ഫാ.ഹാപ്പി ജേക്കബ്

നിര്‍മ്മലമായ നോമ്പിന്റെ അനുഭവങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പകര്‍ത്തുകയും സഹജീവികളെ ആ കാരുണ്യത്തില്‍ ദര്‍ശിക്കുകയും ചെയ്യുമ്പോള്‍ ദൈവസ്‌നേഹവും സ്പര്‍ശനവും നമുക്ക് അനുഗ്രഹങ്ങളായി ഭവിക്കുന്നു. എന്നാല്‍ ഈ നേരവും ആശങ്കയും പീഡനവും ദൈവനിന്ദയും കളിയാടുന്ന ലോകവും ഒട്ടും വ്യത്യസ്തതയില്ലാതെ ഈ പൈശാചികാനുഭവങ്ങളില്‍ എല്ലാം ക്രിസ്ത്യാനി സാന്നിധ്യം നാം കാണുമ്പോള്‍ അല്‍പം വേദന ഉളവാകുകയും നിരാശനാകുകയും ചെയ്യുന്നു. എന്നാല്‍ നിരാശയല്ല പ്രത്യാശയാണ് നമ്മെ ഭരിക്കേണ്ടതെന്ന ചിന്ത ഉദിക്കുമ്പോള്‍ പ്രാര്‍ത്ഥനയുടെ കുറവും ജീവിതനിഷ്ഠയോടുള്ള മുഖംതിരിവും നാം ഇനിയെങ്കിലും തിരിച്ചറിഞ്ഞ് നേരിന്റെ പാത തിരഞ്ഞ് കണ്ടെത്തേണ്ടിയിരിക്കുന്നു. നോമ്പിന്റെ ഇനിയുള്ള ദിനങ്ങള്‍ നമ്മെ അതിന് പ്രാപ്തരാക്കട്ടെ.

ഈയാഴ്ചയിലെ ചിന്തക്കായി ഭവിക്കുന്നത് വി.ലൂക്കോസിന്റെ സുവിശേഷം 13: 10-17 വരെയുള്ള വാക്യങ്ങളാണ്. കര്‍ത്താവ് ശാബത്തില്‍ പതിനെട്ട് സംവത്സരമായി കൂനിയായ സ്ത്രീയെ സൗഖ്യമാക്കുന്നു. ആത്മീയതലത്തില്‍ കൂന് പാപഭാരത്തിന്റെ അടയാളമായി മനസിലാക്കാം. പാപവും ദോഷവും അകൃത്യവും ജീവിതത്തില്‍ ഏറുമ്പോള്‍ നിവര്‍ന്ന് നിന്ന് സഹോദരങ്ങളെ കാണുവാനോ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കുവാനോ കഴിയാതെ വരുന്നു. എന്നാല്‍ പാപമോചനം നേടി കൂന് നിവര്‍ത്തുവാനുള്ള അവസരങ്ങള്‍ ധാരാളം നമുക്കുണ്ടെങ്കിലും അതിന് അടുത്ത് വരുവാന്‍ നമുക്ക് മനസുമില്ല, ധൈര്യവുമില്ല. നിരന്തരം ആരാധനയ്ക്കായി നാം ദൈവാലയത്തില്‍ പോകുമ്പോഴും നമ്മുടെ ചിന്താഗതി മാറ്റുവാനോ ദൈവചിന്ത ഉറപ്പിക്കുവാനോ കഴിയുന്നില്ല. അതിനാല്‍ ദൈവാനുഗ്രഹങ്ങളും നമുക്ക് അപ്രാപ്യമാകുന്നു.

എന്നാല്‍ ഈ സ്ത്രീയെ കണ്ടയുടന്‍ കര്‍ത്താവ് അടുത്ത് വിളിച്ച് അവളെ സൗഖ്യമാക്കുന്നു. അവള്‍ നിവര്‍ന്ന് ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. അവള്‍ കര്‍ത്താവിനെ കാണുകയും കര്‍ത്താവ് അവളെ കാണുകയും ചെയ്യുന്ന ദൈവാനുഭവം. ഏതൊരു വിശ്വാസിയും ആഗ്രഹിക്കുന്ന സ്വര്‍ഗ്ഗീയ നിമിഷം. ഇതുതന്നെയാണ് ഈ നോമ്പില്‍ നാമും ആര്‍ജ്ജിക്കേണ്ടത്. കര്‍ത്താവേ, കര്‍ത്താവേ എന്ന് വിളിക്കുന്നവരല്ല, എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗ്ഗരാജ്യത്തിന്റെ അവകാശിയാകുന്നതെന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുള്ളത് നാം വിസ്മരിക്കരുത്. നമ്മുടെ നോമ്പും നമസ്‌കാരവും പ്രാര്‍ത്ഥനയും കര്‍ത്താവിനെ കാണുവാന്‍ പ്രാപ്തരാക്കട്ടെ.

എന്നാല്‍ സുനഗോഗിലെ പ്രമാണിമാര്‍ക്ക് ഇത് അത്ര സുഖകരമായ അനുഭവമല്ല ഉണ്ടാക്കിയത്. അവര്‍ പരിഭവിക്കുകയും ശാബത്തില്‍ സൗഖ്യമാക്കിയതിനെ വിമര്‍ശിക്കുകയും ചെയ്യുന്നു. എന്നാല്‍ ദൈവകൃപ ഏവര്‍ക്കും പ്രാപ്തമാണെന്നും അത് സൗജന്യമാണെന്നും അര്‍ഹതയുള്ളവര്‍ക്ക് ദൈവം അത് നല്‍കുമെന്നും കര്‍ത്താവ് പഠിപ്പിക്കുന്നു. ബലിയിലല്ല, കരുണയിലത്രേ, മനുഷ്യപുത്രന്‍ ശാബത്തിനു കര്‍ത്താവാണെന്ന് പഠിപ്പിക്കുന്നു.

നമ്മുടെ ഉള്ളിലും നമ്മുടെ സമൂഹത്തിലും നടമാടുന്ന പല അനാചാരങ്ങളും നീങ്ങിയേ മതിയാവുകയുള്ളു. നിയമങ്ങള്‍ സാധാരണവും പാലിക്കപ്പെടേണ്ടവയുമാണ്. എന്നാല്‍ ദൈവപ്രവര്‍ത്തനത്തിന് അവ വിഘാതമാകാന്‍ പാടില്ല. ദൈവജനമായ നമുക്ക് ദൈവകൃപ ഏത് വിധേനയും പ്രാപിക്കേണ്ടത് ആവശ്യമാണ്. കൂനിയായ സത്രീയെ കര്‍ത്താവ് സ്പര്‍ശിച്ചപ്പോള്‍ അവളുടെ രോഗം മാറി സൗഖ്യപ്പെട്ടത് പോലെ ആ കരസ്പര്‍ശനം നമുക്കും അനുഭവിക്കണം. കര്‍ത്താവിനെ കാണുവാന്‍, അവന്‍ നമ്മെ ഒന്ന് കാണുവാന്‍ നമുക്ക് ശ്രമിക്കാം. നമ്മെ അലട്ടുന്ന പാപഭാരങ്ങളെ മോചിപ്പിക്കപ്പെട്ട് ആത്യന്തികമായ സൗഖ്യം നമുക്കും നേടാം. ദൈവമുഖത്തേക്ക് നോക്കി പിതാവേ എന്ന് വിളിക്കാന്‍ നമുക്കും കഴിയണം. ദൈവ സന്നിധിയില്‍ നിന്ന് നമ്മെ അകറ്റുന്ന എന്ത് പ്രതിബന്ധങ്ങളും ആയിക്കൊള്ളട്ടെ, അതിനെ തരണം ചെയ്യാന്‍ ഈ നോമ്പ് നമ്മെ ശാക്തീകരിക്കും. കര്‍ത്താവിനെ കണ്ടവരും അവനെ തൊട്ടവരും അവന്റെ നിഴല്‍ സ്പര്‍ശിച്ചവര്‍ പോലും സൗഖ്യപ്പെട്ടപ്പോള്‍ വിശ്വാസം ഏറ്റെടുത്ത് നമുക്ക് അവന്റെയടുത്ത് ചെല്ലാം. നമ്മുട പാപഭാരങ്ങളെ ദൂരീകരിക്കാം, ആത്മീയവും ഭൗതികവുമായ കൃപയില്‍ നിറയാം. നാം ആര്‍ജ്ജിച്ച കൃപയില്‍ നമ്മുടെ സമൂഹവും ധന്യമാകട്ടെ.

പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍