാര്‍ഡ് നോലെ എന്ന ഗവേഷകനാണ്.

ചന്ദ്രന്റെ ഏറ്റവും അടുത്ത് നില്‍ക്കുന്ന ഭാഗത്തെ പെരിജിയം എന്നാണ് പറയുന്നത്. സൂപ്പര്‍മൂണ്‍ എന്നത് ചന്ദ്രന്‍ പെരിജിയുടെ 90% ഉള്ളിലായിരിക്കുമ്പോള്‍ സംഭവിക്കുന്ന ഒരു പ്രതിഭാസമാണെന്ന് പറയപ്പെടുന്നു. സൂപ്പര്‍ മൂണ്‍ സമയത്ത് പൗര്‍ണമി കൂടി വന്നാല്‍ അത് ഏറ്റവും തിളക്കമുള്ള സൂപ്പര്‍ മൂണ്‍ ആയി മാറും. എന്നാൽ, ആകാശം പൂർണ്ണമേഘാവൃതമായാൽ കാഴ്ചയുടെ ഈ സൗഭാഗ്യം നഷ്ടപ്പെട്ടേക്കാം എന്നാണ് വാനനിരീക്ഷകർ പറയുന്നത്.