വയനാടന്‍ ആദിവാസി ഊരുകളില്‍ കാരുണ്യ പ്രവര്‍ത്തനുമായി ലണ്ടന്‍ മലയാള സാഹിത്യവേദി പ്രവര്‍ത്തകരെത്തി. സുല്‍ത്താന്‍ബത്തേരി ആയുര്‍വേദ ആശുപത്രി, റിപ്പോണ്‍ ഏകാധ്യാപക വിദ്യാലയം, നൂല്‍പ്പുഴ കുണ്ടൂര്‍ പണിയ കോളനിയിലുമായിരുന്നു സാഹിത്യവേദിയുടെ കാരുണ്യ പ്രവര്‍ത്തനം നടന്നത്. സാഹിത്യവേദി ഭാരവാഹികളായ ടോണി ചെറിയാന്‍, ഷാജന്‍ ജോസഫ്, ജോബി ജോസഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

സുല്‍ത്താന്‍ബത്തേരി ആയുര്‍വേദ ആശുപത്രിയില്‍ രണ്ടു മാസത്തേക്കുള്ള സൗജന്യ ഉച്ച ഭക്ഷണ വിതരണോദ്ഘാടനം ടോണി ചെറിയാന്‍ നിര്‍വഹിച്ചു. റിപ്പോണ്‍ ആദിവാസി ഏകാധ്യാപക വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് സൗജന്യ വസ്ത്രങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു.

നൂല്‍പ്പുഴ കുണ്ടൂര്‍ പണിയ കോളനിയില്‍ ആദിവാസികള്‍ക്ക് സൗജന്യ ഓണക്കോടികള്‍ വിതരണം ചെയ്തു. കേരള വനം വകുപ്പ് (വൈല്‍ഡ് ലൈഫ്) മുത്തങ്ങ റേഞ്ചിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ ടോണി ചെറിയാന്‍, ഷാജന്‍ ജോസഫ്, ജോബി ജോസഫ്, ഡെപ്യൂട്ടി റേഞ്ചര്‍ ജോസ് കെ.ജെ എന്നിവര്‍ പങ്കെടുത്തു.

ലണ്ടന്‍ മലയാള സാഹിത്യവേദി പുതുതായി രൂപീകരിച്ച ചാരിറ്റി വിഭാഗത്തിന് ടോണി ചെറിയാന്‍ നേതൃത്വം നല്‍കുന്നു. പരിമിത സമയത്തിനുള്ളില്‍ ഇത്രയും മഹത്തായ കര്‍മങ്ങള്‍ ചെയ്യാന്‍ സാധിച്ചതില്‍ ടോണി ചെറിയാനെയും സംഘത്തെയും ലണ്ടന്‍ മലയാള സാഹിത്യവേദി ജനറല്‍ കണ്‍വീനര്‍ റജി നന്തികാട്ട്
അഭിനന്ദനം അറിയിച്ചു.