ലൂട്ടൻ: മരണങ്ങളുടെ മണിമുഴക്കം അവസാനിക്കാതെ യുകെ മലയാളികൾ. ഇന്നലെ ലൂട്ടനിൽ  ലൂട്ടനിൽ താമസിക്കുന്ന ജിജി മാത്യസിന്റെ (56, മുഞ്ഞനാട്ട് കുടുംബാംഗം) മരണം ലൂട്ടൻ മലയാളികളെ എന്നപോലെ തന്നെ യുകെയിലെ മറ്റു മലയാളികളെയും ഒരുപോലെ ഞെട്ടിച്ചു എന്നത് ഒരു യാഥാർത്യമാണ്. രാത്രി ഒരു മണിയോടെ അസ്വസ്ഥ തോന്നിയ ജിജി വെള്ളം കുടിക്കാനായിട്ടാണ് മുകളിൽ നിന്നും അടുക്കളയിൽ എത്തുന്നത്.

എണീറ്റുപോകുന്നത് ശ്രദ്ധിച്ച ഭാര്യ താഴെയെത്തിയപ്പോൾ ആണ് മുകളിലേക്ക് കയറാനാകാതെ വീണുകിടക്കുന്ന ഭർത്താവിനെ കാണുന്നത്. ക്രിസ്മസ് ആഘോഷത്തിനായി ഈയിടെ വിവാഹം കഴിച്ചയച്ച ഡോക്ടറായ മകൾ ഉൾപ്പെടെ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു.

എല്ലാവരും താഴെയെത്തി. ഡോക്ടർ ആയ മകളും നഴ്‌സായ ഭാര്യയും സി പി ആർ  നൽകി. ഇതിനിടയിൽ തന്നെ ആംബുലൻസ് ടീമും സ്ഥലത്തെത്തി. ഉടനടി ആശുപത്രിലേക്ക് മാറ്റിയെങ്കിലും ജീവൻ നിലനിർത്താൻ സാധിക്കാതെ വരുകയായിരുന്നു. നാട്ടിൽ പത്തനംതിട്ടയിലെ മൈലപ്ര സ്വദേശിയാണ് ജിജി. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ബെജിയുടെ മൂത്ത സഹോദരനാണ് പരേതനായ ജിജി മാത്യൂസ്.

എല്ലാവരുമായും ക്രിസ്മസിന്റെ സന്തോഷം പങ്കുവെച്ചു തലേദിവസം പിരിഞ്ഞ പ്രിയ സുഹൃത്തിന്റെ ആകസ്മിക വേർപാടിൽ ഞെട്ടലിലാണ് യുകെയിൽ മലയാളി സുഹൃത്തുക്കൾ.  യുകെയിൽ ഏറെ സൗഹൃദമുള്ള ജിജി, പ്രവാസി മലയാളി സംഘടനയായ ല്യൂട്ടന്‍ കേരളൈറ്റ് അസോസിയേഷന്റെ ആദ്യകാല പ്രസിഡന്റും ലൂട്ടൻ മലയാളി അസ്സോസിയേഷന്റെ സ്ഥാപകരിൽ ഒരാളുമാണ്. മലയാളികളുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്ന അദ്ദേഹം, സംഘടനയുടെ പ്രസിഡന്റ്‌, യുക്മയുടെ പല പരിപാടികളിലും സജീവ പങ്കാളിത്വം വഹിച്ചിട്ടുണ്ട്.

ഗ്ലോസ്റ്ററില്‍ ഈ അടുത്ത് നടന്ന രണ്ട് കാർ അപകടങ്ങളിൽ പെട്ടവർക്ക്  സാമ്പത്തിക സഹായം എത്തിക്കുന്നതിനും ജിജി അക്ഷീണം പ്രവർത്തിച്ചിരുന്നു. പ്രിയ സുഹൃത്തിനെക്കാൾ ഉപരിയായി ജ്യേഷ്ഠ സഹോദരനെയാണ് പ്രിയപ്പെട്ടവർക്ക് നഷ്ടമായിരിക്കുന്നത്. എല്ലാ പ്രതിസന്ധിയിലും താങ്ങായി നിന്ന ജിജിയുടെ വേർപാടിന്റെ ആഘാതത്തിലാണ് യുകെ മലയാളികൾ.

ഐയ്ല്‍സ്ബറി എന്‍എച്ച്എസ് ഹോസ്പിറ്റലിലായിരുന്നു ജിജി ജോലി ചെയ്തിരുന്നത്. ഭാര്യ ഷേര്‍ളി ലൂട്ടന്‍ ആന്റ് ഡണ്‍സ്റ്റബിള്‍ ഹോസ്പിറ്റലില്‍ നഴ്‌സാണ്. മക്കള്‍: നിക്കി (എന്‍എച്ച്എസ് ഡോക്ടര്‍), നിഖില്‍, നോയല്‍ എന്നിവരാണ്

ജിജിയുടെ വേർപാടിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനങ്ങൾ രേഖപ്പെടുത്തുന്നു.