ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജില്‍ ആക്രമണം നടത്തിയ തീവ്രവാദികളില്‍ ഒരാളുടെ ശരീരത്ത് ബുള്ളറ്റുകള്‍ സൂക്ഷിക്കുന്ന കാനിസ്റ്ററുകള്‍ ഉണ്ടായിരുന്നെന്ന് ദൃക്‌സാക്ഷി. ബറോ മാര്‍ക്കറ്റിനു സമീപമാണ് ഇവര്‍ വെടിയേറ്റ് വീണത്. പാലത്തില്‍ കാല്‍നടക്കാരുടെ നേരെ വാന്‍ ഓടിച്ചു കയറ്റുകയും പുറത്തിറങ്ങിയ മൂന്ന് പേര്‍ ജനങ്ങളെ കുത്തുകയുമായിരുന്നു. ആറ് പേര്‍ സംഭവത്തില്‍ മരിച്ചു. 30ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗ്ബ്രിയേല്‍ സ്‌കിയോട്ടോ എന്ന ഡോക്യുമെന്ററി മേക്കറാണ് അക്രമികള്‍ വെടിയേറ്റ് വീണുകിടക്കുന്നതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്.
മൂന്ന് പേരാണ് ആക്രമണം നടത്തിയതെന്ന് സ്‌കിയോട്ടോ പറഞ്ഞു. ജനങ്ങളില്‍ നിന്ന് അക്രമികളെ പരമാവധി അകറ്റിനിര്‍ത്താന്‍ പോലീസ് ശ്രമിച്ചു. അതിനു ശേഷമാണ് അവരെ വെടിവെച്ച് വീഴ്ത്തിയത്. ആറോളം പേര്‍ വാന്‍ ഇടിച്ച് പരിക്കേറ്റ് നിലത്ത് കിടക്കുന്നത് കാണാമായിരുന്നു. ഇവരുടെ ശരീരത്ത് നിന്ന് രക്തമൊലിക്കുന്നതും ചിലര്‍ക്ക് റോഡില്‍വെച്ച് തന്നെ സിപിആര്‍ കൊടുക്കുന്നതും കാണാമായിരുന്നു. ഒരാള്‍ കുത്തേറ്റ് കിടക്കുന്നതും മൂന്ന് പേര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ കുത്തുന്നതും താന്‍ കണ്ടെന്ന് ജെറാര്‍ഡ് എന്ന് പേര് വെളിപ്പെടുത്തിയയാള്‍ ബിബിസിയോട് പറഞ്ഞു.
കഴുത്തിലേറ്റ മുറിവില്‍ നിന്ന് രക്തമൊലിപ്പിച്ചുകൊണ്ട് ഒരു സ്ത്രീ ലണ്ടന്‍ ബ്രിഡ്ജിനടുത്തുള്ള മുഡ്‌ലാര്‍ക്ക് പബ്ബിലേക്ക് കയറിവരുന്നത് കണ്ടെന്ന് അലക്‌സ് ഷെല്‍ഹാം എന്നയാള്‍ പറഞ്ഞു. അവരുടെ കഴുത്ത് മുറിഞ്ഞിരുന്നു. ആളുകള്‍ അവരെ സഹായിക്കാനായി എത്തി. പബ് ഉടന്‍ തന്നെ അടച്ചുവെന്നും ഷെല്‍ഹാം പറഞ്ഞു. ബറോ മാര്‍ക്കറ്റിനു സമീപമുള്ള സൗത്ത് വാര്‍ക്ക് സ്ട്രീറ്റ് തീയേറ്ററില്‍ നിന്ന് പുറത്തേക്കു പോകാന്‍ ഇറങ്ങിയ താനും കുടുംബവും ഭീകരാക്രമണത്തേത്തുടര്‍ന്ന് അല്‍പനേരം തീയേറ്ററിനുള്ളില്‍ അടച്ചിടപ്പെട്ടതായി ജോര്‍ജിയ ഗ്രാന്‍ഥാം എന്ന യുവതിയും പറഞ്ഞു.
Leave a Reply