ജീവിക്കാന്‍ വേണ്ടി പലരും പല പണികളും ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട് എന്നാല്‍ ഒരു സ്ത്രീ ജീവിക്കാന്‍ വേണ്ടി കുടുംബം പൊട്ടാന്‍ വേണ്ടി ചെയ്യുന്ന ജോലികള്‍ കണ്ടാല്‍ ഒരു നിമിഷം നിങ്ങളെ ചിന്തിപ്പിക്കും ഇങ്ങനെയുള്ള ജോലികള്‍ ആണുങ്ങള്‍ മാത്രം ചെയ്യുന്നത് ഈ ജോലികള്‍ക്ക് അത്യാവശ്യം ആരോഗ്യം വേണം എന്നതിനാലാണ്  .

‘ഇതൊക്കെ ആണുങ്ങളുടെ പണിയാണ്, നമ്മളെകൊണ്ട് കൂട്ടിയാല്‍ കൂടൂല എന്ന് പറയുന്ന പെണ്ണുങ്ങളോട് എനിക്കൊന്നും പറയാനില്ല. ഏറ്റവും കുറഞ്ഞത് പെരുന്നാളിന് പുറത്ത് പോകുമ്പോഴെങ്കിലും ചുറ്റുമുള്ള മനുഷ്യന്മാരുടെ ജീവിതം കാണാന്‍ ശ്രമിക്കണം. ഇതൊരു വല്ലാത്ത ലോകമാണ്. ഇവിടെ ആണിനെപ്പോലെ പെണ്ണിനും എല്ലാ പണിയും എടുത്ത് ജീവിക്കാന്‍ സാധിക്കും. പടച്ചോന്‍ നമ്മള്‍ക്കെല്ലാം തന്ന ഉള്‍ക്കരുത്തുണ്ട്. അത് കാണാതെ പോകരുത്.’ സ്വയം ശപിച്ച ഒരു രാത്രിയാത്രയില്‍ പടച്ചവനെപ്പോലെ സഹായിച്ച ആയിഷുമ്മയുടെ വാക്കുകളാണിത്.

മലപ്പുറത്തെ മങ്കടയില്‍നിന്ന് സുഹൃത്തിന്റെ കല്ല്യാണ പാര്‍ട്ടി കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ രാത്രി ഒമ്പതു മണി കഴിഞ്ഞിരുന്നു. ഒന്നിന് പിറകെ ഒന്നായി മഴത്തുള്ളികള്‍ മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്. മഴക്കോട്ട് ധരിച്ചിട്ടുണ്ടെങ്കിലും കുറച്ച് മുന്നോട്ട് പോയപ്പോഴേക്കും മഴസംഭരണിപോലെ കോട്ടിനുള്ളില്‍ വെള്ളം നിറഞ്ഞു. വഴിയിലൊന്നും ഒറ്റ മനുഷ്യനില്ല. ഞായറാഴ്ചയായതിനാല്‍ ചുറ്റും അടഞ്ഞ കടകള്‍ മാത്രം. കനത്ത മഴയും പരിചയമില്ലാത്ത വഴിയും ഇരുട്ടില്‍ അസ്വസ്ഥതപ്പെടുത്തി. ആകെ ആശ്വാസം ഇടക്കിടെ കടന്നുപോകുന്ന ലോറികളായിരുന്നു. കുറച്ചുകൂടെ പോയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. കുഴികളില്‍ ചാടുമ്പോള്‍ ബൈക്ക് ഒരു വശത്തേക്ക് പോകുന്നു. റോഡരികിലേക്ക് നിര്‍ത്തി. പിന്നിലെ ടയര്‍ പഞ്ചറായിരിക്കുന്നു.

കൂരിരുട്ടിനൊപ്പം പെയ്യുന്ന മഴക്കൊപ്പം നിസ്സഹായത എന്നെ അലിയിച്ചു കളയുന്ന പോലെ തോന്നി. മുന്നോട്ട് പോവുക എന്നല്ലാതെ മറ്റൊരു വഴിയും ഇല്ല. മഴക്കോട്ട് അഴിച്ച് സീറ്റിന് മുകളിലേക്കിട്ട ശേഷം ലക്ഷ്യമില്ലാതെ ബൈക്ക് തള്ളി തുടങ്ങി. പഞ്ചര്‍ അടക്കാനുള്ള വിദൂര സാധ്യത പോലും ഇല്ല എന്ന് ഉറപ്പിച്ചു. മിനിറ്റുകളോളം മുന്നോട്ട് പോയപ്പോഴാണ് ദൂരെ നിന്നും ഒരു ഉന്തുവണ്ടി വരുന്നത് കണ്ടത്.

മുകളില്‍ പെട്രോമാക്സ് വിളക്ക് തൂങ്ങിയാടുന്നുണ്ട്. വളരെ വേഗം അത് അടുത്തേക്ക് വന്നു. ഇരുട്ടിനും വെളിച്ചത്തിനും ഇടക്ക് അത് ഉന്തി വരുന്ന മനുഷ്യനെ കാണാന്‍ കഴിയുന്നുണ്ട്. തലയില്‍ വെള്ളത്തൊപ്പി വച്ച് ഓട്ടയുള്ള ബനിയന്‍ ധരിച്ച വൃദ്ധനായ ഒരാള്‍. എന്നെ കണ്ടതും ഉന്തുവണ്ടി റോഡരികിലേക്ക് ചേര്‍ത്ത് നിര്‍ത്തി. ഉന്തുവണ്ടിക്ക് മുകളിലെ മണ്ണെണ്ണ സ്റ്റവ്വും ഇരുമ്പിന്റെ വലിയചീനച്ചട്ടിയും കണ്ടപ്പോഴെ കടലക്കച്ചവടം നടത്തുന്ന ആളാണെന്ന് മനസ്സിലായി.

പഞ്ചറായി അല്ലേ, ഇതിവിടെ പതിവാണ്… അമ്മാതിരി റോഡല്ലേ മോനെ. അദ്ദേഹത്തിന് ഒന്നും പറയാതെ കാര്യം മനസ്സിലായി. പേടിക്കാന്‍ ഒന്നുമില്ലെന്നും വേഗം പോയാല്‍ നമ്മടെ ആയിഷ ശരിയാക്കിത്തരും എന്ന് പറഞ്ഞു. ആയിഷ എന്ന വ്യക്തിക്ക് പഞ്ചര്‍ കട ഉണ്ടെന്നും അത് അടുത്താണെന്നും മാത്രം മനസ്സിലായി. കുറെ നേരം മഴ കൊണ്ട് ബൈക്ക് തള്ളിയ ക്ഷീണം നന്നായി ഉണ്ടായിരുന്നു. അത് കണ്ടിട്ടാകണം അദ്ദേഹം പ്ലാസ്റ്റിക്ക് ഷീറ്റിന് അടിയില്‍ നിന്ന് കടലാസ്സില്‍ പൊതിഞ്ഞ് വച്ച കടലപ്പൊതിയില്‍ ഒന്നെടുത്ത് എനിക്ക് നേരെ നീട്ടിയത്.

എന്റെ അടുത്ത് വേറൊന്നുല്ല, ഇപ്പൊ ഇത് കഴിച്ചൊ തല്‍ക്കാലം സമാധാനം കിട്ടും. മോളുടെ മക്കളായ സുറുമിക്കും ഉമ്മുവിനും കരുതിയതാണ’. ആ സ്നേഹത്തിനും പരിഗണനക്കും മുന്നില്‍ വേണ്ട എന്ന് പറയാന്‍ മനസ്സ് വന്നില്ല. സന്തോഷത്തോടെ അത് വാങ്ങി. അദ്ദേഹത്തോട് യാത്ര പറഞ്ഞ് പഞ്ചര്‍കട ലക്ഷ്യമാക്കി വേഗത്തില്‍ ബൈക്ക് ആഞ്ഞ് തള്ളി. പേരു ചോദിക്കാന്‍ മറന്ന കാര്യം പിന്നീടാണ് ഓര്‍ത്തത്. എങ്കിലും സ്നേഹം പൊതിഞ്ഞ കടലമണികള്‍ മാത്രം മതി ആ മുഖം മറക്കാതിരിക്കാന്‍.

അരികിലൂടെ കടന്നു പോയ ലോറിയുടെ വെളിച്ചത്തിലാണ് വലിയ ടയറില്‍ മഞ്ഞ പെയ്ന്റ്‌കൊണ്ട് പഞ്ചര്‍ കട എന്ന്എഴുതിയത് കണ്ടത്. സര്‍വ്വ ശക്തിയുമെടുത്ത് വേഗത്തില്‍ കടക്കരികിലേക്ക് ബൈക്ക് തള്ളി. എന്നാല്‍ എല്ലാം കൈ വിട്ട് പോയിരുന്നു. കാരണം കട പൂട്ടി ഒരു സ്ത്രീ ചാവി ഊരി എടുക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നെ കണ്ടപ്പോള്‍ പുറത്തെ ഓഫാക്കിയ ലൈറ്റ് ഓണ്‍ ചെയ്ത് വരാന്‍ ആംഗ്യം കാണിച്ചു.

മനസ്സ് മടുത്ത് അവശനായി അവര്‍ക്കരികിലേക്ക് ചെന്നു. ഇപ്പൊവരാം എന്ന് പറഞ്ഞ് അവര്‍ കടക്ക് പിറകിലെ ഇരുട്ടിലേക്ക് മറഞ്ഞു. ഒരു പിടിയും കിട്ടാതെ ഞാന്‍ മിനിറ്റുകളോളം അവിടെത്തന്നെ നിന്നു. തിരിച്ചുവന്ന അവരുടെ കൈയില്‍ പാത്രത്തില്‍ മൂടിവച്ച എന്തോ ഉണ്ടായിരുന്നു. അവര്‍ ആ പാത്രത്തില്‍നിന്നും ആവി പറക്കുന്ന കട്ടന്‍ ചായ സ്റ്റീല്‍ ഗ്ലാസ്സിലേക്ക് പകര്‍ന്ന് തന്നു. കുടിക്ക് തണുപ്പൊക്കെ മാറട്ടെ, എന്ന് പറഞ്ഞ് പൂട്ടിയ കടയുടെ ഷട്ടര്‍ വീണ്ടും തുറന്നു.

ജോലിക്കാരൊക്കെ പോയില്ലേ ഇനി എന്ത് ചെയ്യാന്‍ പറ്റും എന്ന ചോദ്യത്തിന് ചിരിയായിരുന്നു മറുപടി. അവര്‍ പറഞ്ഞത് പ്രകാരം ബൈക്ക് സെന്റര്‍ സ്റ്റാന്റ് ഇട്ട് കയറ്റിവച്ചു. മഴകൊള്ളാതെ കടയിലേക്ക് കയറി ചായ കുടിക്കാന്‍ പറഞ്ഞ്, അവര്‍ടൂള്‍ ബോക്സ് എടുത്ത് പുറത്ത് വന്നു. അപ്പോഴാണ് ആ പഴയ ചിരിയുടെ അര്‍ത്ഥം മനസ്സിലായത്. അവരാണ് ആ കടയിലെ തൊഴിലാളിയും ഉടമസ്ഥനും എല്ലാം.

പരുക്കനായ കൈയില്‍ സ്പാനര്‍ നിന്ന് കറങ്ങി. അതിവേഗം ടയര്‍ ഊരി ട്യൂബ് പുറത്തിട്ടു. അതിനിടക്ക് എന്റെ വീടും നാടും അടക്കം ഒരു ചെറിയ ബയോഡാറ്റ തന്നെ അവര്‍ ചോദിച്ച് മനസിലാക്കിയിരുന്നു. ഒപ്പം അവരുടെ ജീവിതവും പറയാന്‍ തുടങ്ങി.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ ആയിഷ എന്ന് പറയുന്ന നാട്ടുകാരുടെ പഞ്ചര്‍ താത്ത അത്ഭുതങ്ങളുടെ സ്ത്രീ രൂപമാണ്. മങ്കടയ്ക്ക് സമീപമുള്ള വെള്ളില കോഴിക്കോട്ടുപറമ്പില്‍ വഴിയില്‍ കുടുങ്ങി ആരും നില്‍ക്കാതെയായതിന് കടയോളം കാലപ്പഴക്കമുണ്ട്.

puncture thatha

അതിജീവനത്തിന്റെ മലപ്പുറം വേര്‍ഷന്‍

ഇനി പറയാന്‍ പോകുന്നത് അധ്വാനിച്ചു ജീവിക്കുന്ന മലപ്പുറത്തെ മുസ്ലിം സ്ത്രീയുടെ ജീവിതമാണ്. മലപ്പുറത്തെ മുന്‍ ധാരണകളാല്‍ കാണുന്ന കണ്ണട വച്ച് വായിച്ചാല്‍ അത് പൊട്ടിപ്പോകും. അത്രമേല്‍ ആ നാട് ആയിഷ എന്ന ഉറച്ച നിലപാടിനൊപ്പം നിന്നിട്ടുണ്ട്. കൂടപ്പിറപ്പുകളുടെ ജീവിതത്തിന്റെ കാറ്റൊഴിഞ്ഞ് പോകാതിരിക്കാനാണ് ആയിഷ പഞ്ചറൊട്ടിച്ച് തുടങ്ങിയത്. എന്നാല്‍ ജീവിതം ടയര്‍ പോലെ അവര്‍ക്ക് മുന്നില്‍ അനായാസമായി വഴങ്ങിയിരുന്നില്ല.

ഇനിയും തീരാത്ത ജീവിത പ്രാരാബ്ധങ്ങള്‍ ടയറുകള്‍ക്കൊപ്പം അടുക്കി വച്ചിട്ടുണ്ട്. കൂടപ്പിറപ്പുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാനായി ഓടിയപ്പോള്‍ സ്വന്തം ജീവിതം ഗട്ടറില്‍ വീണത് മറന്നു പോയിരുന്നു. എന്നാല്‍ ഇന്നവര്‍ ശക്തയാണ്. കാരണം ജീവിതത്തെ കഠിനാധ്വാനം കൊണ്ട് മെരുക്കി എടുക്കാന്‍ അവര്‍ ശീലിച്ചിരിക്കുന്നു. ആ ശീലങ്ങള്‍ സ്ത്രീ സമൂഹത്തിനാകെ മാതൃകാപരമായ പാഠങ്ങളാണ്. വഴിയില്‍ വീണ് പോയ ജീവിതങ്ങള്‍ക്ക് മുന്നോട്ട് കുതിക്കാന്‍ കരുത്ത് കിട്ടുന്ന മരുന്നാണ് യഥാര്‍ത്ഥത്തില്‍ ആയിഷത്താത്തയുടെ ജീവിതം.

കൊടും പട്ടിണിയും അക്ഷരങ്ങളും

കഞ്ഞിയില്‍ നിന്നും ഒറ്റ വറ്റെങ്കിലും ഏഴ് മക്കളില്‍ ആര്‍ക്കെങ്കിലും കിട്ടുന്നത് ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ്. അത്രമേല്‍ കഷ്ടതകളുടെ പേമാരിയായിരുന്നു ആയിഷയുടെ കുട്ടിക്കാലത്ത്. കൂലിപ്പണിക്കാരനായ ഉപ്പയെ ഒന്നിന് പുറകെ ഒന്നായി അസുഖങ്ങള്‍ വേട്ടയാടുകയും ചെയ്തതോടെ കാര്യങ്ങള്‍ കൈവിട്ട് പോയി. അമ്മയാണ് പിന്നീട് കുടുംബത്തെ അന്നമൂട്ടിയത്.

അടുക്കളക്ക് പിറകില്‍ തകരഷീറ്റ് കൊണ്ടുണ്ടാക്കിയ കോഴിക്കൂട്ടില്‍ ഒരു പൂവന്‍ കോഴിയും ആറു പിടക്കോഴിയും ഉണ്ടായിരുന്നു. ഇതിലെ പൂവനോട് നേരം വെളുത്ത കാര്യം പറയാറ് ആയിഷയുടെ ഉമ്മയാണത്രേ. അത്രമേല്‍ പുലര്‍ച്ചക്ക് എഴുന്നേറ്റ് വീട്ടിലെ പണിയൊക്കെ തീര്‍ത്താണ് നാട്ടുപണിക്ക് അവര്‍ പോയിരുന്നത്. അധ്വാനത്തിന്റെ അസാമാന്യമായ സ്ത്രീ മാതൃക ആദ്യമായി ആയിഷ കണ്ടതും ഉമ്മയിലായിരുന്നു.

ഉപ്പയെപ്പോലെ സ്ഥിരം അസുഖമായിരുന്നു ചെറുപ്പത്തില്‍ ആയിഷക്കും. അതുകൊണ്ടുതന്നെ മിക്ക ദിവസങ്ങളിലും കളിക്കാന്‍പോലും പുറത്ത് പോകാന്‍ പറ്റാതെ വീട്ടില്‍ തളര്‍ന്ന് ഇരിക്കയാവും. തന്നെക്കാള്‍ പ്രായം കുറഞ്ഞവര്‍ വിദ്യാലയത്തില്‍ പോയപ്പോഴും വിട്ടുമാറാത്ത അസുഖങ്ങള്‍ ആയിഷയെ അതിന് അനുവദിച്ചില്ല. അങ്ങിനെ പത്താമത്തെ വയസ്സിലാണ് അക്ഷരങ്ങള്‍ കൂട്ടുകാരാകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മിക്ക ദിവസങ്ങളിലും ക്ലാസ്സില്‍ പോകാന്‍ സാധിച്ചിരുന്നില്ല. കാരണം അഞ്ചു പശുക്കള്‍ക്കും ഏഴു മനുഷ്യര്‍ക്കും വേണ്ട വെള്ളം വീടിന് താഴെയുള്ള പൊതുകിണറില്‍ നിന്ന് കൊണ്ടുവരേണ്ട ജോലി ആയിഷയുടേതാണ്. രണ്ട് തവണയാണ് ചുറ്റുമതില്‍ ഇല്ലാത്ത കിണറിലേക്ക് വെള്ളമെടുക്കുമ്പോള്‍ വീണത്. ഓര്‍മ്മകളില്‍ പോലും ആയാസകരമായ ഒന്നുമില്ല അവര്‍ക്ക്.

നാള്‍ക്കുനാള്‍ ഏറിവന്ന പട്ടിണി വിടാതെ പിടിച്ചപ്പോള്‍ അക്ഷരങ്ങളെ വേദനയോടെ പിണക്കേണ്ടി വന്നു. അത് പിന്നീട് അഞ്ചാം ക്ലസ്സില്‍വച്ച് പഠനം അവസാനിപ്പിക്കുന്നത് വരെ എത്തി. എന്നാല്‍ ആയിഷയുടെ പ്രിയപ്പെട്ട മാധവന്‍ മാഷ് അതിന് സമ്മതിച്ചിരുന്നില്ല. എല്ലാ ചെലവും അദ്ദേഹം ഉള്‍പ്പെടുന്ന അധ്യാപകര്‍ വഹിച്ചു കൊള്ളാം എന്നറിയിച്ചു.

പക്ഷെ മറ്റൊരാള്‍ക്ക് ബാധ്യതയാകാന്‍ ആയിഷ തയ്യാറല്ലായിരുന്നു. അങ്ങിനെ വേലായുധന്‍ മാഷേയും അസീസ് മാഷേയും മാധവന്‍ മാഷേയും സ്നേഹപൂര്‍വ്വം നിരസിക്കേണ്ടി വന്നു. എങ്കിലും അക്ഷരങ്ങള്‍ക്കൊപ്പം നെഞ്ചേറ്റിയ അധ്യാപകരെ ഇന്നും ആയിഷ മറവിക്ക് വിട്ടുകൊടുക്കാതെ ചേര്‍ത്ത് നിര്‍ത്തിയിട്ടുണ്ട്. വേലായുധന്‍ മാഷ് അമ്പലത്തില്‍ പോകുന്ന ദിവസങ്ങളില്‍ ഇന്നും തന്റെ പ്രിയപ്പെട്ട ശിഷ്യയുടെ അരികിലെത്താറുണ്ട്.

മധുരമുള്ള പ്രസാദം കയ്യിലുണ്ടെങ്കില്‍ അതില്‍ നിന്ന് ഒരുപങ്ക് ആയിഷക്ക് കൊടുത്തിട്ടേ വീട്ടില്‍ കൊണ്ട് പോകാറുള്ളു. അതുകൊണ്ട് തന്നെ ഇപ്പോഴും സ്നേഹത്തിന്റെയും പരിഗണനയുടെയും മധുരിക്കുന്ന ഒട്ടേറെ അനുഭവങ്ങളാണ് അവര്‍ക്ക് വിദ്യാലയം. അതാവണം ഇനി ഒരു സാധ്യത കിട്ടിയാല്‍ തീര്‍ച്ചയായും പഠിക്കും എന്നവര്‍ ഉറപ്പിച്ച് പറയുന്നത്.

ജീവിതത്തിന്റെ പഞ്ചറൊട്ടിക്കാന്‍ എളുപ്പമല്ല

പ്രായവും കഠിനാധ്വാനവും ഉമ്മയെ വേഗം തളര്‍ത്തി. വീണ്ടും വിശപ്പ് ഗതി കിട്ടാത്തവനെപ്പോലെ ഇല്ലിക്കല്‍ വീട്ടില്‍ ആകെ അലഞ്ഞു നടന്നു. അങ്ങിനെയാണ് അന്നത്തിനായി മറ്റൊരടുക്കളയില്‍ പണിക്ക് പോകേണ്ടി വന്നത്. എന്നാല്‍ കടുത്ത അവഗണയായിരുന്നു അവിടെ അനുഭവിക്കേണ്ടി വന്നത്. ഒട്ടും താമസിയാതെ അവിടെ നിന്നും സലാം പറഞ്ഞ് ഇറങ്ങി.

എന്ത് ചെയ്യും എന്നോര്‍ത്ത് അസ്വസ്ഥത പെട്ടിരിക്കുമ്പോഴാണ് കവലയില്‍ പുതുതായി തുടങ്ങിയ പെട്രോള്‍ പമ്പിനെ കുറിച്ച് അയല്‍വാസി പറയുന്നത്. അവിടെ പെട്രോളടിക്കുന്നത് മുതല്‍ എല്ലാം ചെയ്യുന്നത് സ്ത്രീകളാണത്രെ. അതുകൂടി കേട്ടപ്പോള്‍ വേഷം പോലും മാറാതെ പമ്പിലേക്ക് വച്ചുപിടിച്ചു. ആ ഉത്സാഹം കണ്ട പമ്പുടമ ജോലിയും കൊടുത്തു. എന്നാല്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ കോട്ടയത്തുകാരനായ ഉടമ എല്ലാ സ്ത്രീകളെയും പിരിച്ചു വിട്ടു.

രോഷവും സങ്കടവും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പെണ്ണുങ്ങളെ ഇനി പണിക്ക് വേണ്ട എന്ന് മാത്രമായിരുന്നു പമ്പുടമയുടെ മറുപടി. ഏറെ കാലം അത് ആയിഷയുടെ മനസ്സിനെ വല്ലാതെ ഉലച്ചു. ആ മറുപടി ഉള്ളില്‍ കിടന്ന് നീറിപ്പുകഞ്ഞു. സ്ത്രീയെ ഇത്ര നിസ്സാരമായി കാണുന്ന മനുഷ്യര്‍ക്ക് ജീവിതം കൊണ്ട് തന്നെ മറുപടി നല്‍കണമെന്ന് അവര്‍ മനസ്സില്‍ ഉറപ്പിച്ചു.

ജീവിതം പിന്നെയും ചോദ്യചിഹ്നമായി മാറി. അപ്പോഴാണ് പെട്രോള്‍ പമ്പില്‍വച്ച് അറിയാവുന്ന ഒരു സുഹൃത്ത് തൊട്ടടുത്ത ഹോട്ടലിലേക്ക് പാചകക്കാരിയായി ക്ഷണിക്കുന്നത്. വിറക് വെട്ടുന്നത് മുതല്‍ പൊറോട്ട ഉണ്ടാക്കുന്നത് വരെ ചെയ്യേണ്ടി വന്നു. എന്നിട്ടും കൂലി ലഭിക്കാത്ത അവസ്ഥയായിരുന്നു. തുടര്‍ന്ന് ഹോട്ടലിലെ മറ്റ് ജീവനക്കാര്‍ ഓരോരുത്തരായി സ്ഥലം വിട്ടു. ഒടുവില്‍ എല്ലാം ചെയ്യേണ്ട അവസ്ഥ വന്നു. പക്ഷേ കാലപ്പഴക്കം കൊണ്ട് നിലം പൊത്താറായ ഹോട്ടലിലേക്ക് ആളുകള്‍ വരാതെയായി. അതോടെ ആ വരുമാനവും നിന്നു.

അങ്ങിനെയാണ് ഹോട്ടലിന്റെ തൊട്ടടുത്തുള്ള ടയര്‍ പഞ്ചര്‍ കടയിലേക്ക് ജോലിക്ക് പോകാന്‍ തീരുമാനിച്ചത്. എന്നാല്‍ അവിടെയും അള്ളുവക്കാന്‍ ഒട്ടേറെ പേര്‍ ഉണ്ടായിരുന്നു. പ്രധാനമായും ഉയര്‍ന്നുവന്ന ചോദ്യം ഒരു സ്ത്രീക്ക് ഇത്തരം ഭാരപ്പെട്ട ജോലി ചെയ്യാന്‍ സാധിക്കുമോ എന്നായിരുന്നു. എന്നാല്‍ ആയിഷയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ടയര്‍ അനായാസമായി വഴങ്ങി.

വളരെ വേഗം പഞ്ചര്‍ അടയ്ക്കാന്‍ പഠിച്ച ആയിഷയോട് കൂടെ ജോലിചെയ്യുന്ന ചെറുപ്പക്കാരന് താത്പര്യമില്ലാതെയായി .അവരെ കടയില്‍ നിന്ന് ഒഴിവാക്കാന്‍ ആവുന്ന പണി എല്ലാം എടുത്തു. അപ്പോഴേക്കും ആയിഷ നാട്ടുകാരുടെയും കടയുടമയുടെയും പ്രിയപ്പെട്ടവളായിരുന്നു. കാരണം അത്ര വേഗതയിലായിരുന്നു ഓരോ ജോലിയും ചെയ്ത് തീര്‍ത്തിരുന്നത്.

പടച്ചവന്‍ കൂടെയുണ്ട്

കുടുംബത്തിലെ കഷ്ടപ്പാടുകളെല്ലാം അപ്പോഴും അധ്വാനത്തിന് മുകളിലായിരുന്നു. ആയിടക്കാണ് പഞ്ചര്‍ കട ഉടമയുടെ ഭാര്യയും തന്റെ കുടുംബ സുഹൃത്തുമായ ഫാത്തിമ വീട്ടില്‍ വരുന്നത്. വീടിന്റെ അവസ്ഥ കണ്ട് മനസ്സിലാക്കിയ അവര്‍ അധികമാര്‍ക്കും എടുക്കാനാവാത്ത തീരുമാനവുമായിട്ടാണ് അവിടെനിന്നും മടങ്ങിയത്. ഭര്‍ത്താവായ കുഞ്ഞി മുഹമ്മദിനെകൊണ്ട് ആയിഷയെ കല്ല്യാണം കഴിപ്പിക്കുക.

ഞെട്ടലോടെയാണ് കുഞ്ഞിമുഹമ്മദ് ഉള്‍പ്പെടയുള്ള ആളുകള്‍ അതിനോട് പ്രതികരിച്ചത്. ഒടുവില്‍ അദ്ദേഹത്തിന് സമ്മതിക്കേണ്ടി വന്നു. അങ്ങിനെ കുടുംബത്തിലെ ഏതാനും അംഗങ്ങളെയും കുഞ്ഞിമുഹമ്മദിന്റെ കൂടെവന്ന നാല് സുഹൃത്തുക്കളെയും സാക്ഷിയാക്കി ആയിഷ നാല്‍പ്പത്തിമൂന്നാം വയസ്സില്‍ മണവാട്ടിയായി.

പക്ഷെ അവിടെയും ജീവിതം പ്രതിസന്ധികളുടെ വാതിലാണ് ആയിഷയ്ക്ക് മുന്നില്‍ തുറന്ന് കൊടുത്തത്. കാരണം വിവാഹത്തിന് കാരണക്കാരിയായ അദ്ദേഹത്തിന്റെ മുന്‍ ഭാര്യ അവസാന നിമിഷം മനസ്സ് മാറി. തുടര്‍ന്ന് വീട്ടില്‍ പോകാന്‍ സാധിക്കാത്ത അവസ്ഥയായി. അങ്ങിനെ മണവാട്ടിയായ ആയിഷയെയും കൂട്ടി കുഞ്ഞുമുഹമ്മദിന് ടയര്‍ കടയിലേക്ക് പോകേണ്ടി വന്നു.

ടയറുകള്‍ക്കിടയില്‍ അങ്ങിനെ മണിയറ ഒരുങ്ങി. ഒരാഴ്ച്ചയോളം അവിടെ താമസിക്കേണ്ടി വന്നു. ഒടുവില്‍ സമീപത്തായി ഒരു വാടക വീട് കിട്ടി. എന്നാല്‍ മഴ പെയ്യുമ്പോള്‍ അതിനേക്കാള്‍ ശക്തിയില്‍ ആ വീടാകെ നിന്ന് പെയ്യുമായിരുന്നു. ഇപ്പോള്‍ മറ്റൊരു വാടക വീടെടുത്ത് താമസിക്കുകയാണ്. ഒരുപാട് പേരുടെ സ്വപ്നങ്ങള്‍ക്കായി ജീവിച്ച ആയിഷയ്ക്ക് സ്വന്തമായി തലചായ്ക്കാനൊരു വീടുവേണം എന്നതാണ് ആകെയുള്ള സ്വപ്നം.

പടച്ചവന്റെ അനുഗ്രഹം കൊണ്ടാണ് ഇത്രമേല്‍ പ്രയാസകരമായ ജോലി അനായാസം ചെയ്യാന്‍ സാധിക്കുന്നതെന്നാണ് അവരുടെ വിശ്വാസം. ആരുമില്ലെങ്കിലും പടച്ചവന്‍ ഒരു വഴി കാണിക്കും എന്നു തന്നെയാണ് അവരുടെ പ്രതീക്ഷയും.

ജീവിതം പറയുന്നതിനിടക്ക് പഞ്ചറൊട്ടിച്ച് ടയര്‍ ഫിറ്റ് ചെയ്ത് കഴിഞ്ഞു. കൈയിലെ ചായ അസാമാന്യ ജീവിത അനുഭവങ്ങള്‍ കേള്‍ക്കുന്നതിനിടക്ക് കുടിക്കാന്‍ മറന്നു പോയിരുന്നു. അത് ചൂട് പോയി തണുത്തിരിക്കുന്നു. എന്നാല്‍ ആ തണുപ്പുള്ള രാത്രിയിലും അധ്വാനത്തിന്റെ വിയര്‍പ്പ് അവരുടെ മുഖമാകെ പടര്‍ന്നിരുന്നു.

ജീവിതത്തില്‍ എപ്പോഴെങ്കിലും പ്രതീക്ഷ ചോര്‍ന്നു പോകുന്നു എന്ന് തോന്നിയാല്‍ ആയിഷത്താത്തയുടെ ആ പഞ്ചര്‍കടക്കരികില്‍ പോയി നിന്നാല്‍ മതിയാകും.