മാര്‍ച്ച് 29ന് ബ്രെക്‌സിറ്റ് നടന്നില്ലെങ്കില്‍ പ്രതിഷേധിക്കാനൊരുങ്ങി ബ്രെക്‌സിറ്റ് അനുകൂല സംഘടന. ലോറി ഡ്രൈവര്‍മാരെ ഉപയോഗിച്ച് യുകെ ഒട്ടാകെ ഹൈവേകളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാനാണ് നീക്കം. ബ്രെക്‌സിറ്റ് നടപ്പായില്ലെങ്കില്‍ അത് വഞ്ചനയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ബ്രെക്‌സിറ്റ് ഡയറക്ട് ആക്ഷന്‍ എന്ന ഗ്രൂപ്പാണ് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ബ്രിട്ടന്റെ പ്രധാന ഹൈവേകള്‍ എല്ലാം തന്നെ ലോറികള്‍ ഉപയോഗിച്ച് തടയാനാണ് പദ്ധതി. ബ്രെക്‌സിറ്റ് ഇല്ലാതാക്കാനോ തടയാനോ ശ്രമിക്കുന്നവര്‍ക്കെതിരായ പ്രതിഷേധം എന്ന മട്ടിലാണ് ഈ നടപടിയെന്ന് സംഘടന വ്യക്തമാക്കുന്നു. ബ്രെക്‌സിറ്റ് മാറ്റിവെക്കണമെന്ന് കോമണ്‍സ് പ്രമേയം പാസാക്കിയതോടെ പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പ് ആഹ്വാനം ചെയ്തു.

ലോറികള്‍ ഉപയോഗിച്ചുള്ള പ്രതിഷേധത്തിന് പിന്തുണ തേടി ഒട്ടേറെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഗ്രൂപ്പ് വ്യക്തമാക്കി. ബ്രിട്ടന്റെ ആവശ്യമനുസരിച്ച് 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ നേരിട്ടുള്ള ആക്ഷനും പ്രതിഷേധവും സംഘടിപ്പിക്കുമെന്നാണ് ഗ്രൂപ്പ് പറയുന്നത്. ഇതിനായി രാജ്യമൊട്ടാകെയുള്ള ബ്രെക്‌സിറ്റ് അനുകൂലികള്‍ ഒരുമിക്കണമെന്നും രാജ്യത്തെ മുട്ടുകുത്തിക്കണമെന്നുമാണ് ആഹ്വാനം. പ്രധാന ഹൈവേകളായ M1, M6 M25, M62, A1, A55, M5, M4, M42, M55, M61, A66 തുടങ്ങിവ തടഞ്ഞുകൊണ്ടായിരിക്കണം ശക്തി കാട്ടേണ്ടതെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ ഗ്രൂപ്പ് പറഞ്ഞു.

  2050 -ൽ ഭക്ഷ്യക്ഷാമം, വൈദ്യുതി മുടക്കം, വെള്ളപ്പൊക്കം, ദുരന്തകരമായ ചൂട് എന്നിവ യുകെയെ അലട്ടും. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രവർത്തിക്കാൻ ബ്രിട്ടീഷ് സർക്കാർ പരാജയപ്പെട്ടു എന്ന രഹസ്യ റിപ്പോർട്ട് പുറത്ത്

പ്രധാന ഹൈവേകള്‍ക്ക് അടുത്താണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ ഏതു നിമിഷവും റോഡ് തടയാന്‍ തയ്യാറായിരിക്കണമെന്ന് ഗ്രൂപ്പ് നിര്‍ദേശിക്കുന്നു. ഇതുമൂലമുണ്ടാകുന്ന നിയമ നടപടികളെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും അവ ദേശീയ സംഘാടകര്‍ കൈകാര്യം ചെയ്യുമെന്നുമാണ് അറിയിപ്പ്. സന്ദേശത്തിന് ട്വിറ്ററില്‍ വലിയ പ്രതികരണമാണ് ലഭിച്ചത്. നിരവധി ബ്രെക്‌സിറ്റ് അനുകൂലികള്‍ ഇതിന് പിന്തുണയുമായി രംഗത്തെത്തി.