ശ്യൂന്യമായിരുന്നു സെന്റ്പീറ്റേഴ്സ് ബസലിക്ക, ഇവിടെ വച്ചായിരുന്നു ലോകമെങ്ങുമുള്ള വിശ്വാസികൾക്കായി ഫ്രാൻസിസ് മാർപാപ്പ ഇത്തവണ ഈസ്റ്റർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയത്. ലോകം കോവിഡ് മഹാമാരിയുടെ ഭീതിയിൽ കഴിയുന്നതിനിടെയെത്തിയ ഈസ്റ്ററായിരുന്നു ഇത്തവണ. ‘ഭയപ്പെടരുത്’ എന്നായിരുന്നു പ്രാർത്ഥനാ ചടങ്ങുകൾക്കിടെ ലോകത്തോടായി മാർപ്പാപ്പ പറഞ്ഞത്. യേശു ക്രിസ്തുവിന്റെ ഉയർ‌ത്തെഴുന്നേൽപ്പിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു മാർ‌പ്പാപ്പയുടെ സന്ദേശം.

“ഭയപ്പെടേണ്ട, ഭയപ്പെടരുത്. ഇത് പ്രത്യാശയുടെ സന്ദേശമാണ്. ഈ രാത്രിയിൽ ദൈവം നമ്മോട് ആവർത്തിക്കുന്ന വാക്കുകളാണിത്. ഇന്ന് നമ്മെ ഈ വാചകങ്ങൾ അഭിസംബോധന ചെയ്യുന്നു. എല്ലാവരും സഹോദരീസഹോദരന്മാരാണ് – ജീവിതമാവുന്ന ഗാനം നമുക്ക് തിരികെ കൊണ്ടുവരാനാവട്ടെ,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുക്കൾ. മരണ സമയത്ത് ദൈവ ദൂതന്മാരുടെ ജീവിതവും സമാനമായിരുന്നു. ഇരുണ്ട കാലത്ത് പ്രതീക്ഷയുടെ സന്ദേശമാണ് ഈസ്റ്റർ നൽകുന്നതെന്നും മാർപ്പാപ്പ പറഞ്ഞു.

ലോകത്തെ ആയുധവ്യാപാരത്തെകുറിച്ചും അദ്ദേഹം സന്ദേശത്തിൽ പരാമർശിച്ചു. “മരണത്തിന്റെ നിലവിളി നമുക്ക് നിശബ്ദമാക്കാം, ഇനി യുദ്ധങ്ങളില്ല! ആയുധങ്ങളുടെ ഉൽപാദനവും കച്ചവടവും അവസാനിപ്പിക്കാം, കാരണം നമുക്ക് തോക്കുകളല്ല, ഭക്ഷണമാണ് വേണ്ടത്.” എന്നും മാർപ്പാപ്പ ലോകത്തോട് ആഹ്വാനം ചെയ്തു.

ആരിക്കണക്കിന് വിശ്വാസികൾ പങ്കെടുക്കേണ്ട ചടങ്ങുകളാണ് കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ആളൊഴി‍ഞ്ഞ് നടന്നത്. ടി.വിയിലൂടെയും ഓൺലൈനിലൂടെയുമാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികൾ ബസിലിക്കയിലെ പ്രാർഥനകളിൽ പങ്കാളികളായത്.