ചെഷയർ ഹോസ്പിറ്റലിൽ എട്ട് നവജാത ശിശുക്കൾ മരണപ്പെട്ട കേസിൽ പ്രസ്തുത ഹോസ്പിറ്റലിലെ നഴ്സ് ലൂസി ലെറ്റ്ബിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. 2015-2016 കാലയളവിൽ ആണ് സംശയാസ്പദമായ സാഹചര്യങ്ങളിൽ എട്ട് കുട്ടികൾ നോർത്ത് ഇംഗ്ലണ്ടിലെ ചെഷയർ ഹോസ്പിറ്റലിൽ മരണപ്പെട്ടത്. മൂന്ന് വർഷത്തിലധികം നീണ്ട ഇൻവെസ്‌റ്റിഗേഷന് ഒടുവിലാണ് പോലീസിന്റെ സംശയം പ്രസ്തുത നഴ്സിന് നേരെ നീങ്ങിയത്.

ചെഷയർഹോസ്പിറ്റലിലെ നവജാത ശിശുക്കളെ പരിപാലിക്കുന്ന വാർഡിന്റെ ചുമതലയുള്ള നഴ്സ്‌ ആയിരുന്നു നഴ്സ് ലൂസി. വെള്ളിയാഴ്ച വാറിംഗ്ട്ടൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവർക്കെതിരെയുള്ള വിധി, കോടതി പിന്നീട് തീരുമാനിക്കും. പ്രാഥമിക ഹിയറിംഗ് മാത്രമാണ് ഇന്നലെ നടന്നത്. 30 കാരിയായ ഇവർക്ക് ഈ ഘട്ടത്തിൽ ജാമ്യം നൽകാൻ കോടതി തയ്യാറായില്ല.

എട്ട് കുട്ടികളെ കൊലപ്പെടുത്തിയതിന് പുറമെ മറ്റ് പത്ത് കുട്ടികളെ കൊലപ്പെടുത്താനും ശ്രമിച്ചുവെന്ന കുറ്റവും ഇവർക്കെതിരെ പോലീസ് ചാർജ് ചെയ്തിട്ടുണ്ട്. പോലീസ് ചാർജ് ചെയ്ത എല്ലാ കേസുകളും കോടതിയിൽ തെളിയിക്കപ്പെടുകയാണെങ്കിൽ ബ്രിട്ടീഷ് ചരിത്രത്തിലെ തുല്യതയില്ലാത്ത ക്രൂര കൃത്യത്തിന്റെ വിശദ വിവരങ്ങൾ വൈകാതെ പുറത്തു വരും.