രണ്ടു പതിറ്റാണ്ടായി യുഎഇയിലെ മാധ്യമ, സാമൂഹിക രംഗത്ത് സജീവമായിരുന്ന വി.എം. സതീഷ് (53) നിര്യാതനായി. ഇന്നലെ അർധരാത്രി അജ്മാനിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വീസ റദ്ദാക്കിയ ശേഷം നാട്ടിലേക്കു മടങ്ങിയ സതീഷ് കഴിഞ്ഞ ദിവസം സന്ദർശക വീസയില്‍ വീണ്ടും യുഎഇയിൽ എത്തിയതായിരുന്നു. ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സതീഷിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും രാത്രിയോടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
കോട്ടയം ഇത്തിത്താനം വഴിപ്പറമ്പിൽ മാധവന്റെയും തങ്കമ്മയുടെയും മകനായ സതീഷ് മുംബൈ ഇന്ത്യൻ എക്സ്പ്രസിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. യുഎഇയിലെത്തിയ ശേഷം ഒമാൻ ഒബ്സർവർ, എമിറേറ്റ്സ് ടുഡേ, സെവൻ ഡേയ്സ് എമിറേറ്റ്സ് 24X7, ഖലീജ് ടൈംസ് എന്നിവിടങ്ങളിൽ ജോലി ചെയ്തു. പിന്നീട് സ്വന്തം സംരംഭങ്ങളുമായി നീങ്ങുകയായിരുന്നു.
ഗൾഫിലെ തൊഴിലാളികളുടെ ജീവിതത്തെപ്പറ്റിയുള്ള വാർത്തകളും ലേഖനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രവാസികളുടെയും കുടിേയറ്റ തൊഴിലാളികളുടെയും പ്രശ്നങ്ങൾ സർക്കാരുകളുടെ ശ്രദ്ധയിലെത്തിക്കാൻ സതീഷ് നിരന്തരം ശ്രമിച്ചിരുന്നു. ‘ഡിസ്ട്രെസിങ് എൻകൗണ്ടേഴ്സ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: മായ. മക്കൾ: ശ്രുതി, അശോക് കുമാർ. ഇന്ന് വൈകിട്ട് മൂന്നിന് സോനാപൂർ എംബാമിങ് സെന്ററിൽ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഉണ്ട്. മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കും. സതീഷിന്റെ നിര്യാണത്തിൽ യുഎഇയിലെ മാധ്യമപ്രവര്‍ത്തകരും സംഘടനകളും അനുശോചിച്ചു.
Leave a Reply