ചലച്ചിത്ര സംവിധായകൻ മധൂർ ഭണ്ഡാർക്കറെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടിയും മോഡലുമായ പ്രീതി ജയിന് മൂന്ന് വർഷം തടവ്. കൂട്ടു പ്രതികളായ രണ്ട് പേർക്കും മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. മുംബൈ സെഷൻ കോടതിയാണ് നടിക്കും മറ്റ് രണ്ട് പേർക്കും തടവ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ട് പ്രതികളെ വെറുതെ വിട്ടു.
2005ലാണ് മധൂർ ഭണ്ഡാർക്കറെ കൊലപ്പെടുത്തുന്നതിനുള്ള ഗൂഢാലോചന നടക്കുന്നത്. പ്രീതി ജയിൻ മധൂർ ഭണ്ഡാർക്കറെ കൊലപ്പെടുത്തുന്നതിനു വേണ്ടി അരുൺ എന്ന വ്യക്തിക്ക് 75,000 രൂപ നൽകി. എന്നാൽ അരുൺ കൊല നടത്തിയില്ല. ഇതോടെ പണം തിരികെ ആവശ്യപ്പെടുകയും ഇതെ ചൊല്ലി തര്‍ക്കം ഉണ്ടാവുകയും പൊലീസ് വിവരം അറിയുകയുമായിരുന്നു.
നേരത്തെ പ്രീതി ജയിൻ മധുർ ഭണ്ഡാർക്കർക്കെതിരെ പീഡനകേസ് കൊടുത്തിരുന്നു. വിവാഹം കഴിക്കാമെന്നും അടുത്ത ചിത്രത്തിൽ അവസരവും നൽകാമെന്നും വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു പ്രീതി കേസ് നൽകിയിരുന്നത്. എന്നാൽ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ 2012ൽ സുപ്രീം കോടതി മധുർഭണ്ഡാർക്കറെ കുറ്റവിമുക്തനാക്കുകയായിരുന്നു. പ്രീതി ജയിനും കൂട്ടു പ്രതികൾക്കും 15000 രൂപയുടെ ഉറപ്പിൽ കോടതി ജാമ്യവും അനുവദിച്ചിട്ടുണ്ട്. വിധിക്കെതിരെ അപ്പീൽ നൽകാൻ നാല് ആഴ്ചത്തെ സമയവും കോടതി അനുവദിച്ചു.
Leave a Reply