കണ്ണൂര്‍: കണ്ണൂര്‍ ചാലയില്‍ പാചകവാതകവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞു. മംഗലാപുരം ഭാഗത്തു നിന്നുവന്ന ടാങ്കര്‍ ലോറി റോഡിലെ വളവില്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ടാങ്കറില്‍ നിന്ന് വാതകം ചോരുന്നുവെന്നാണ് റിപ്പോര്‍ട്ട്.മൂന്ന് ഭാഗങ്ങളിലായി ചോര്‍ച്ചയുണ്ടെന്നാണ് സൂചന.

വാതകചോര്‍ച്ചയെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഇതുവഴിയുള്ള വാഹന ഗതാഗതവും വഴി തിരിച്ചുവിട്ടു. ചോര്‍ച്ച പരിഹരിക്കുന്നതിനായുള്ള ശ്രമവും അഗ്നിശമനസേന ആരംഭിച്ചു. ഡ്രൈവര്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

2012 ഓഗസ്റ്റിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞ് 20 പേർ മരിച്ചതിനു തൊട്ടടുത്താണ്  അപകടമുണ്ടായത് .  

ചോര്‍ച്ച പൂര്‍ണമായി അടയ്ക്കണമെങ്കില്‍ മംഗളൂരുവില്‍ നിന്ന് വിദഗ്ധര്‍ എത്തണം. നിലവില്‍ രണ്ട് ഫയര്‍ ഫോഴ്‌സ് സംഘമാണ് സ്ഥലത്തെത്തിയിട്ടുള്ളത്. പൊട്ടിത്തെറി ഒഴിവാക്കാന്‍ ഫയര്‍ഫോഴ്‌സ് ടാങ്കറിന് മുകളിലേക്ക് വെളളം ചീറ്റിച്ചുകൊണ്ടിരിക്കുകയാണ്.