ബിജെപിയിൽ ചേർന്ന ജോതിരാദിത്യ സിന്ധ്യയ്ക്കെതിരായ വ്യാജരേഖാ പരാതികളിന്മേലുള്ള അന്വേഷണം അവസാനിപ്പിച്ചു

ബിജെപിയിൽ ചേർന്ന ജോതിരാദിത്യ സിന്ധ്യയ്ക്കെതിരായ വ്യാജരേഖാ പരാതികളിന്മേലുള്ള അന്വേഷണം അവസാനിപ്പിച്ചു
March 25 05:34 2020 Print This Article

മുൻ കേന്ദ്രമന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ജോതിരാദിത്യ സിന്ധ്യയ്ക്കെതിരായ വ്യാജരേഖാ പരാതികളിന്മേലുള്ള അന്വേഷണം മധ്യപ്രദേശ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇഒഡബ്ല്യു) അവസാനിപ്പിച്ചു. ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് സിന്ധ്യയ്‌ക്കെതിരായ അന്വേഷണം അവസാനിപ്പിച്ചത്. സംസ്ഥാനത്തുനിന്നുള്ള ബിജെപിയുടെ രാജ്യസഭാ സ്ഥാനാർഥിയാണ് ജോതിരാദിത്യ സിന്ധ്യ. കഴിഞ്ഞ ശനിയാഴ്ചയാണ് സിന്ധ്യയും അനുയായികളായ 22 വിമത എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

സിന്ധ്യയ്‌ക്കെതിരായ പരാതികളിലെ അന്വേഷണം ഏതാനും ദിവസം മുൻപ് അവസാനിപ്പിച്ചതായി ഇഒഡബ്ല്യു ഉന്നതോദ്യോഗസ്ഥർ അറിയിച്ചു. ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് സിന്ധ്യയും കുടുംബാംഗങ്ങളും വ്യാജരേഖ ചമച്ചെന്ന പരാതിയിലാണ് ഇഒഡബ്ല്യുവിന്റെ നടപടി. പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അവസാനിപ്പിച്ചതെന്ന് ഏജൻസി പ്രതികരിച്ചു.

സിന്ധ്യയുടെ നേതൃത്വത്തിലുള്ള എംഎൽഎമാർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് സംസ്ഥാനത്ത് അധികാരമാറ്റത്തിന് കാരണമായിരുന്നു. എംഎൽഎമാർ പോയതോടെ കോൺഗ്രസ് സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുകയും മുഖ്യമന്ത്രി കമൽനാഥ് രാജി സമർപ്പിക്കുകയുമായിരുന്നു. തുടർന്ന് ശിവരാജ് സിങ് ചൌഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ സ്ഥാനമേറ്റ് വിശ്വാസവോട്ട് നേടുകയും ചെയ്തു.

കമൽനാഥ് സർക്കാരിൽ പ്രതിസന്ധി തുടങ്ങിയതിന് പിറകെ ഗ്വാളിയോർ സ്വദേശിയായ സുരേന്ദ്ര ശ്രീവാസ്തവയാണ് സിന്ധ്യക്കെതിരേ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൽ പരാതി നൽകിയത്. 2014ലും താൻ ഇതേ പരാതി നൽകിയിരുന്നെന്നും എന്നാൽ നാലു വർഷത്തിനുശേഷം ഒരു കാരണവും വ്യക്തമാക്കാതെ അന്വേഷണ ഏജൻസി കേസ് അവസാനിപ്പിച്ചുവെന്നും ശ്രീവാസ്തവ പറയുന്നു. ഇക്കാര്യത്തിൽ വിവരാവകാശ അപേക്ഷ നൽകിയപ്പോൾ വിവരങ്ങൾ പങ്കുവയ്ക്കാനാവില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് 2014ലും സംസ്ഥാനം ഭരിച്ചിരുന്നത്.

ശ്രീവാസ്തവയുടെ പുതിയ പരാതി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സ്വീകരിച്ചെങ്കിലും തെളിവുകൾ പരിശോധിക്കാനുണ്ടെന്ന് പറഞ്ഞ് കേസ് രജിസ്ട്രർ ചെയ്തിരുന്നില്ല. തെളിവുകളില്ലെന്ന് കണ്ട് ഒഴിവാക്കിയ കേസ് രാഷ്ട്രീയ പകപോക്കലിനു വേണ്ടി കോൺഗ്രസ് സർക്കാർ കുത്തിപ്പൊക്കുകയാണെന്നാണ് പരാതിയെക്കുറിച്ച് സിന്ധ്യ അനുകൂലികൾ പ്രതികരിച്ചത്. എന്നാൽ എല്ലാ രേഖകളുമായി താൻ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ ശ്രീവാസ്തവ പ്രതികരിച്ചു. മുൻ അന്വേഷണങ്ങൾ സിന്ധ്യ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അവസാനിപ്പിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles