ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഒമിക്രോണിനെതിരെ പടപൊരുതാൻ ഒരുങ്ങി പ്രധാനമന്ത്രി ബോറിസ്‌ ജോൺസൻ. വർക്ക് ഫ്രം ഹോം, വാക്സിൻ പാസ്പോർട്ട്‌ തുടങ്ങി രാജ്യത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനമാണ് ജോൺസൻ കൈകൊണ്ടത്. ഇന്നലെ രാത്രിയാണ് ബോറിസ് ജോണ്‍സണ്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. വര്‍ക്ക് ഫ്രം ഹോം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലെത്തുന്നതോടൊപ്പം പൊതുവേദികളില്‍ പ്രവേശനത്തിന് കോവിഡ് പാസ്പോർട്ട്‌ നിര്‍ബന്ധമാക്കും. ഒപ്പം നാളെ മുതൽ സിനിമാശാലകളിലും തിയേറ്ററുകളിലും മാസ്ക് നിർബന്ധമാക്കും. കടകളിലും ഗതാഗത സംവിധാനത്തിലും നേരത്തെ തന്നെ മാസ്ക് നിർബന്ധമാക്കിയിരുന്നു. പബ്ബുകളിലും റെസ്റ്റോറന്റുകളിലും ജിമ്മുകളിലും അവ ആവശ്യമില്ല.

അഞ്ഞൂറിലധികം ആളുകളുള്ള എല്ലാ ഇന്‍ഡോര്‍ വേദികളിലും 4,000ത്തിലധികം ആളുകളുള്ള ഔട്ട്‌ഡോർ വേദികളിലും പ്രവേശനത്തിന് കോവിഡ് പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കി. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് കോവിഡ് പാസ്പോർട്ട്‌ ലഭിക്കും. ലാറ്ററല്‍ ഫ്ലോ ടെസ്റ്റ് നടത്തി നെഗറ്റീവ് സ്ഥിരീകരിച്ചാലും ഇത് ലഭിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഒമിക്രോൺ ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ സെൽഫ് ഐസൊലേഷനിൽ കഴിയുന്നതിനു പകരം ദിവസേന കോവിഡ് പരിശോധന നടത്താൻ ആവശ്യപ്പെടും. പോസിറ്റീവായാൽ ക്വാറന്റീനിൽ കഴിയണം.

അതേസമയം, ക്രിസ്മസ് വിപണി സജീവമാകുന്ന സമയത്ത് പ്രധാനമന്ത്രി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉയരുകയാണ്. ബോറിസ് ജോൺസന്റെ ‘പ്ലാൻ ബി’ കാരണം പ്രതിമാസം 4 ബില്ല്യണ്‍ പൗണ്ടിന്റെ നഷ്ടമുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അടുത്തയാഴ്ച കോമൺസിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തുമ്പോൾ കൺസർവേറ്റീവ് എംപിമാരിൽ നിന്നുതന്നെ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ട്. എന്നാൽ ഡിസംബർ അവസാനത്തോടെ രാജ്യത്ത് പത്തു ലക്ഷം ഒമിക്രോൺ കേസുകൾ രൂപപ്പെടുമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് മുന്നറിയിപ്പ് നൽകി. ഈ കണക്കുകളാണ് സർക്കാരിനെ ഭയപ്പെടുത്തുന്നത്. എന്നാൽ ഭരണകക്ഷി എംപിമാരുടെ എതിർപ്പ് ഉയരുന്ന സാഹചര്യത്തിൽ പ്ലാൻ ബിയുമായി ജോൺസൻ മുന്നോട്ട് പോകുമോ എന്ന് കണ്ടറിയണം.