ഭിന്നശേഷിക്കാരായ മക്കളെ ഒരു കുറവും വരുത്താതെ വളർത്തുകയായിരുന്നു സുരേഷും ഭാര്യ സുനിതയും. സുഹൃത്തുക്കൾക്കും നാട്ടുകാർക്കുമെല്ലാം സുരേഷിനെ കുറിച്ച് പറയാനുള്ളത് നല്ലത് മാത്രം. എന്നാൽ കഴിഞ്ഞദിവസം ചേർപ്പ് വെങ്ങിണിശേരി ഗ്രാമം ഉണർന്നത് സുരേഷ് തന്റെ ഭിന്നശേഷിക്കാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ചെന്ന ഞെട്ടിക്കുന്ന വാർത്ത കേട്ടാണ്.

എംഎസ് നഗറിൽ താമസിച്ചുവരികയായിരുന്ന കുടുംബത്തിൽ സംഭവിച്ച ദുരന്തം ഇനിയും നാട്ടുകാർക്ക് ഉൾക്കൊള്ളാനായിട്ടില്ല. സുരേഷിന്റെ മകളും ഭിന്നശേഷിക്കാരിയുമായ ശ്രിദ്യയാണ് (24) കൊല്ലപ്പെട്ടത്. മകളെ വെട്ടിക്കൊലപ്പെടുത്തിയശേഷം വെങ്ങിണിശേരിയിൽ വാടകയ്ക്കു താമസിക്കുന്ന ചേനം പണിക്കശ്ശേരി സുരേഷ് (51) ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നു പോലീസ് പറഞ്ഞു. തലയിൽ വെട്ടേറ്റ നിലയിലാണ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തതും് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയതും. മനോനില തെറ്റിയ നിലയിൽ പെരുമാറിയ സുരേഷിന്റെ തലയിൽ ആഴത്തിൽ മുറിവുണ്ട്. ഇന്നലെ രാവിലെ ഒൻപതോടെയാണു നാടിനെ നടുക്കിയ സംഭവം.

വീട്ടിൽ നിന്നും ഉറക്കെയുള്ള കരച്ചിൽ കേട്ട് എത്തിയവർ കണ്ടത് അടച്ചിട്ട മുറിയിൽ വെട്ടേറ്റു കിടക്കുന്ന ശ്രിദ്യയെയും തലയിൽ നിന്നു ചോരയൊലിച്ചു നിൽക്കുന്ന സുരേഷിനെയുമായിരുന്നു. വാതിൽ അകത്ത് നിന്നും പൂട്ടിയിരുന്നതിനാൽ പെട്ടെന്ന് അകത്തേക്ക് കടക്കാനായില്ല. വെട്ടുകത്തിയുമായി നിന്നിരുന്ന സുരേഷ് ആരെയും അടുപ്പിച്ചുമില്ല. ഒടുവിൽ നാട്ടുകാർ വാതിൽ തകർത്തു പുറത്തെടുത്തപ്പോഴേക്കും ശ്രിദ്യ മരിച്ചിരുന്നു.

സുരേഷിനെ പോലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സുരേഷിന്റെ ഭാര്യ സുനിതയും മകൻ സുശീലും കണ്ടുനിൽക്കെയാണ് അതിക്രമമുണ്ടായത്. ശ്രിദ്യയുടെ സംസ്‌കാരം നടത്തി.

ഡിവൈഎസ്പി ബാബു കെ തോമസ്, ഇൻസ്‌പെക്ടർ ടിവി ഷിബു, വിരലടയാള വിദഗ്ധർ, ഫൊറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

രണ്ടു മക്കളും ഭിന്നശേഷിക്കാരായാണ് പിറന്നത്. തനിച്ച് ഒന്നും ചെയ്യാൻ ശേഷിയില്ലാത്ത മക്കൾക്കായി ഉഴിഞ്ഞുവെച്ചതായിരുന്നു സുരേഷിന്റെ ജീവിതം.സുരേഷ് സ്ഥലക്കച്ചവടം നടത്തിയും ഭാഗ്യക്കുറിയും മീനും വിറ്റുമാണു ഭാര്യയെയും മക്കളെയും നോക്കിയിരുന്നത്.

ചേനത്ത് സ്വന്തമായുള്ള ചെറിയ വീട് വാടകയ്ക്കു നൽകി മക്കളുടെ പഠനാവശ്യത്തിനായാണ് 4 മാസം മുൻപ് വെങ്ങിണിശേരിയിലെ വാടകവീട്ടിൽ എത്തിയത്. 2 മക്കളെയും അടുത്തുള്ള ബഡ്‌സ് സ്‌കൂളിൽ ചേർത്തു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നപ്പോഴും സുരേഷ് ഇതൊന്നും പുറത്ത് കാണിക്കാതെ മക്കൾക്കായി അധ്വാനിക്കുകയായിരുന്നു. കിട്ടുന്ന ജോലികൾ എല്ലാം ചെയ്തു കുടുംബം നോക്കിയിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ശ്രിദ്യയോട് ഏറെ വാത്സല്യം കാണിച്ചിരുന്ന സുരേഷ് ഈ കടുംകൈ ചെയ്‌തെന്ന് ഇപ്പോഴും സുഹൃത്തുക്കൾക്ക് വിശ്വസിക്കാനാവുന്നില്ല.

ഈയടുത്ത് ഒരുദിവസം കുടുംബസമേതം ആത്മഹത്യ ചെയ്യുകയാണെന്ന് സമീപത്തെ ഓട്ടോ ഡ്രൈവറോട് സുരേഷ് പറഞ്ഞിരുന്നു. ഇക്കാര്യം ഓട്ടോ ഡ്രൈവർ വീട്ടുടമയം അറിയിക്കുകയും അദ്ദേഹം വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകൾക്കും വിപരീതമായിരുന്നു സുരേഷിന്റെ പ്രവർത്തി. സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും മകൾ മരിക്കുകയും ചെയ്തതോടെ ഇനി എന്തു ചെയ്യണമെന്നറിയാതെ തളർന്നിരിക്കുകയാണ് സുനിതയും ഭിന്നശേഷിക്കാരനായ മകൻ സുശീലും.