ലണ്ടന്‍: അടുപ്പക്കാരില്‍ നിന്നും സംരക്ഷണച്ചുമതലയുള്ള മുതിര്‍ന്നവരിവല്‍ നിന്നും കുട്ടികള്‍ക്കും കൗമാര പ്രായക്കാര്‍ക്കും നേരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായി കണക്കുകള്‍. എന്‍എസ്പിസിസി കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. 2014 മുതല്‍ ഇത്തരം ആക്രമണങ്ങള്‍ 80 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. പ്രൊഫഷണല്‍മാരായ അധ്യാപകര്‍, കെയര്‍ ജീവനക്കാര്‍, യൂത്ത് ജസ്റ്റിസ് വര്‍ക്കര്‍മാര്‍ എന്നിവര്‍ അവരുടെ സംരക്ഷണയിലുള്ളവര്‍ക്കു നേരെ നടത്തിയിട്ടുള്ള അതിക്രമങ്ങളുടെ എണ്ണം ഈ വര്‍ഷം ജൂണില്‍ 290 ആയതായാണ് വിവരം.

അതേ സമയം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് 159 എണ്ണം മാത്രമായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കിടെ 1000 കുറ്റകൃത്യങ്ങളാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ടത്. ഓരോ വര്‍ഷവും ഇതിന്റെ നിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 15 വയസില്‍ പള്ളി ഗ്രൂപ്പിലെ യൂത്ത് ലീഡര്‍ പീഡിപ്പിക്കാന്‍ ആരംഭിച്ച കുട്ടിയുടെ കഥയും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യമൊക്കെ തനിക്കൊപ്പം സമയം ചെലവിടാനും മെസേജുകള്‍ ചെയ്യാനും തുടങ്ങിയ യൂത്ത് ലീഡര്‍ തനിക്ക് 16 വയസായതോടെ മറ്റൊരു വിധത്തില്‍ പെരുമാറാന്‍ തുടങ്ങിയതായി കുട്ടി വെളിപ്പെടുത്തുന്നു. അയാള്‍ക്കെതിരെ സംസാരിക്കാന്‍ കഴിയാത്ത വിധത്തില്‍ താന്‍ ആശയക്കുഴപ്പത്തിലായിപ്പോയെന്നാണ് കുട്ടി വെളിപ്പെടുത്തിയത്.

നിലവിലുള്ള നിയമ വ്യവസ്ഥകള്‍ കുട്ടികളുടെ സംരക്ഷണം പൂര്‍ണ്ണമായി ഉറപ്പുവരുത്തുന്നില്ലെന്നാണ് ക്യാംപെയിനര്‍മാര്‍ അഭിപ്രായപ്പെടുന്നത്. കുട്ടികളുമായി ഇടപഴകുന്ന സ്‌പോര്‍ട്‌സ് കോച്ചുമാര്‍, മതനേതാക്കള്‍, കലാപ്രവര്‍ത്തകര്‍ മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവരുടെ കാര്യത്തില്‍ ചില ഇളവുകള്‍ ഈ നിയമം നല്‍കുന്നുണ്ട്. 16-17 വയസ് പ്രായമുള്ളവരുമായി ഇവരുടെ ലൈംഗികബന്ധം നിയമവിരുദ്ധമായി കാണാന്‍ കഴിയില്ല. സ്‌പോര്‍ട്‌സ് കോച്ചുമാരുടെ കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ അടുത്തിടെ വരുത്തിയിട്ടുണ്ട്. മറ്റ് മേഖലകളിലും നിയന്ത്രണം വരുത്തണമെന്നാണ് എന്‍എസ്പിസിസി ആവശ്യപ്പെടുന്നത്.