വാഷിംഗ്ടണ്‍: നാറ്റോ സഖ്യരാജ്യങ്ങളെ കടത്തി വെട്ടാനുളള ശേഷി റഷ്യയ്ക്കുണ്ടെന്ന് അമേരിക്കന്‍ സൈനിക വിദഗദ്ധര്‍. ക്രീമിയന്‍ യുദ്ധസമയത്ത് തന്നെ അക്കാര്യം ബോധ്യമായതാണെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. തങ്ങളുടെ ഇരുപത്തേഴ് സൈനിക ബറ്റാലിയനുമായി ഏത് നിമിഷവും കടുത്ത ആക്രമണത്തിന് റഷ്യ സുസജ്ജമാണ്. ഇതിനോട് ഏറ്റുമുട്ടാന്‍ നാറ്റോയുടെ പക്കലുളളതാകട്ടെ വെറും 12 സൈനിക ബറ്റാലിയന്‍ മാത്രമാണ്. തെക്കു നിന്നും വടക്ക് നിന്നും ലാത്വിയന്‍ അതിര്‍ത്തിയിലേക്കും ഒരേസമയം ആക്രമണം നടത്താന്‍ റഷ്യയ്ക്കാകും. തലസ്ഥാനമായ റിഗ കയ്യടക്കും മുമ്പ് തന്നെ നാറ്റോ സേനയെ ഇല്ലാതാക്കാനും ഇവര്‍ക്കാകുമെന്നാണ് അമേരിക്കന്‍ വിശകലനം പറയുന്നത്.
റിഗ കീഴടക്കിക്കഴിഞ്ഞാല്‍ റഷ്യയുടെ സൈന്യത്തിന് നാര്‍വ റിസര്‍വോയര്‍ കടന്ന് എസ്‌റ്റോണിയയിലേക്ക് എത്താനാകും. റഷ്യയുടെ വടക്ക് കിഴക്കന്‍ മേഖലയിലൂടെ തലസ്ഥാനമായ ടാലിനിലും എത്താനാകും. നാറ്റോയ്ക്ക് ചെയ്യാനാകുന്ന ഏക സംഗതി തങ്ങളുടെ സൈന്യത്തെ ഇരു തലസ്ഥാനങ്ങളിലും വിന്യസിക്കുക എന്നത് മാത്രമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ചെയ്യാനാകുന്നത് ആണവായുധങ്ങള്‍ പ്രയോഗിക്കുക എന്നതു മാത്രമാണ്. എന്നാല്‍ ഇതിന്റെ ഫലം നാറ്റോ രാജ്യങ്ങളുടെ നാശമാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

നാറ്റോയുടെ കരസേന റഷ്യയെ എതിരിടാന്‍ പര്യാപ്തമല്ലെന്ന സൂചന തന്നെയാണ് റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നത്. നാറ്റോയ്ക്ക് യുദ്ധടാങ്കുകളില്ല. റഷ്യയുടെ മുന്നേറ്റത്തെ ചെറുക്കാന്‍ അമേരിക്കയുടെയും ബാള്‍ട്ടിക്കിന്റെയും സംയുക്ത വ്യോമാക്രമണങ്ങള്‍ക്ക് കഴിയില്ലെന്നും 2014-2015 വര്‍ഷം നടത്തിയ പഠനം വ്യക്തമാക്കുന്നു. നാറ്റോയുടെ പന്ത്രണ്ട് ബറ്റാലിയനുകളില്‍ ഏഴെണ്ണവും എസ്റ്റോണിയ, ലാത്വിയ, ലിഥ്വാനിയ തുടങ്ങിയ രാജ്യങ്ങളിലായി വിന്യസിച്ചിരിക്കുകയാണ്. ഒരേയൊരു സട്രൈക്കര്‍ ബറ്റാലിയന്‍ മാത്രമാണ് നാറ്റോയ്ക്കുളളത്. ടാങ്കുകള്‍ പോലുമില്ലാത്ത സാഹചര്യത്തില്‍ തോല്‍വി എന്നത് നാറ്റോയെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമായിരിക്കുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.

എന്നാല്‍ ഇതിന് പോലും വന്‍ ചെലവ് വരുമെന്നും വിലിയിരുത്തുന്നു. വ്യോമ, കരസേനകള്‍ക്കായി ഏഴ് ബ്രിഗേഡുകള്‍ക്ക് നാറ്റോയ്ക്ക് 2.7 ബില്യന്‍ ഡോളര്‍ ചെലവ് വരും.
റഷ്യയെ പ്രതിരോധിക്കാനായി സൈന്യത്തിന്റെ പരിശീലനത്തിനും മറ്റുമുളള ചെലവ് ഇരട്ടിയായി വര്‍ദ്ധിപ്പിക്കാനുളള ഒബാമയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഈ പഠനം പുറത്ത് വന്നിട്ടുളളതെന്നതും ശ്രദ്ധേയമാണ്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ സൈനിക ചെലവ് 3.4 ബില്യന്‍ ഡോളറില്‍ നിന്ന് 789 മില്യന്‍ ഡോളറായി വര്‍ദ്ധിപ്പിക്കണമെന്നാണ് ഒബാമ തന്റെ അവസാന ബജറ്റില്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചെലവ് വര്‍ദ്ധിപ്പിക്കാനുളള തീരുമാനം ശുഭസൂചനയാണെന്നാണ് അമേരിക്കന്‍ ജര്‍മന്‍ മാര്‍ഷല്‍ ഫണ്ടിന്റെ വാഴ്‌സാ ഓഫീസ് തലവന്‍ മൈക്കിള്‍ ബരണോസ്‌കി പ്രതികരിച്ചത്.