ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂപോർട്ട്‌ : 230 മില്യൺ പൗണ്ടിൽ കൂടുതൽ ഇപ്പോൾ വിലമതിക്കുന്ന ബിറ്റ്കോയിൻ അടങ്ങിയ ഒരു ഹാർഡ് ഡ്രൈവ് നഷ്ടപ്പെടുത്തിയ ഐടി ഉദ്യോഗസ്ഥൻ, അത് കണ്ടെത്താൻ സഹായിക്കുന്നതിനായി തന്റെ പ്രാദേശിക കൗൺസിലിന് 55 മില്യൺ പൗണ്ട് വാഗ്ദാനം ചെയ്തു. 35 കാരനായ ജെയിംസ് ഹൊവെൽസ് 2009 ൽ ആണ് ക്രിപ്റ്റോകറൻസി ഇടപാട് ആരംഭിച്ചത്. മൂല്യം തീരെ കുറവായിരുന്നതിനെത്തുടർന്ന് 2013ൽ 7500 യൂണിറ്റ് ഹാർഡ് ഡ്രൈവ് അദ്ദേഹം ഉപേക്ഷിക്കുകയുണ്ടായി. അതിനുശേഷമുള്ള വർഷങ്ങളിൽ ബിറ്റ്കോയിന്റെ വില കുതിച്ചുയർന്നതോടെ താൻ നഷ്ടപ്പെടുത്തിയത് 230 മില്യൺ പൗണ്ട് ആണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഇതിനെത്തുടർന്നാണ് പ്രാദേശിക കൗൺസിലിന്റെ സഹായം തേടാൻ ജെയിംസ് തയ്യാറായത്.

കണ്ടുകിട്ടിയാൽ പണത്തിന്റെ ഒരു ഭാഗം പ്രാദേശിക അതോറിറ്റിയുമായി പങ്കിടുന്നതിന് നിരവധി ഓഫറുകൾ നൽകിയിട്ടുണ്ടെന്ന് ജെയിംസ് വെളിപ്പെടുത്തി. മുഴുവൻ തുകയുടെ 25% ശതമാനമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത് ; ഏകദേശം 55 മില്യൺ പൗണ്ട്! ഓഫീസ് വൃത്തിയാക്കുന്നതിനിടയിലാണ് തനിക്ക് ഹാർഡ് ഡ്രൈവ് നഷ്ടമായതെന്ന് ജെയിംസ് പറഞ്ഞു. ഇത്രയും കാലം കഴിഞ്ഞിട്ടും ബിറ്റ്കോയിൻ ഫയലുകൾ വീണ്ടെടുക്കുന്നതിന് കഴിയുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. ന്യൂപോർട്ടിൽ താമസിക്കുന്ന ജെയിംസ്, പണം കോവിഡ് -19 ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാമെന്നും അറിയിച്ചിട്ടുണ്ട്.

സഹായത്തിനായി ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ ജെയിംസ് നടത്തിയിട്ടുണ്ടെന്നും എന്നാൽ അതിന് സാധിച്ചിട്ടില്ലെന്നും ന്യൂപോർട്ട് കൗൺസിൽ പറഞ്ഞു. ബിറ്റ്കോയിനുകൾ അടങ്ങിയിരിക്കുന്നതായി പറയപ്പെടുന്ന ഹാർഡ്‌വെയർ വീണ്ടെടുക്കാനുള്ള സാധ്യതയെക്കുറിച്ച് ന്യൂപോർട്ട് സിറ്റി കൗൺസിലിനെ 2014 മുതൽ ജെയിംസ് ബന്ധപ്പെട്ടിട്ടുണ്ട്. എങ്കിലും ജെയിംസിന് സഹായം അനുവദിച്ചുനൽകാനുള്ള സാധ്യത വളരെ ചെറുതാണെന്ന് കൗൺസിൽ അധികൃതർ തന്നെ അറിയിച്ചിട്ടുണ്ട്.