അടിമാലി: ഹോട്ടല്‍ ശൗചാലയത്തിനു മുകളിലേക്കു മണ്ണിടിഞ്ഞതിനേത്തുടര്‍ന്ന് ഉള്ളിലകപ്പെട്ട യുവതിയെ ഒന്നര മണിക്കൂറിനു ശേഷം രക്ഷിച്ചു. ഇന്നലെ രാവിലെ ഒന്‍പതരയോടെ അമ്പലപ്പടിയിലാണു സംഭവം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്ത് ഹോട്ടല്‍ നടത്തിയിരുന്ന കാംകോ ജങ്ഷനില്‍ വില്ലേജ് ഓഫീസിനു സമീപം താമസിക്കുന്ന വാഴയില്‍ ശ്രീജേഷിന്റെ ഭാര്യ പ്രമീത (27) യെയാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്.
ദേശീപാതയോരത്തു പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ ശൗചാലയത്തില്‍ കയറിയ ഉടന്‍ കെട്ടിടത്തിനു പിന്‍ഭാഗത്തെ കൂറ്റന്‍ മണ്‍തിട്ട ഇടിഞ്ഞ് കോണ്‍ക്രീറ്റ് സ്ലാബടക്കം പ്രമീതയുടെ ദേഹത്തേക്കു വീഴുകായിരുന്നു. ഇവരുടെ നിലവിളി കേട്ടു കടയിലെ ജീവനക്കാര്‍ വിവരം ഫയര്‍ഫോഴ്‌സിലും പോലീസിലും അറിയിച്ചു. മൂന്നു മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ ഒന്നര മണിക്കൂര്‍ കഠിന പരിശ്രമത്തിനൊടുവിലാണ് യുവതിയെ പുറത്തെടുത്തത്. ഇടതു കാലിന്റെ അസ്ഥിക്കു പൊട്ടലും തലയ്ക്കും ശരീരഭാഗങ്ങള്‍ക്കും ചതവുമേറ്റ പ്രമീതയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. െഹെവേ ജാഗ്രതാ സമിതി പ്രവര്‍ത്തകരും നാട്ടുകാരും രക്ഷാദൗത്യത്തില്‍ പങ്കാളികളായി.
ഓട്ടോറിക്ഷാ ്രൈഡവറായ ശ്രീജേഷും കുടുംബവും മാസങ്ങള്‍ക്കുമുമ്പാണ് ഈ ഹോട്ടല്‍ വാടക വ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്തി വന്നിരുന്നത്. ഹോട്ടല്‍ കെട്ടിടത്തിനു സമീപം പുറത്തായിരുന്നു ശൗചാലയം നിര്‍മിച്ചിരുന്നത്. കെട്ടിടനിര്‍മാണത്തിനായി അന്‍പത് അടിയോളം ഉയരത്തില്‍ മണ്ണ് അരിഞ്ഞു മാറ്റിയ കട്ടിങ് നിലനിന്നിരുന്നു. ഇവിടെ നിന്നാണ് ശൗചാലയത്തിനു മുകളിലേക്കു മണ്ണിടിഞ്ഞത്. സംഭവ സ്ഥലത്ത് ജനം തടിച്ചുകൂടിയതുമൂലം ദേശീയപാതയില്‍ ഏറെ നേരം ഗതാഗതവും സ്തംഭിച്ചു.
മരണത്തെ മുഖാമുഖം കണ്ടാണ് മണ്ണിനടിയില്‍ ഒന്നര മണിക്കൂറോളം തള്ളി നീക്കിയതെന്നു പറയുമ്പോഴും പ്രമീതയുടെ കണ്ണുകളില്‍ ഭീതിയുടെ നിഴലാട്ടം. ഇന്നലെ രാവിലെ ശൗചാലയത്തിനു മുകളിലേക്കു മണ്ണിടിഞ്ഞ് മണ്ണിനടിയില്‍ അകപ്പെട്ട വാഴയില്‍ ശ്രീജേഷിന്റെ ഭാര്യ പ്രമീത ആശുപത്രിക്കിടക്കയില്‍ കഴിയുമ്പോഴും തന്റെ രണ്ടാം ജന്മമാണിതെന്നാണ് ആശ്വസിക്കുന്നത്. ആറു മാസം മുമ്പാണ് ശ്രീജേഷും കുടുംബവും ടൗണിനു സമീപം അമ്പലപ്പടിയില്‍ തുരങ്കം ഹോട്ടല്‍ എന്നറിയപ്പെട്ടിരുന്ന ഭക്ഷണശാല വാടകയ്‌ക്കെടുത്ത് നടത്താന്‍ ആരംഭിച്ചത്. ഉച്ചവരെ പ്രമീതയും ഒരു ജീവനക്കാരിയുമാണ് കടയിലുള്ളത്. ഉച്ചയോടെ ഭര്‍ത്താവും അമ്മയും സഹായത്തിനെത്തും.
പതിവുപോലെ ഇന്നലെയും രാവിലെ കടയിലെത്തി. ഒന്‍പതരയോടെ ജീവനക്കാരിയോട് ശൗചാലയത്തില്‍ പോവുകയാണെന്നു പറഞ്ഞ് അകത്തു കയറി. നിമിഷങ്ങള്‍ക്കുള്ളിലാണ് വന്‍ ശബ്ദത്തോടെ അന്‍പത് അടിയോളം ഉയരത്തില്‍ നിന്നും മണ്ണിടിഞ്ഞ് കെട്ടിടത്തിനു മുകളില്‍ പതിച്ചത്. പ്രമീതയുടെ മുകളിലേക്ക് കോണ്‍ക്രീറ്റ് സ്ലാബും ഭിത്തിയും തകര്‍ന്നു വീണു. എന്തു ചെയ്യണമെന്നറിയാതെ അലറിക്കരയുകയായിരുന്നു ആദ്യ നിമിഷങ്ങളില്‍. അനങ്ങാന്‍ പോലുമാകാതെ മുട്ടുകുത്തിയ നിലയില്‍ ഒന്നര മണിക്കൂര്‍.
ഇതിനിടെ സമചിത്തത വീണ്ടെടുത്ത് ഒരു െകെ മാത്രം ചലിപ്പിച്ച് ഒരു വശത്ത് ചെറിയ ദ്വാരമുണ്ടാക്കി ശ്വാസം കിട്ടാന്‍ അവസരമൊരുക്കി. ദ്വാരത്തിലൂടെ െകെ പുറത്തേക്ക് നീട്ടി നിലവിളിച്ചു. സംഭവം അറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും പാഞ്ഞെത്തി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി ദ്വാരത്തിലൂടെ ഓക്‌സിജന്‍ ട്യൂബ് അകത്തേക്കു നല്‍കിയത് ആശ്വാസം പകര്‍ന്നു. ഇതിനിടെ വീണ്ടും മണ്ണിടിയാനുള്ള സാധ്യതയുണ്ടെന്ന് ആരൊക്കെയോ വിളിച്ചു പറയുന്നതു നേര്‍ത്ത ശബ്ദത്തില്‍ കേട്ടതോടെ പകുതി ജീവന്‍ പോയ നിലയിലായി. രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും മനസില്‍ കണ്ട് പ്രാര്‍ത്ഥനയോടെ മനഃശക്തി വീണ്ടെടുക്കുകയായിരുന്നെന്ന് പ്രമീത ഓര്‍മിച്ചു.
Leave a Reply