ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയതിന് പിന്നാലെ മാസ്കും അന്തർദേശീയ യാത്രക്കാരുടെ പരിശോധനയും കർശനമാക്കി. കടകളിലും മറ്റു പൊതു ഇടങ്ങളിലും മാസ്ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കി. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളുണ്ട്. ഇന്ന് മുതൽ ഇംഗ്ലണ്ടിലെ കടകളിലും പൊതുഗതാഗതത്തിലും ആളുകൾ മാസ്ക് ധരിക്കണമെന്ന് സർക്കാർ അറിയിച്ചു. സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. സ്കോട്ട്ലൻഡിൽ കടകളിലും പൊതു ഗതാഗതത്തിലും മാസ്ക് ധരിക്കണം. ഒപ്പം എല്ലാ സ്കൂൾ ജീവനക്കാരും സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും നിർബന്ധമായി മാസ്ക് ധരിക്കണമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

വെയിൽസിൽ പൊതു ഗതാഗതത്തിൽ മാസ്ക് ധരിക്കണം. നോർത്തേൺ അയർലൻഡിൽ ആരാധനാലയങ്ങളിലും ക്ലാസ് മുറികളിലും മാസ്ക് നിർബന്ധമല്ല. എന്നാൽ കടകളിലും പൊതു ഗതാഗതത്തിലും മാസ്ക് ധരിക്കണമെന്ന നിർദേശമുണ്ട്. സർക്കാർ നിർദേശിച്ചിരിക്കുന്ന ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവരിൽ നിന്ന് 200 പൗണ്ട് മുതൽ 6400 പൗണ്ട് വരെ പിഴ ഈടാക്കാൻ പോലീസിന് അധികാരം നൽകിയിട്ടുണ്ട്.

മൂക്കും വായും പൂര്‍ണമായും മറയുന്ന രീതിയില്‍ വേണം മാസ്ക് ധരിക്കാൻ. FFP3 മാസ്‌കുകൾ കോവിഡിനെതിരെ 100% വരെ സംരക്ഷണം നൽകുമെന്ന് അടുത്തയിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. സാധാരണ സർജിക്കൽ മാസ്‌കുകൾ ധരിക്കുന്ന ആശുപത്രി ജീവനക്കാരിൽ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പൊതുജനങ്ങൾക്കും FFP3 മാസ്ക് ഉപയോഗിക്കാം.

അതേസമയം രാജ്യത്ത് പുതിയ വകഭേദവുമായി ബന്ധപ്പെട്ട കൂടുതൽ കേസുകൾ കണ്ടെത്തിയേക്കുമെന്ന് യുകെ ഹെൽത്ത്‌ സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകി. ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടാകുന്നവര്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ പ്രവേശിക്കാനും പ്രധാനമന്ത്രി ബോറിസ് ‌ജോണ്‍സണ്‍ ഉത്തരവിട്ടു. നാം എന്തിനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് കൃത്യമായി മനസ്സിലാക്കാൻ ശാസ്ത്രജ്ഞർക്ക് സമയം നൽകേണ്ടതുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.