ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ സോഹോയിലും വെസ്റ്റ് എൻഡിലും പുതിയ പബ്ബുകൾക്കും ബാറുകൾക്കും അനുമതി നിഷേധിക്കാനുള്ള വെസ്റ്റ്മിൻസ്റ്റർ കൗൺസിലിന്റെ കരട് നയം പിൻവലിക്കണമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ ആവശ്യപ്പെട്ടു. നഗരത്തിന്റെ രാത്രികാല സമ്പദ്‌വ്യവസ്ഥയ്ക്കും സാംസ്കാരിക ജീവിതത്തിനും തിരിച്ചടിയാകുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സ്വീകരിക്കണമെന്നാണ് മേയറുടെ നിലപാട്. ഈ വർഷം ലഭിച്ച പുതിയ അധികാരങ്ങൾ ഉപയോഗിച്ച് ലൈസൻസിങ് നയത്തിൽ ഇടപെടുന്ന ആദ്യ നടപടിയുമാണിത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ ലൈസൻസ് അനുവദിക്കുന്ന പബ്ബുകളിൽ രാത്രി 10 മണിക്ക് അവസാന ഓർഡർ നൽകുക, നിശാക്ലബുകൾ പ്രവൃത്തിദിവസങ്ങളിൽ രാത്രി 11.30-നും വാരാന്ത്യങ്ങളിൽ അർധരാത്രിക്കും അടയ്ക്കുക തുടങ്ങിയ നിർദേശങ്ങളാണ് കരട് നയത്തിലുള്ളത്. കൂടാതെ സോഹോയും വെസ്റ്റ് എൻഡും മുഴുവനായി ‘ക്യുമുലേറ്റീവ് ഇംപാക്ട് സോൺ’ ആയി പ്രഖ്യാപിച്ച് പുതിയ പബ്ബുകൾക്കും ബാറുകൾക്കും നിശാക്ലബുകൾക്കും അനുമതി നൽകുന്നത് അപൂർവ സാഹചര്യങ്ങളിലേക്കു മാത്രം പരിമിതപ്പെടുത്താനും നിർദേശമുണ്ട്.

ലണ്ടന്റെ സമ്പദ്‌വ്യവസ്ഥയെയും വിനോദസഞ്ചാര മേഖലയെയും ശക്തിപ്പെടുത്തുന്നതിൽ രാത്രികാല വ്യാപാര സ്ഥാപനങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് സാദിഖ് ഖാൻ ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങൾക്കു പകരം വളർച്ചയെ പിന്തുണയ്ക്കുന്ന വ്യക്തമായ കാഴ്ചപ്പാട് കൗൺസിൽ അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലൈസൻസിങ് നിയമത്തിന്റെ അടിസ്ഥാന തത്വമനുസരിച്ച് ആവശ്യമായ നിബന്ധനകൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതാണ് ഉചിതമെന്നും മേയർ അഭിപ്രായപ്പെട്ടു.