ജോജി തോമസ്
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. കഠിനാധ്വാനവും വാഗ്വിലാസവും കൊണ്ട് രൂപപ്പെടുത്തിയ കരിസ്മയും, കഴിഞ്ഞ കാല ചെയ്തികളുടെ പ്രത്യേകിച്ച് അഴിമതിയുടെ പ്രേതം വേട്ടയാടുന്ന ദുര്‍ബലമായ പ്രതിപക്ഷം കൂടിയായപ്പോള്‍ സമീപകാല ഇന്ത്യയില്‍ മറ്റൊരു നേതാവ് ഉയര്‍ന്ന് വരാന്‍ സാധ്യത ഇല്ലെന്നുള്ള അഹംഭാവമായികുന്നു നരേന്ദ്ര മോഡിയുടെയും ഭരണപക്ഷത്തിന്റെയും മുഖമുദ്ര. ആ ഒരു സാധ്യതയില്ലായ്മ തന്നെയാണ് കര്‍ഷകരും തൊഴിലാളികളും അടങ്ങുന്ന അടിസ്ഥാന വര്‍ഗങ്ങളെയും ബി.ജെ.പിയുടെ അടിത്തറയായ മധ്യവര്‍ഗത്തെയും മറന്ന് കോടീശ്വരന്മാര്‍ക്ക് മാത്രമായുള്ള ഒരു ഭരണം നടത്താന്‍ മോഡിക്ക് ധൈര്യം പകര്‍ന്നത്.
നൂറ് കോടിയിലേറെ വരുന്ന സാധാരണക്കാരെ മറന്ന് നൂറില്‍ താഴെ വരുന്ന ശതകോടീശ്വരന്മാര്‍ക്കായി ഭരണയന്ത്രം ചലിപ്പിച്ചതിനുള്ള തിരിച്ചടിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളില്‍ ഭരണപക്ഷത്തിനേറ്റ തിരിച്ചടി. വികസനമെന്ന് പറയുന്നത് ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ കൈയ്യില്‍ സമ്പത്ത് കുന്നുകൂടുന്നതില്‍ ഉപരിയായി സാധാരണക്കാരന്റെ ജീവിത നിലവാരത്തിലുള്ള ഉയര്‍ച്ചയാണ് എന്നത് മോഡിയെന്ന സമീപകാല ഇന്ത്യ കണ്ട് ഏറ്റവും വലിയ നേതാവിന് സംഭവിച്ച വലിയ മറവിയുടെ പ്രതിഫലനമാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍.
രാജ്യത്തിന്റെ ഭരണചക്രം റിലയന്‍സിനും അദാനിമാര്‍ക്കുമായി ചുരുങ്ങിയപ്പോള്‍ മോഡിയുടെ കണക്കുകൂട്ടല്‍ ജനവിധിയില്‍ പണാധിപത്യത്തിനുള്ള സ്വാധീനം തനിക്ക് രാഷ്ട്രീയ രക്ഷയാകുമെന്നായിരുന്നു. ഇവിടെയാണ് ഇന്ത്യന്‍ ജനാതിപത്യത്തിന്റെ ശക്തി തിരിച്ചറിയാന്‍ മോഡി പരാജയപ്പെട്ടത്. പണക്കൊഴുപ്പും ആധുനിക സാങ്കേതികതയുടെ സഹായത്തോടെയുള്ള പ്രചാരണ കോലാഹലങ്ങളും മാത്രം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആരുടെയും രക്ഷക്കെത്തില്ലെന്നുള്ളതിന്റെ നേര്‍ക്കാഴ്ച്ചയാണ് കഴിഞ്ഞുപോയ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍. 2019-ലെ പൊതുതെരഞ്ഞെടുപ്പിന് 5 മാസങ്ങള്‍ മാത്രം ശേഷിക്കെ ഈ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ മോഡിയും ബി.ജെ.പിയും നന്നായി ക്ലേശിക്കണ്ടി വരും. നാല് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും നല്‍കുന്ന ആത്മവിശ്വാസവും ഉയര്‍ത്തെഴുന്നേല്‍പ്പും നിസാരമല്ല. 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവെന്ന പദവി പാര്‍ട്ടി പ്രതിനിധിക്ക് ലഭിക്കാന്‍ പോലും ആവശ്യമായ അംഗങ്ങളെ ലോക്‌സഭയില്‍ എത്തിക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസിനെ സംബന്ധിച്ചത്തിടത്തോളം ഇത് തിരിച്ചുവരവിന്റെ നാളുകളാണ്.
പ്രതിപക്ഷത്തും ഭരണപക്ഷത്തും ശക്തമായ പ്രതിയോഗിയുടെ അഭാവമാണ് മോഡിയുടെ പല തെറ്റായ തീരുമാനങ്ങള്‍ക്കും കാരണമായത്. എന്തു ചെയ്താലും ആരാലും ചോദ്യം ചെയ്യപ്പെടില്ലെന്ന വികാരം പല തീരുമാനങ്ങളിലും പ്രതിഫലിച്ചു. ആരോഗ്യകരമായ ഒരു ജനാതിപത്യ വ്യവസ്ഥിതിക്ക് പ്രതിപക്ഷത്തിനുള്ള സ്ഥാനം വിസ്മരിച്ചുകൊണ്ടാണ് മോഡി അമിതാ ഷാ കൂട്ടുക്കെട്ട് പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചത്. 2014-ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തിന് ഒരു കക്ഷിക്കും അര്‍ഹതയില്ലായിരുന്നുവെങ്കിലും പ്രതിപക്ഷത്തെ വലിയ പാര്‍ട്ടിയുടെ നേതാവിന് പദവി നല്‍കുന്നതിലൂടെ ജനാതിപത്യ വ്യവസ്ഥിതിയോടുള്ള ആദരവ് പ്രകടമാക്കാനുള്ള അവസരമായിരുന്നു മോഡിക്കും ബി.ജെ.പിക്കും കൈവന്നത്. ഇന്ത്യയില്‍ ജനാതിപത്യം കരുപ്പിടിപ്പിച്ച ജവഹര്‍ ലാല്‍ നെഹ്‌റുവിനെപ്പോലുള്ളവര്‍ ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനം അറിഞ്ഞ് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇത്രയധികം വേരോട്ടമുണ്ടായത്.
കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റം, പെട്രോള്‍ വിലവര്‍ധനവ് തുടങ്ങിയ നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ജനരോഷത്തിന് കാരണമാക്കിയ ഘടകങ്ങള്‍ പലതാണ്. ഇതില്‍ ഏറ്റവുമധികം വിവാദമായത് കോടീശ്വരന്‍മാര്‍ക്കായുള്ള ഭരണവും നയരൂപീകരണങ്ങളുമാണ്. റഫേല്‍ യുദ്ധവിമാന ഇടപാട്, 30,000 കോടിയോളം മൂല്യമുള്ള ഇ.എസ്.ഐ ഫണ്ട് കൈകാര്യം ചെയ്യാന്‍ അനില്‍ അംബാനിയെ ചുമതലപ്പെടുത്തിയതുമെല്ലാം വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ഭരണത്തിന്റെ തെളിവാണ്. ഇവിടെയെല്ലാ യോഗ്യതയുമുള്ള പൊതുമേഖലാ സ്ഥാപനളെയും ഒഴിവാക്കിയായിരുന്നു മോഡിയുടെ പ്രിയപ്പെട്ടവര്‍ക്കായുള്ള സ്വജന പക്ഷപാതം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയുടെ പ്രധാന ഗുണഭോക്താവും അംബാനി കുടുംബം തന്നെയാണെന്നുള്ളത് വിസ്മരിച്ചു കൂടാ.
കഠിനാധ്വാനിയായ രാഷ്ട്രീയക്കാരനായി അറിയപ്പെടുന്ന മോഡിയുടെ തന്ത്രങ്ങള്‍ ഹിറ്റലറും മുസോളിനിയും ഉള്‍പ്പെടുന്ന ഫാഷിസ്റ്റുകള്‍ പിന്തുടര്‍ന്ന ദേശസ്‌നേഹവും വര്‍ഗ, ജാതി ചിന്തകളും പ്രത്യേക അനുപാതത്തില്‍ ചേര്‍ന്ന ചേരുവയാണ്. ലോകമാകെ വലതുപക്ഷ ചിന്താഗതിക്ക് 21-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഉണ്ടായ മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു മോഡിയുടെ വിജയവും. യു.പി.എ ഗവണ്‍മെന്റിന്റെ അഴിമതികള്‍ ആ വളര്‍ച്ചയ്ക്ക് വെള്ളവും വളവും നല്‍കി. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് മോഡിയുടെ എതിരാളിയാകണമെങ്കില്‍ വളരെയധികം കഠിനാധ്വാനം ചെയ്യുകയും മുന്നേറുകയും ചെയ്യേണ്ടി വരും. നിര്‍ണായക സമയത്ത് ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലെ ഭരണം പിടിക്കാന്‍ സാധിച്ചെങ്കിലും കോണ്‍ഗ്രസിന്റെ നില ഒട്ടും ആശാവഹമല്ല. ഇതില്‍ പ്രധാനപ്പെട്ട രണ്ട് സംസ്ഥാനങ്ങളായ മധ്യപ്രദേശിലും രാജസ്ഥാനിലും വോട്ടിംഗ് ശതമാനത്തില്‍ വളരെ നേരിയ വ്യത്യാസമേ കോണ്‍ഗ്രസിനുള്ളു. മധ്യപ്രദേശിലാവാട്ടെ വോട്ട് ശതമാനത്തില്‍ ബി.ജെ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. മൊത്തം പോള്‍ ചെയ്തതിന്റെ 41 ശതമാനം വോട്ട് ബി.ജെ.പിക്ക് ലഭിച്ചപ്പോള്‍ 40.9 ശതമാനം മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 39.3 ശതമാനം ബി.ജെ.പിക്ക് 38.8 ശതമാനവുമാണ് വോട്ടുവിഹിതം. ഡി.എം.കെ ഒഴികെ പ്രതിപക്ഷ കക്ഷികളൊന്നും രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നില്ലെന്നുള്ളത് കോണ്‍ഗ്രസിന്റെ പാത കൂടുതല്‍ ദുര്‍ഘടമാക്കുന്നു.
ഇതൊക്കെയാണ് യാഥാര്‍ത്ഥ്യമെങ്കിലും 2019-ലെ തെരെഞ്ഞെടുപ്പില്‍ മോഡിക്ക് വീണ്ടും അധികാരത്തിലെത്തണമെങ്കില്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. കാരണം ഭരണനേട്ടങ്ങള്‍ എത്രയധികം ഊതിപ്പെരുപ്പിച്ചാലും തൊഴിലില്ലായ്മ കഴിഞ്ഞ ഇരുപത് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായതും കര്‍ഷകന്റെയും സാധാരണക്കാരന്റെയും ജീവിത സമരങ്ങളുമാണ് പണക്കൊഴുപ്പിന്റെ മേളത്തേക്കാള്‍ ഉപരിയായി പൊതുതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക.
Leave a Reply