സഹോദരന്‍ പാപ്പരായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെ ഏറ്റെടുക്കാൻ മുകേഷ് അംബാനി; ഫൈവ് ജി സേവനങ്ങളിലേക്ക് ജിയോയുടെ ചുവടുവയ്പ്പ്…..

സഹോദരന്‍ പാപ്പരായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെ ഏറ്റെടുക്കാൻ മുകേഷ് അംബാനി;  ഫൈവ് ജി സേവനങ്ങളിലേക്ക് ജിയോയുടെ ചുവടുവയ്പ്പ്…..
July 23 04:25 2019 Print This Article

സഹോദരന്‍ അനില്‍ അംബാനിയുടെ പാപ്പരായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെ (ആര്‍ കോം) ഏറ്റെടുക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. റിലയന്‍സ് ജിയോ ആര്‍ കോമിനായുള്ള ബിഡ്ഡിംഗില്‍ പങ്കെടുത്തേക്കുമെന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കടബാധ്യതയെ തുടര്‍ന്ന് അനില്‍ അംബാനി ഗ്രൂപ്പ് ഇന്‍സോള്‍വന്‍സി നടപടികളിലേയ്ക്ക് പോവുകയായിരുന്നു. 46,000 കോടി രൂപയുടെ കടമാണ് ആര്‍ കോമിനുള്ളത്.

ആര്‍ കോമിന്റെ എയര്‍ വേവുകളും ടവറുകളും ഫൈവ് ജി സേവനം നല്‍കാനൊരുങ്ങുന്ന ജിയോയ്ക്ക് സഹായകമാകും. നിലവില്‍ തന്നെ ആര്‍ കോമിന്റെ എയര്‍ വേവുകള്‍ 850 മെഗാഹെര്‍ട്‌സ് ബാന്‍ഡില്‍ 21 സര്‍ക്കിളുകളിലായി ജിയോ ഉപയോഗിക്കുന്നുണ്ട്. നേരത്തെ ആര്‍ കോമിന്റെ കടം ഏറ്റെടുക്കാന്‍ ജിയോ വിസമ്മതിച്ചിരുന്നു. ഇതോടെ ആര്‍ കോമിന്റെ സ്‌പെക്ട്രം വില്‍പ്പനയ്ക്ക തടസമുണ്ടാവുകയും ചെയ്തു. അതേസമയം നിലവില്‍ 18,000 കോടി രൂപയുടെ കരാറില്‍ ആര്‍ കോമിന്റെ 43,000 ടവറുകളും വയര്‍ലെസ് ഇന്‍ഫ്രാസ്ട്രക്ചറും വാങ്ങാന്‍ ജിയോ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആര്‍ കോമിന്റെ ഉടമസ്ഥതയിലുള്ള നവി മുംബൈയിലെ വീടുകളും ഭൂസ്വത്തുക്കളും (ധിരുഭായ് അംബാനി നോളേജ് സിറ്റി – DAKC) മുകേഷ് അംബാനിയുടെ കയ്യിലാകും. 1990കളില്‍ റിലയന്‍സ് സ്ഥാപകനും അംബാനി സഹോദരന്മാരുടെ പിതാവുമായ ധീരുഭായ് അംബാനി വാങ്ങിയ സ്ഥലങ്ങളാണിവ. കാനഡയിലെ ബ്രൂക്ഫീല്‍ഡിന് ഭൂമി വില്‍ക്കാനും ആര്‍ കോമിന് പരിപാടിയുണ്ട്.

സ്വീഡിഷ് ടെലികോം കമ്പനി എറിക്‌സണ് നല്‍കാനുള്ള 550 കോടി രൂപ നല്‍കിയില്ലെങ്കില്‍ തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ മുകേഷ് അംബാനി പണമടച്ച് സഹോദരനെ ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷിച്ചിരുന്നു. ധീരുഭായ് അംബാനിയുടെ മരണത്തിന് ശേഷം റിലയന്‍സ് കമ്പനികളും സ്വത്തുക്കളും ഇരു സഹോദരന്മാരും ഭാഗിച്ചപ്പോള്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അനില്‍ അംബാനിക്കാണ് കിട്ടിയത്. തുടക്കത്തില്‍ വലിയ ലാഭം നേടിയ കമ്പനി 2014ഓടെ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തുകയായിരുന്നു. അതേസമയം ടെലികോം രംഗത്തേയ്ക്ക് റിലയന്‍സ് ചുവടുവയ്ക്കണമെന്ന ആശയം ധീരുഭായ് അംബാനി ജീവിച്ചിരിക്കെ ആദ്യം മുന്നോട്ടുവച്ചത് മുകേഷ് അംബാനിയാണ്. എന്നാല്‍ ജിയോയുമായി മുകേഷ് അംബാനി ടെലികോം രംഗത്തേക്കിറങ്ങിയത് 2016ല്‍ മാത്രം. ബിഎസ്എന്‍എല്ലിനും എയര്‍ടെല്ലും ഐഡിയയും വൊഡാഫോണുമടക്കമുള്ള സ്വകാര്യ ടെലികോം കമ്പനികള്‍ക്കും വന്‍ നഷ്ടമുണ്ടാക്കിയായിരുന്നു ജിയോയുടെ വരവ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles