മലയാളികളുടെ ഓർമ്മയിൽ എന്നും നിൽക്കുന്ന ചിത്രം….! ഗേളി തിരിച്ചു വരുമോ? ഫാസിൽ പറയുന്നു

മലയാളികളുടെ ഓർമ്മയിൽ എന്നും നിൽക്കുന്ന ചിത്രം….! ഗേളി തിരിച്ചു വരുമോ? ഫാസിൽ പറയുന്നു
January 12 16:33 2021 Print This Article

മലയാളി എന്നും ഓർക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്ത ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’, അതിൽ നദിയ മൊയ്തു അവതരിപ്പിച്ച ഗേളിയാവട്ടെ പ്രേക്ഷകരുടെ മനസ്സിലെ നൊമ്പരപ്പൂവും. ഉള്ളിലെ സങ്കടം മറക്കാൻ കുസൃതിയും കുറുമ്പും കാണിച്ചു നടക്കുന്ന ഗേളി. ഒടുവിൽ മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്നു തീർച്ചയില്ലാതെ ഡാഡിയ്ക്ക് ഒപ്പം അവൾ തിരിച്ചു പോവുമ്പോൾ ഗേളി എന്നെങ്കിലും തിരിച്ചുവരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുഞ്ഞൂഞ്ഞമ്മയും ശ്രീകുമാറും. ഗേളി തിരികെ എത്തുമോ എന്ന ചോദ്യം സിനിമ കണ്ട ഓരോ പ്രേക്ഷകന്റെ ഉള്ളിലും ബാക്കിയാവുന്ന ഒന്നാണ്.

‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്” റിലീസ് ചെയ്ത് 35 വർഷം പിന്നിടുമ്പോൾ ആ ചോദ്യത്തിന് ഉത്തരം നൽകുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ. “നോക്കെത്താദൂരത്തിന്റെ രണ്ടാംഭാഗം കുറെയൊക്കെ ചിന്തിച്ചിരുന്നു. ഗേളി തിരിച്ചു വരുമോ എന്ന് പലരും ചോദിച്ചപ്പോൾ ഗേളി തിരിച്ചുവരുന്നതായി ആലോചിച്ചിരുന്നു. അപ്പോഴേക്കും അമ്മൂമ്മ പോയിരുന്നു, അവൾ ശ്രീകുമാറിനെയും തപ്പി നടക്കുന്നതായി ഒക്കെ ആലോചിച്ച്, കുറേ കഴിഞ്ഞപ്പോൾ വിട്ടു. ഒരു പടം അതിന്റെ പരമാവധിയിൽ കൊടുത്താൽ അതിനപ്പുറത്തേക്ക് അതിന്റെ രണ്ടാം ഭാഗം വരാൻ വലിയ പ്രയാസമാണ്. നോക്കെത്താ ദൂരത്തും മണിച്ചിത്രത്താഴുമൊക്കെ അതിന്റെ പരമാവധിയിൽ എത്തിനിൽക്കുകയാണ്. അതിനപ്പുറം രണ്ടാം ഭാഗം ഇറക്കിയാൽ ഉള്ള പേര് പോകാൻ സാധ്യതയുള്ള പരിപാടിയാണ്.” അതിനാൽ തന്നെ ഒരു തിരിച്ചുവരവിന് സാധ്യതയില്ലെന്നാണ് ഫാസിൽ പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഫാസിൽ.

സെറീന മൊയ്തു എന്ന നദിയയുടെ അരങ്ങേറ്റചിത്രം കൂടിയായിരുന്നു ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്”. ചിലപ്പോഴൊക്കെ കഥാപാത്രങ്ങളിലേക്കും അഭിനേതാക്കളിലേക്കും നിയോഗം പോലെ താൻ എത്തിപ്പെടുകയാണെന്ന് വിശ്വസിക്കുന്ന ഫാസിൽ അപ്രതീക്ഷിതമായാണ് ഗേളി എന്ന കഥാപാത്രത്തെ തേടിയുള്ള യാത്രയിൽ സറീനയിലേക്ക് എത്തിയത്. ആ കഥാപാത്രത്തിനായി ഫാസിൽ ആകെ സമീപിച്ചത് നദിയയെ മാത്രമാണ്. നേരിൽ കണ്ടപ്പോഴാകട്ടെ, തന്റെ ഗേളിയാവാൻ മറ്റൊരു മുഖമില്ലെന്നും ആ സംവിധായകനു തോന്നി. തന്റെ സഹോദരന്മാരുടെ സുഹൃത്തും മുംബൈ മലയാളിയുമായ മൊയ്തുവിന്റെ മകൾ സെറീനയെ ഫാസിൽ​ ആദ്യം കാണുന്നത് ഒരു കല്യാണപ്പാർട്ടിയിൽ നൃത്തം ചെയ്യുന്ന വീഡിയോയിലാണ്. സെറീനയെ നേരിൽ കാണാനായി സംവിധായകൻ മുംബൈയിലെ ചുനാഭട്ടിയിലെ അവരുടെ വീട്ടിലെത്തുന്നു.

“ഫോട്ടോ കണ്ടപ്പോൾ അനുയോജ്യയാണെന്നു തോന്നിയാണ് ബോംബെയിലേക്ക് കാണാൻ പോവുന്നത്. നദിയയെ ഇന്റർവ്യൂ ചെയ്തപ്പോൾ എന്റെ കണക്കുകൂട്ടലുകൾ ശരിയാണ്, വരേണ്ട കാര്യമില്ലായിരുന്നു, ഫോട്ടോ മാത്രം കണ്ടിട്ട് ഫിക്സ് ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നു തോന്നി. സന്ദര്‍ഭവശാല്‍ നദിയ ബോംബെയില്‍ വളരുന്ന പെണ്‍കുട്ടിയായിരുന്നു. ബോംബെയില്‍ വളരുന്ന നദിയയെ ഞാന്‍ കേരളത്തിലേക്ക് കൊണ്ടു വന്നപ്പോള്‍ ആ ഫാഷനും കൂടെ പോന്നു. ബോംബെയിലെ ഫാഷനും കേരളത്തിലെ ഫാഷനും തമ്മില്‍ വ്യത്യാസമുള്ള കാലമാണ്. ഇനി അടുത്ത ഫാഷന്‍ സ്‌റ്റൈല്‍/ട്രെന്‍ഡ് എന്തെന്ന് കേരളത്തിലെ പെണ്‍കുട്ടികള്‍ ആലോചിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ‘നോക്കെത്താദൂരത്തില്‍’ മഞ്ഞ ചുരിദാറുമായി നദിയ വരുന്നത്. പ്ലെയിന്‍ മഞ്ഞ ചുരിദാര്‍ നല്ലതാണല്ലോ, പരീക്ഷിക്കാവുന്നതാണല്ലോ എന്ന് മറ്റുള്ളവര്‍ക്കും തോന്നാന്‍ തുടങ്ങി,” നദിയയെ കണ്ടെത്തിയതിനെ കുറിച്ച് ഫാസിൽ ഒരിക്കൽ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ. റുമേനിയയുടെ ജിംനാസ്റ്റിക് താരം നദിയ കൊമേനച്ചിയുടെ പേര് പത്രമാധ്യമങ്ങളിൽ തിളങ്ങിനിൽക്കുന്ന കാലമായിരുന്നു അത്, അതിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് സെറീന മൊയ്തുവിനെ നദിയ മൊയ്തു എന്നു നാമകരണം ചെയ്യുന്നതെന്നും ഫാസിൽ പറഞ്ഞു.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles