സ്വന്തം ആവശ്യങ്ങള്‍ മാറ്റിവെച്ച് മറ്റുള്ളവരുടെ കണ്ണീരൊപ്പുന്നവരാണ് സമൂഹത്തിന്റെ മാലാഖമാര്‍. അത്തരത്തില്‍ ഒരു മാലാഖയുണ്ട് എടക്കര കല്‍പകഞ്ചേരിയില്‍. അബുദാബിയില്‍ നടന്ന കുതിരയോട്ട മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയതിനു ലഭിച്ച തുക പ്രളയ പുനരധിവാസത്തിന്റെ ഭാഗമായ വീട് നിര്‍മാണത്തിനു നല്‍കിയ വിദ്യാര്‍ഥിനി.
കല്‍പകഞ്ചേരി ആനപ്പടിക്കല്‍ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടിന്റെയും മിന്നത്തിന്റെയും മകള്‍ നിദ അന്‍ജൂമാണ് ലഭിച്ച സമ്മാനത്തുകയില്‍ നിന്ന് 6 ലക്ഷം രൂപ പ്രളയപുനരധിവാസത്തിനായി നല്‍കിയത്. പോത്തുകല്ല് പൂളപ്പാടത്ത് ഓട്ടോ ഡ്രൈവറായ വലിയപറമ്പില്‍ അഷ്‌റഫിന്റെ കുടുംബത്തിനു വീട് നിര്‍മിച്ചു നല്‍കാനാണ് നിദ അന്‍ജൂ സമ്മാനത്തുക നല്‍കിയത്.
അബുദാബിയില്‍ നടന്ന ടൂ സ്റ്റാര്‍ ജൂനിയര്‍ 120 കിലോമീറ്റര്‍ കുതിരയോട്ടത്തിലാണ് നിദ അന്‍ജൂം ജേതാവായത്. ഇംഗ്ലണ്ടില്‍ ബിരുദ വിദ്യാര്‍ഥിനിയായ നിദ, ദുബായിലും ലണ്ടനിലുമായാണ് കുതിരയോട്ട പരിശീലനം നേടിയത്.
കല്‍പകഞ്ചേരി ആനപ്പടിക്കല്‍ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കവളപ്പാറ, പാതാര്‍ പ്രളയ ബാധിത പ്രദേശത്ത് നിര്‍മിച്ചുനല്‍കുന്ന 10 വീടുകളില്‍ ഒന്ന് നിദ നല്‍കുന്ന ഈ വീടാണ്. നേരത്തേ 2 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ 2 ലക്ഷം രൂപ വീതം സഹായവും നല്‍കിയിരുന്നു.
വീടിന്റെ താക്കോല്‍ സമര്‍പ്പണം കഴിഞ്ഞ ദിവസം നിദ നിര്‍വഹിച്ചു. തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എപി അബ്ദുല്‍ സമദ്, മൂസ സ്വലാഹി, കെസി അബ്ദുല്‍ റഷീദ്, സികെ ഷൗക്കത്തലി, വിടി സമീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു ട്രസ്റ്റിന്റെ മറ്റ് 9 വീടുകള്‍ അടുത്ത ദിവസം കൈമാറും.
Leave a Reply